”വളരെ അച്ചടക്കമുള്ള നടനായിരുന്നു ഷൈൻ, അന്ന് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ സുഖമായിരുന്നു”; ഇനിയൊരു പടത്തിൽ എങ്ങനെയാകുമെന്ന് അറിയില്ലെന്ന് അഹാന കൃഷ്ണ| Ahaana Krishna| Shine Tom Chakko


നടൻ ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അടി. വിഷു റിലീസായാണ് സിനിമ തിയേറ്ററുകളിൽ എത്തുക. സിനിമയുടെ പ്രമോഷൻ ജോലികളുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോൾ ഇരുവരും. ഇതിനിടെ അഹാന ഷൈനിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഷൈനിന്റെ കൂടെ അഭിനയിച്ചപ്പോഴുണ്ടായ എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നെന്ന് അവതാരക ചോദിച്ചപ്പോൾ വളരെ അച്ചടക്കമുള്ള നടനായിരുന്നു ഷൈൻ എന്നും അഭിനയത്തിൽ അദ്ദേഹം നന്നായി ഇൻവോൾവ്ഡ് ആയിരുന്നെന്നും അതുകൊണ്ട് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സുഖമായിരുന്നു എന്നുമാണ് അഹാന പറയുന്നത്.

”പുള്ളിയുടെ കൂടെ വർക്ക് ചെയ്യാൻ വളരെ ഈസി ആയിരുന്നു. കാരണം വളരെ ഡിസിപ്ലിന്റ് ആയ ആളായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ ഇൻവോൾവ്ഡ് ആയി ചെയ്യുന്ന ആളായിരുന്നു. അദ്ദേഹം വളരെ പ്രഫഷണൽ ആയിരുന്നു. അതുകൊണ്ട് തന്നെ നമ്മൾ ലൊക്കേഷനിൽ വളരെ സിങ്കിൽ ആണ് ജോലി ചെയ്തുകൊണ്ടിരുന്നത്”- അഹാന വ്യക്തമാക്കി.

അതേസമയം ഈയിടെയായി ഷൈൻ അഭിമുഖങ്ങളിലെല്ലാം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. അ​ദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയാത്ത അവസ്ഥയാണ്. ഇതുപോലെയായിരുന്നോ സെറ്റിലും എന്ന് അവതാരക ചോദിച്ചപ്പോൾ അല്ലാ എന്നാണ് അഹാനയുടെ മറുപടി. പക്ഷേ ഇനിയൊരു സിനിമയിൽ ഒന്നിച്ച് അഭിനയിച്ചാൽ എങ്ങനെയാകുമെന്ന് അറിയില്ലെന്നും നടി വ്യക്തമാക്കി.

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടി ചിത്രീകരണം കഴിഞ്ഞിട്ട് ഒരുപാട് നാളുകളായി. സിനിമയുടെ ഇടയ്ക്കാണ് കോവിഡ് വന്നത്. പിന്നെ അതിന്റെ ഒന്നാം തരം​ഗവും രണ്ടാം തരം​ഗവുമെല്ലാം കഴിയുമ്പോഴേക്കും സിനിമ റിലീസ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ആയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അടി, തിയേറ്റർ റിലീസ് വേണോ ഒടിടി വേണോ എന്ന ആശയക്കുഴപ്പത്താലും റിലീസ് വൈകി. ഒടുവിൽ ചിത്രം തിയേറ്റർ റിലീസ് ആയിത്തന്നെ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു.

രതീഷ് രവിയാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. ധ്രുവൻ, ബിറ്റോ ഡേവിഡ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.