”ആളുകള്‍ എന്നെക്കുറിച്ച് അങ്ങനെ വിചാരിക്കുന്നതിന് ഞാന്‍ എന്ത് ചെയ്യാനാണ്?” ഷൈന്‍ ടോം ചാക്കോയ്ക്കുണ്ടായ തെറ്റിദ്ധാരണ തിരുത്തപ്പെട്ടതിനെക്കുറിച്ച് അഹാന | Shine Tom Chacko | Ahaana Krishna


ലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. വളരെ കുറച്ചു സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഒരു സിനിമ കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷത്തിനുശേഷമേ പുതിയ അവസരങ്ങള്‍ തന്നെ തേടിയെത്തിയിട്ടുള്ളൂവെന്നാണ് അഹാന പറയുന്നത്. സിനിമയ്ക്ക് പുറമേ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകള്‍ക്ക് അവഹേളിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കാനും താരം സമയം കണ്ടെത്താറുണ്ട്. ഇതെല്ലാം തന്നെ പൊതുവില്‍ താരത്തിന് ആളുകള്‍ക്ക് ഇടയില്‍ വളരെ മോഡേണായ ജീവിതം നയിക്കുന്ന ഒരു ബഹളക്കാരി ഇമേജ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തന്നെ അടുത്ത് പരിചയപ്പെടുന്നവരെല്ലാം തന്നെ ഈ ധാരണ തെറ്റായിരുന്നെന്നും താന്‍ ഇത്ര പാവമായിരുന്നോ എന്നൊക്കെ ചോദിക്കാറുണ്ടെന്നാണ് അഹാന പറയുന്നത്.

അഹാനയും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടിയെന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്.

” അടിയിലെ എന്റെ കഥാപാത്രം ഭയങ്കര നാടന്‍ കുട്ടിയാണ്. അഹാന അത് എങ്ങനെ ചെയ്യുമെന്ന കാര്യത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും സംശയമുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്കൊരു ഡൗട്ടുണ്ടായിരുന്നു, ഞാനത് എങ്ങനെ കണ്‍വിന്‍സിങ്‌ലി ചെയ്യുമെന്ന്. പക്ഷേ വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. കാരണം, പുറമേ നിന്ന് നോക്കുമ്പോള്‍ ആളുകള്‍ക്ക് ഭയങ്കര ആഷ്ബുഷ് സെറ്റപ്പാണെന്നൊക്കെ തോന്നുമെങ്കിലും ഉള്ളിന്റെയുള്ളില്‍ വെറും പാവമാണ്, കട്ട ലോക്കലാണ് എന്ന് എനിക്കല്ലേ അറിയൂ. ”

ചിത്രത്തിലെ നായകനായ ഷൈന്‍ ടോം ചാക്കോയ്ക്ക് അടക്കം ഇത്തരമൊരു മുന്‍ധാരണയുണ്ടായിരുന്നെന്നും ഇതിനെക്കുറിച്ച് തങ്ങള്‍ സംസാരിച്ചിരുന്നെന്നും അഹാന ഓര്‍ക്കുന്നു. ” ഞങ്ങള്‍ ആദ്യമൊന്നും പരസ്പരം അധികം സംസാരിച്ചിരുന്നില്ല. സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദിവസം അദ്ദേഹം വന്നു പറഞ്ഞു, താന്‍ ഇങ്ങനെയൊരു ആളാണെന്ന് അല്ല ഞാന്‍ വിചാരിച്ചത് എന്ന്. എന്താ വിചാരിച്ചത് എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നേരെ ഇറങ്ങിവന്ന് സെറ്റിലെത്തി, വൈഫൈ എവിടെ വൈഫൈ എവിടെയെന്ന് ചോദിക്കുന്നയാളാണെന്നാണോ വിചാരിച്ചത് എന്നും ഞാന്‍ ചോദിച്ചു.”

അതെയെന്നായിരുന്നു ഷൈനിന്റെ മറുപടി. ആളുകള്‍ തന്നെക്കുറിച്ച് വളരെ മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്നും അഹാന പറഞ്ഞു. ” ആളുകള്‍ എന്നെക്കുറിച്ച് അങ്ങനെ വിചാരിക്കുന്നതില്‍ ഞാന്‍ എന്ത് ചെയ്യാനാണ്. എനിക്കെന്നും എല്ലാവരുടെയും മുന്നില്‍ പോയി ഞാനൊരു പാവമാണ്, ഞാനൊരു പാവമാണ് എന്ന് പറയാന്‍ കഴിയില്ലല്ലോ.” നടി പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച് പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടി. ചിത്രത്തില്‍ ഗീതികയെന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. ഏപ്രില്‍ 14ന് വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.