‘ഇനി മുതല്‍ ജീവപര്യന്തം ശിക്ഷ വേണ്ട, പകരം ഈ സിനിമ കാണിച്ചാല്‍ മതി, ഇതിനെ നാടകമെന്ന് വിളിച്ചാല്‍ നാടകക്കാര്‍ നമ്മളെ തല്ലും’; രാമസിംഹന്‍ അബൂബക്കറിന്റെ ‘പുഴ മുതല്‍ പുഴ വരെ’ സിനിമ ആദ്യ ദിവസം തന്നെ എയറില്‍!
ജൂനിയര്‍ മാന്‍ഡ്രേക് ഉള്‍പ്പെടെയുള്ള ചില പഴയകാല ജനപ്രിയ മലയാള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് അലി അക്ബര്‍. താന്‍ പിന്തുടരുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായി അടുത്തിടെയാണ് അദ്ദേഹം ഇസ്ലാമില്‍ നിന്ന് മതം മാറി ഹിന്ദുവാവുകയും രാമസിംഹന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തത്. ആദിവാസികളെ അപമാനിക്കുന്ന തരത്തില്‍ ചിത്രീകരിച്ച ബാംബൂ ബോയ്‌സ് മുതലിങ്ങോട്ട് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
രാമസിംഹന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 1921: പുഴ മുതല്‍ പുഴ വരെ. മലബാര്‍ കലാപത്തിന്റെ ‘യഥാര്‍ത്ഥ ചരിത്രം’ എന്ന് അവകാശപ്പെട്ടുകൊണ്ട് സ്വാതന്ത്ര്യസമര സേനാനി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനായി ചിത്രീകരിക്കുന്ന സിനിമയാണ് ഇത്. നേരത്തേ ആഷിഖ് അബു വാരിയംകുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അതിന് മറുപടിയെന്നോണം ബി.ജെ.പി-സംഘപരിവാര്‍ രാഷ്ട്രീയം പിന്തുടരുന്ന അലി അക്ബര്‍ പുഴ മുതല്‍ പുഴ വരെ പ്രഖ്യാപിച്ചത്.
മമധര്‍മ്മ എന്ന രാമസിംഹന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത് എങ്കിലും സംഘപരിവാര്‍ അനുഭാവികളില്‍ നിന്ന് പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയ്ക്കായി പണം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് രാമസിംഹന്‍ സോഷ്യല്‍മീഡിയയില്‍ ഇട്ടിരുന്നത്. ഓരോ പോസ്റ്റുകള്‍ വരുമ്പോഴും വ്യത്യസ്തമാര്‍ന്നതും പൊട്ടിച്ചിരിപ്പിക്കുന്നതുമായ ട്രോളുകളാണ് പോസ്റ്റിനെക്കാള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
രാമസിംഹന്‍ സംഘപരിവാറുകാരെ വിഡ്ഢികളാക്കി പണം തട്ടുകയാണെന്നും സിനിമ പുറത്ത് വരില്ലെന്നുമെല്ലാമുള്ള ആരോപണങ്ങള്‍ വരെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് കൊണ്ടാണ് രാമസിംഹന്‍ അബൂബക്കറിന്റെ 1921: പുഴ മുതല്‍ പുഴ വരെ ഇപ്പോള്‍ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ‘എ’ സര്‍ട്ടിഫിക്കറ്റ് ഉള്ള ചിത്രം കേരളത്തിലെ 81 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തമിഴ് നടന്‍ തലൈവാസല്‍ വിജയാണ് എത്തുന്നത്. ജോയ് മാത്യു, ആര്‍.എല്‍.വി.രാമകൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. 1921 ലെ മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സമൂഹബലിയാണ് ചിത്രമെന്നാണ് റിലീസിനോട് അനുബന്ധിച്ച് രാമസിംഹന്‍ പറഞ്ഞത്. തന്റെ സിനിമയെ തകര്‍ക്കാനായി പോസ്റ്ററുകള്‍ കീറുന്നു എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.
