”മമ്മൂട്ടി തന്റെ ശരീരത്തെ ഒരു നടനെന്ന രീതിയിൽ സൂക്ഷിക്കുന്നു, എനിക്കും അങ്ങനെ ചെയ്യാനറിയാം, പക്ഷേ രണ്ട് സിനിമകളിൽ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ചു”; മനസ് തുറന്ന് അലൻസിയർ| Alencier Ley Lopez| Mammootty
തനിക്ക് മമ്മൂട്ടിയേക്കാൾ പ്രായം കുറവാണെന്ന് നടൻ അലൻസിയർ. പക്ഷേ അദ്ദേഹത്തിന്റെ അച്ഛനായി രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു. മമ്മൂട്ടി തന്റെ തന്റെ ശരീരം ഒരു നടനെന്ന നിലയിൽ സൂക്ഷിക്കുന്നുണ്ടെന്നും തനിക്കും അങ്ങനെ ചെയ്യാനറിയാം, എന്നാലിപ്പോൾ അതൊന്നും ശ്രദ്ധിക്കുന്നില്ലായെന്നുമാണ് അലൻസിയർ പറയുന്നത്.
അതേസമയം, പ്രായമായ മനുഷ്യനായിട്ട് അഭിനയിക്കണമെങ്കിൽ ഇപ്പോഴുള്ള പോലത്തെ ശരീരമാണ് ആവശ്യമെന്നും അലൻസിയർ പറഞ്ഞു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. ഒരു ആക്ടറിന്റെ മീഡിയം എന്ന് പറയുന്നത് അയാളുടെ ശരീരമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂക്ക. മമ്മൂക്കയേക്കാൾ എത്രയോ ചെറുപ്പമാണ് ഞാൻ.
”പക്ഷേ അദ്ദേഹത്തിന്റെ അച്ഛനായിട്ട് രണ്ട് സിനിമകളിൽ അഭിനയിച്ചു. എന്റെ ബോഡി ഞാൻ മെയ്ന്റൈൻ ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ അഭിനയിക്കേണ്ടി വന്നത്. പക്ഷേ അത്രയും പ്രായമുള്ള മനുഷ്യനായിട്ട് അഭിനയിക്കണമെങ്കിൽ എനിക്ക് ബോഡി വേണം, അങ്ങനെയുമുണ്ട്.
ഒന്ന് സ്വന്തം ശരീരത്തെ ഒരു നടനെന്ന നിലയിൽ സൂക്ഷിക്കുകയും മറ്റേത് അവനവന്റെ ജീവിതം പോലെ ആയിക്കോട്ടെ എന്ന കരുതി വെറുതെയിരിക്കലുമാണ്. എനിക്ക് വേണമെങ്കിൽ എന്റെ ശരീരം സൂക്ഷിക്കാം. പണ്ട് നാടകം കളിക്കുമ്പോൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ അങ്ങനെ ചെയ്യുന്നില്ല. എന്റെ അലസത കൊണ്ടും അസംബന്ധ ജീവിതം കൊണ്ടുമൊക്കെയാവാം ശരീരത്തെ വെറുതെ വിടുന്നത്. പ്രായത്തെ മറികടന്ന് പോകുന്നവനാണ് കടല് കടന്ന് പോകുന്ന സഞ്ചാരി”- അലൻസിയർ പറയുന്നു.
മഹേഷിന്റെ പ്രതികാരം കണ്ടിട്ടായിരുന്നു മമ്മൂട്ടി അലൻസിയറെ കസബ എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. 1998ൽ ദയ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും മഹേഷിന്റെ പ്രതികാരം, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ സിനിമകളിലൂടെയാണ് അലൻസിയർ പ്രേക്ഷകശ്രദ്ധ നേടുന്നത്.
വേറിട്ട പ്രതിഷേധ രീതികളുമായി സമൂഹത്തിലെ പല പ്രശ്നങ്ങളിലും ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു അലൻസിയർ. പൊമ്പിളൈ ഒരുമൈ സമരത്തെ മന്ത്രി എം.എം. മണി അധിക്ഷേപിച്ചതിനെതിരെ സാരിയുടുത്ത് ഒറ്റയാൾ നാടകം കളിച്ച് പ്രതിഷേധിച്ചത് വാർത്തയായിട്ടുണ്ടായിരുന്നു. ദേശീയ മാനകങ്ങളെ അംഗീകരിക്കാനാവില്ലെങ്കിൽ സംവിധായകൻ കമൽ രാജ്യം വിട്ടു പോകുന്നതാണ് നല്ലതെന്ന് പറഞ്ഞ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയും അലൻസിയർ പ്രതിഷേധിച്ചിരുന്നു.