”പതിമൂന്നാമത്തെ തവണയാണോ ബലാത്സം​ഗമാണെന്ന് മനസിലാവുന്നത്? കന്യാസ്ത്രീയാണെങ്കിലും സിനിമാ നടിയാണെങ്കിലും ബുദ്ധിവേണം”; വിവാദപരാമർശവുമായി അലൻസിയർ| Alencier Ley Lopez| Abusive Comment


ലൈം​ഗി​കാതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന സ്ത്രീകൾക്കെതിരെ മോശം പരാമർശവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ അലൻസിയർ. ആദ്യ തവണ പിഡീപ്പിക്കപ്പെടുമ്പോൾ പ്രതികരിക്കാതെ പതിമൂന്നാമത്തെ തവണ പീഡിപ്പിക്കപ്പെടുമ്പോഴാണോ പ്രതികരിക്കുന്നതെന്നാണ് അലൻസിയർ ചോദിക്കുന്നത്. കന്യാസ്ത്രീയായാലും സിനിമാ നടിയായാലും ബുദ്ധിയും വിവേകവും വേണമെന്നും നടൻ പറഞ്ഞു.

തനിക്കെതിരെയുള്ള ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കുമ്പോൾ തന്നെയാണ് അലൻസിയർ ഇത്തരമൊരു പ്രസ്താവനയുമായി രം​ഗത്തെത്തിയിരിക്കുന്നത്. എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയറുടെ വിവാദപരമായ അഭിപ്രായ പ്രകടനം.

ലൈം​ഗികാതിക്രമങ്ങളെ സാധാരണവൽക്കരിക്കുന്ന രീതിയിലാണ് അലൻസിയറുടെ സംസാരം മുഴുവനും. ലോകത്ത് എല്ലായിടത്തുമില്ലേ ഇത്. സിനിമയിൽ മാത്രമാണോ? നമ്മൾ എത്ര ബിഷപ്പുമാരുടെ കഥ കേട്ടിട്ടുണ്ട്. എത്ര കന്യാസ്ത്രീമാരുടെ കഥ കേട്ടിട്ടുണ്ട്. സിനിമാക്കാർ മാത്രമാണ് പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് പറയേണ്ടതുണ്ടോ? എന്നാണ് അലൻസിയർ ചോദിക്കുന്നത്.

”ബുദ്ധിയും വിവേകവും വേണം. അത് കന്യാസ്ത്രീയായാലും സിനിമാ നടിയായാലും. എങ്ങനെയാണ് ഒരാൾക്ക് പന്ത്രണ്ട് പ്രാവശ്യം ബലാത്സംഗം ചെയ്യാൻ പറ്റുക. ഒരു പ്രാവശ്യം ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് മനസിലാകില്ലേ ഇത് ബലാത്സംഗമാണെന്ന്? ”പന്ത്രണ്ട് തവണ ബലാത്സംഗം ചെയ്യുന്നിടത്ത് നിങ്ങളുടെ ബുദ്ധിയെവിടെപ്പോയി? വിവേകം എവിടെപ്പോയി? പതിമൂന്നാമത്തെ തവണയാണോ നിങ്ങളിത് വിളിച്ചു പറയേണ്ടത്? അതൊക്കെ കാപട്യമാണ്” അലൻസിയർ പറയുന്നു.

ഇതിനിടെ സമൂഹമാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുന്നു എന്നും അലൻസിയർക്ക് അഭിപ്രായമുണ്ട്. താൻ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് വ്യാഖ്യാനിക്കപ്പെടുന്നത് എന്നാണ് അലൻസിയർ പറയുന്നത്. ക്രിസ്മസിന് സുഹൃത്തുക്കളെ ആശംസിച്ചു കൊണ്ടുള്ള അലൻസിയറുടെ സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായിട്ടുണ്ടായിരുന്നു. താൻ ഉണ്ണിയേശുവാണെന്ന് അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

എന്നാൽ അതിന് താഴെ വന്ന കമന്റുകൾ വളരെ മോശമായിരുന്നു എന്നാണ് അലൻസിയർ പറയുന്നത്. ”ക്രിസ്ത്യാനികൾ എന്ന് പറയുന്ന ഈശോയിൽ വിശ്വസിക്കുന്ന സഭയിൽ വിശ്വസിക്കുന്ന സത്യ ക്രിസ്ത്യാനികൾ എന്നെ വിളിച്ച തെറികൾ കാണണം. ഞാൻ പറഞ്ഞതിലെ തെറ്റെന്താണ്? ക്രിസ്തു പറഞ്ഞിട്ടുണ്ട് നിങ്ങളിലൂടെ ഞാൻ ജീവിക്കും, നിങ്ങളിൽ ഞാനുണ്ട്, എന്റെ തല പോയാലും നിങ്ങളുടെ ഉടലിൽ ഞാനുണ്ട് എന്ന്. അതേ ഞാനും പറഞ്ഞുള്ളൂ”- അലൻസിയർ വ്യക്തമാക്കി.

”ഞാൻ യേശു ക്രിസ്തുവാണെന്നല്ല ഞാൻ പറഞ്ഞത്. എന്നിലൂടെ ക്രിസ്തു ജീവിക്കുന്നുവെന്നാണ്. അവിടെ വന്ന തെറിവിളികൾ കേൾക്കണം. ഇവർ ബൈബിൾ എടുത്ത് വായിക്കണം. ക്രിസ്തുവിനോട് ചോദിക്കുന്നുണ്ട് ഒരാൾ തെറ്റ് ചെയ്താൽ എത്ര തവണയാണ് ക്ഷമിക്കേണ്ടതെന്ന്. എഴ് എഴുപത് തവണയെന്നാണ് യേശു ശിഷ്യരോട് പറഞ്ഞത്. ഒരു തെറ്റും ചെയ്യാത്ത എന്നെ ഒറ്റ തവണ കൊണ്ട് തെറിവിളിച്ചു കളഞ്ഞു. ഇവരൊക്കെയാണ് സത്യക്രിസ്ത്യാനികൾ”- അലൻസിയർ കൂട്ടിച്ചേർത്തു.

എപ്പോഴും വളരെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെയാണ് അലൻസിയർ അവതരിപ്പിക്കാറുള്ളത്. ഒരു നടനെന്ന നിലയിൽ മികച്ച അഭിപ്രായങ്ങളും നേടാറുണ്ട്. പക്ഷേ, അലൻസിയറുടെ വ്യക്തിജീവിതം വളരെയേറെ വിവാദങ്ങൾ നിറഞ്ഞതാണ്.

മജു സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ അപ്പൻ ആയിരുന്നു അലൻസിയറുടെ ഒടുവിൽ റിലീസായ സിനിമ. നാലാം മുറയാണ് റിലീസ് കാത്തുനിൽക്കുന്ന ചിത്രം. ഉള്ളൊഴുക്കാണ് ഇപ്പോൾ അണിയറയിലുള്ള സിനിമ. അതേസമയം അലൻസിയർ കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന സിനിമയായ ചതുരം ഒടിടിയിലെത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. സ്വാസിക, റോഷൻ മാത്യു എന്നിവരാണ് ചതുരത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.