ഇപ്പോള്‍ ഏത് സിനിമ തിയേറ്ററുകളിലെത്തുമ്പോഴും പ്രേക്ഷകരുടെ പ്രതികരണം ജനങ്ങളെ അറിയിക്കാനായി യൂട്യൂബ് ചാനലുകളുടെ പ്രതിനിധികള്‍ തിയേറ്ററിന് പുറത്ത് കാത്തുനില്‍ക്കാറുണ്ട്. രാമസിംഹന്റെ പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തോടുള്ള പ്രേക്ഷക പ്രതികരണവും യൂട്യൂബ് ചാനലുകളില്‍ ഇതിനകം വന്നുകഴിഞ്ഞു. റിലീസ് ചെയ്ത് ആദ്യദിനം തന്നെ സിനിമ എയറിലായി എന്നാണ് വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ചരിത്രപരമായും കഥാപരമായും സാങ്കേതികപരമായുമെല്ലാം വളരെ മോശം ചിത്രമാണ് പുഴ മുതല്‍ പുഴ വരെ എന്നാണ് പൊതുവേ ഉയര്‍ന്നുവന്ന അഭിപ്രായം. ചരിത്രം വളച്ചൊടിക്കുന്ന സിനിമയാണെങ്കിലും ഒരുതരത്തിലും എന്‍ഗേജ് ചെയ്യിക്കുന്ന തരത്തില്ല സിനിമയുടെ മേക്കിങ് എന്നാണ് ഒരു പ്രേക്ഷകന്‍ പറഞ്ഞത്. തെറ്റായ ചരിത്രം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സിനിമ കഴിയുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് പോലും മനസിലാവില്ല എന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് പേരാണ് ടിക്കറ്റെടുത്തതെങ്കിലും തിയേറ്ററില്‍ അഞ്ച് പേര്‍ മാത്രമാണ് കയറിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ജീവിതത്തില്‍ വെറുത്ത് പോയ മൂന്ന് മണിക്കൂര്‍ സമയം. ഇത് പോലെ ഒരനുഭവം മുമ്പുണ്ടായിട്ടില്ല. ഇനി മുതല്‍ നമുക്ക് ജീവപര്യന്തം ശിക്ഷ വേണ്ട; അതിന് പകരം കുറ്റവാളികളെ ഈ സിനിമ ഇട്ട് കാണിച്ചാല്‍ മതി. ഒരു സിനിമ കാണുമ്പൊ നമുക്ക് അത് സിനിമയായി തോന്നണം. ഇതിനെ നാടകമെന്ന് വിളിച്ചാല്‍ നാടകക്കാര്‍ നമ്മളെ വന്ന് തല്ലും. അത്ര മോശമാണ്. പഴയ നോക്കിയ N 75 ഫോണ്‍ പുള്ളി എവിടുന്നോ തപ്പിയെടുത്ത് അതിന്റെ സ്‌ക്രാച്ചായ ക്യാമറയിലാണ് പുള്ളി ഇത് ഷൂട്ട് ചെയ്തതെന്ന് തോന്നുന്നു. ഇത് കളിയാക്കാനോ വൈറലാവാനോ പറയുന്നതല്ല. ഇത് കേട്ട് തെറിവിളിക്കുന്നവര്‍ നേരെ പോയി ഈ സിനിമ ഒന്ന് കാണണം.’ -മറ്റൊരു പ്രേക്ഷകന്‍ പറഞ്ഞു.
നല്ല സിനിമയാണെങ്കിലും അതില്‍ ഒരു പശുവിനെ വെട്ടിക്കൊല്ലുന്ന സീന്‍ ഉണ്ടെന്ന പരിഭവമാണ് സംഘപരിവാര്‍ അനുകൂലിയായ ഒരു പ്രേക്ഷകന്‍ പറഞ്ഞത്.
Content Highlights / English Summary: 1921: Puzha Muthal Puzha Vare movie directed by Ramasimhan a.k.a Ali Akbar released and gets big negative reviews on first day.