”സുകുമാരൻ സാറിന് എന്റെ ഭാഗത്ത് നിന്ന് പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടാ, എന്നോടു ക്ഷമിക്കണം”: മാപ്പ് പറഞ്ഞ് അൽഫോൻ പുത്രൻ| Indrajith | Alphones Putren| Gold


ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നടനും സംവിധായകനുമായ അൽഫോൻസ് പുത്രന്റെ ​ഗോൾഡ് റിലീസ് ആയത്. പൃത്ഥിരാജും തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും പ്രധാനവേഷത്തിലെത്തിയ സിനിമ തിയേറ്ററുകളിൽ വലിയ വിജയം കണ്ടില്ല. സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് അൽഫോൻസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് വരെ വലിയ വരവേൽപ്പായിരുന്നു ലഭിച്ചത്.

പക്ഷേ, ​ഗോൾഡ് തിയേറ്ററുകളിലെത്തിയതിന് പിന്നാലെ സംവിധായകനെതിരെ സോഷ്യൽമീഡിയയിൽ ഒന്നടങ്കം ട്രോളുകൾ കൊണ്ട് നിറഞ്ഞ അവസ്ഥയായിരുന്നു. ഇതേതുടർന്ന് താൻ ഇനി സാമൂഹ്യമാധ്യമത്തിലേക്ക് ഇല്ലെന്ന് താരം വ്യക്തമാക്കുകയും ചെയ്തു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം അൽഫോൻസ് വീണ്ടുമൊരു ഇൻസ്റ്റ​ഗ്രാം പോസ്റ്റുമായി രം​ഗത്തെത്തിയിരിക്കുകയാണ്.

ഗോൾഡ് എന്ന സിനിമയിലെ ആദ്യത്തെ രംഗമാണ് പങ്കുവച്ചിരിക്കുന്നത്. മല്ലിക സുകുമാരൻ, പൃഥ്വിരാജ് എന്നിവർ അമ്മയും മകനുമായി അഭിനയിച്ച രംഗമാണ് അൽഫോൻസ് പുത്രൻ പങ്കുവച്ചത്. പൃഥ്വിയുടെ അച്ഛൻ സുകുമാരന്റെ ചിത്രം സിനിമയിൽ ഉപയോഗിച്ചിരുന്നു. മൂവരെയും കാസ്റ്റ് ചെയ്തപ്പോൾ ഇന്ദ്രജിത്തിനെ മറന്നുപോയെന്നും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതിന് ക്ഷമ ചോദിക്കുന്നുവെന്നും അൽഫോൻസ് പുത്രൻ പറയുന്നു. ഇന്ദ്രനൊപ്പം ഇനി എപ്പോഴെങ്കിലും കൂടെ വർക്ക് ചെയ്യണം എന്നുണ്ടെന്നും അൽഫോൻസ് പറഞ്ഞു.

‘‘നിഗൂഢത വെളിപ്പെടുന്നു. ഗോൾഡിലെ ആദ്യത്തെ രംഗമാണിത്. ജോഷിയെയും അമ്മയെയും പോലെ എന്റെ സിനിമയിൽ ജീവിച്ചതിന് നിങ്ങൾ രണ്ടുപേർക്കും നന്ദി. സുകുമാരൻ സാറിന് എന്റെ ഭാഗത്ത് നിന്ന് പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടാ എന്നോടു ക്ഷമിക്കണം. ഞാൻ സുകുമാരൻ സാറിനെയും മല്ലിക മാഡത്തെയും രാജുവിനേം അഭിനയിപ്പിച്ചപ്പോൾ ചേട്ടനെ മറന്നു പോയി. ആരും ഓർമിപ്പിച്ചില്ല. പക്ഷേ സിനിമയൊക്കെ ചെയ്തു കഴിയാറായപ്പോൾ എനിക്കെന്തോ മിസ് ചെയ്തതായി തോന്നി, ആ മിസ്സിങ് ചേട്ടൻ തന്നെ ആയിരുന്നു. ഇനി എപ്പോഴെങ്കിലും കൂടെ വർക്ക് ചെയ്യണം എന്നുണ്ട് ഇന്ദ്രജിത്ത് ചേട്ടാ. ഗോൾഡിന്റെ ബിജിഎമ്മുകളും ജിംഗിൾസും ഗാനങ്ങളും ഓരോന്നായി പുറത്തിറക്കാൻ പോവുകയാണ്. ഒരുറപ്പ് തരാം ഒന്നും ഓർഡറിൽ ആയിരിക്കില്ല’’.–അൽഫോൻസ് പുത്രൻ പറയുന്നു.

പൃഥ്വിരാജ്, നയൻതാര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. ബാബുരാജ്, ലാലു അലക്‌സ്, ചെമ്പൻ വിനോദ്, ശബരീഷ് വർമ തുടങ്ങി താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമിച്ചത്.