”എന്റെ ക്ഷേത്രത്തിലേക്ക് അവള് വരരുത്, ഇവള് വരരുത് എന്ന് ഒരു ദൈവവും പറയില്ല, ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ ദൈവങ്ങള്‍ വിലക്കിയിട്ടില്ല” ശബരിമല യുവതീ പ്രവേശന വിഷയത്തിലടക്കം നിലപാട് വ്യക്തമാക്കി നടി ഐശ്വര്യ രാജേഷ് | Aishwarya Rajesh | The Great Indian Kitchen


വ്യത്യസ്തവും അഭിനയ സാധ്യതകളുള്ളതുമായ ഒരുപിടി വേഷങ്ങള്‍ കൊണ്ട് തമിഴ് സിനിമയില്‍ തന്റേതായ ഇടംനേടിയെടുത്ത താരമാണ് ഐശ്വര്യ രാജേഷ്. ചുരുക്കം ചില സിനിമകളിലൂടെ മലയാളത്തിനും സുപരിചിതയാണ് ഐശ്വര്യ.

സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ചും ജീവിതത്തില്‍ വെല്ലുവിളികളെ അതിജീവിച്ചതിനെക്കുറിച്ചും ഐശ്വര്യ നടത്തിയ തുറന്നുപറച്ചില്‍ ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവുമെല്ലാം ഐശ്വര്യയെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തില്‍ വിമര്‍ശക പ്രശംസ നേടിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്കില്‍ നായികയായി ഐശ്വര്യയാണ് എത്തിയത്. ഈ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെ ഐശ്വര്യ ദൈവ വിശ്വാസത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും പറഞ്ഞ വാക്കുകള്‍ വലിയ ശ്രദ്ധനേടിയിരിക്കുകയാണ്.

”എന്റെ ക്ഷേത്രത്തിലേക്ക് അവള് വരരുത്, ഇവള് വരരുത് എന്ന് ഒരു ദൈവവും പറയില്ല. ഇന്ന് നമ്മള്‍ സൃഷ്ടിച്ച ചില ആചാരങ്ങളാണ്” എന്നായിരുന്നു ഐശ്വര്യയുടെ വാക്കുകള്‍.

ശബരിമലയില്‍ യുവതികളെ അനുവദിക്കണമെന്നാണോ താങ്കള്‍ അഭിപ്രായപ്പെടുന്നത് എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ” ശബരിമലയെന്ന് പ്രത്യേകം എടുത്തു പറയുകയല്ല. ഞാന്‍ പറയുന്നത് ഒരു ക്ഷേത്രത്തിലും അത് പാടില്ല, ഇത് പാടില്ലയെന്ന് ഒരു ദൈവവും വന്ന് പറഞ്ഞിട്ടില്ല. ഇത് തിന്നരുത്, അത് തിന്നരുത് എന്നിങ്ങനെയുള്ള വിഷങ്ങളൊന്നും ദൈവങ്ങള്‍ പറഞ്ഞതല്ല. ഇതെല്ലാം നമ്മള്‍ ഉണ്ടാക്കിയ കാര്യങ്ങളാണ്. ഇതുമായി ദൈവത്തിന് യാതൊരു ബന്ധവുമില്ല.” എന്ന് അവര്‍ വ്യക്തമാക്കി.

ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല. അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ്. ദൈവത്തിന്റെ കണ്ണില്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. ഒരു ക്ഷേത്രത്തിലും സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ദൈവത്തിന് എതിര്‍പ്പുണ്ടാകില്ലെന്നും ഐശ്വര്യ പറഞ്ഞു.

സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ തീരാനുള്ളതല്ല. അവരുടെ കഴിവുകള്‍ പുറംലോകം അറിയണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മലയാളത്തില്‍ ഇറങ്ങിയ ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ അതേ പേരിലുള്ള റീമേക്കാണ് ഐശ്വര്യയുടെ പുതിയ ചിത്രം. നിമിഷ സജയന്‍ അവതരിപ്പിച്ച പ്രധാന റോളാണ് ഐശ്വര്യ തമിഴില്‍ അവതരിപ്പിക്കുന്നത്. ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തും. ആര്‍ഡിസി മീഡിയ നിര്‍മ്മിച്ച ചിത്രത്തില്‍ രാഹുല്‍ രവീന്ദ്രനാണ് സുരാജ് വെഞ്ഞാറന്‍മൂട് അഭിനയിച്ച വേഷത്തില്‍ എത്തുന്നത്.