”എനിക്ക് സിനിമ എന്നാൽ മൂന്ന്, നാല് വർഷം കൂടുമ്പോൾ കിട്ടുന്ന ആഢംബര വെക്കേഷൻ മാത്രം”; മനസ് തുറന്ന് അഹാന കൃഷ്ണ| Ahaana Krishna| Adi
സിനിമ എന്നത് തനിക്ക് മൂന്ന്, നാല് വർഷം കൂടുമ്പോൾ കിട്ടുന്ന വേക്കേഷൻ മാത്രമാണെന്ന് നടി അഹാന കൃഷ്ണ. തന്റെ ഏറ്റവും പുതിയ ചിത്രമായ അടിയുടെ പ്രമോഷന്റെ ഭാഗമായി എഫ്ടിക്യുവിൽ രേഖ മേനോന് നൽകിയ അഭിമുഖത്തിലാമ് താരം തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്ന് പറയുന്നത്. കൊറോണക്കാലത്ത് യൂട്യൂബറും ഇൻഫ്ലൂവൻസറുമൊക്കെയായി മാറിയ അഹാനക്ക് താരതമ്യേന സിനിമകൾ കുറവാണ്.
ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ രണ്ടാമത്തെ ചലച്ചിത്രമായ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെയാണ് അഹാന ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നത്. വലിയ കണ്ണുകളുള്ള ഈ പെൺകുട്ടിയെ ആദ്യ ചിത്രത്തിൽ തന്നെ എല്ലാവരും ശ്രദ്ധിച്ചു. തുടർന്ന് 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു.
അതിന് ശേഷം അരുൺ ബോസ് സംവിധാനം ചെയ്ത് 2019ൽ തിയേറ്ററുകളിലെത്തിയ ലൂക്ക എന്ന ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയായി അഭിനയച്ച ശേഷം നാല് വർഷം കഴിഞ്ഞാണ് ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അടി എന്ന ചിത്രത്തിൽ എത്തുന്നത്. പുതിയ സിനിമ റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ തന്റെ സിനിമാ ജീവിതത്തിലെ ഇടവേളകളെക്കുറിച്ച് സംസാരിക്കുകയാണ് അഹാന.
”സിനിമ എന്ന് പറയുന്നത് വർഷങ്ങൾ കൂടുമ്പോൾ കിട്ടുന്ന ഒരു ആഢംബര വെക്കേഷൻ ആണെനിക്ക്. അതായത് ഒരു മൂന്ന് നാല് വർഷത്തിലൊരിക്കെ എനിക്ക് ആസ്വദിക്കാൻ കിട്ടുന്ന ഒരു ബ്രീഫ് വെക്കേഷൻ. നമ്മൾ ഒരു ട്രിപ്പ് പോകുന്ന പോലെ. ചട്ടീം കലവും എല്ലാം പായ്ക്ക് ചെയ്ത് ഒരു ട്രിപ്പിന് പോയി അടിച്ച് പൊളിച്ച് എൻജോയ് ചെയ്ത് തിരിച്ച് വരുന്നു. അങ്ങനെയാണ് എന്റെ സിനിമാ കരിയർ.
അങ്ങനെയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ അതിന്റെ ഒരു രസം എന്താണെന്ന് പറഞ്ഞാൽ, വെക്കേഷൻ നമുക്ക് വല്ലപ്പോഴും കിട്ടുന്ന ഒന്നായത് കൊണ്ട് ഭയങ്കര സുഖമാണ്. അപ്പോൾ മൂന്ന് നാല് വർഷം കൂടുംമ്പോൾ ഒരു സിനിമ ഇറങ്ങുമ്പോൾ എനിക്ക് നല്ല സന്തോഷമാണ്. ഞാൻ സിനിമയില്ലാത്ത സമയത്ത് ഇങ്ങനെ വെയ്റ്റ് ചെയ്ത് ഇരിക്കാവും”- അഹാന വ്യക്തമാക്കി.
പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടി ഏപ്രിൽ 14ന് വിഷു റിലീസ് ആയി പുറത്തിറക്കാനാണ് തീരുമാനം. ഇഷ്ക് സിനിമയുടെ തിരക്കാഥാകൃത്ത് രതീഷ് രവിയാണ് ഈ സിനിമയുടെ തിരക്കഥയും നിർവ്വഹിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.