”കുറച്ച് സമയത്തിന് ശേഷം ഫാസിൽ കട്ട് പറഞ്ഞു, ഈ ഫോട്ടോ അവിടെ വെച്ചാൽ കുഞ്ചാക്കോ ബോബനെ ശ്രദ്ധിക്കില്ല”; മണി സുചിത്രയുടെ അനുഭവങ്ങൾ/Mani Suchitra


മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകൾക്ക് കലാ സംവിധാനം ചെയ്തയാളാണ് മണി സുചിത്ര. റാംജിറാവ്‌ സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഈ കണ്ണികൂടി, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, ദേവാസുരം, മാന്നാർ മത്തായി സ്പീക്കിങ്, നമ്പർ വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, കാബൂളിവാല, ഫ്രണ്ടസ് തുടങ്ങി മലയാളത്തിലെയും തമിഴിലെയുമെല്ലാം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധാനം മണി സുചിത്രയാണ്.‌

‘വിയറ്റ്‌നാം കോളനി’യിലൂടെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഇദ്ദേഹം ഫാസിൽ, സിദ്ദിഖ്-ലാൽ, സത്യൻ അന്തിക്കാട്, കെ.ജി. ജോർജ്ജ്, ഹരികുമാർ, ഐ.വി. ശശി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. തിരുവനന്തപുരത്തെ സുചിത്ര ആർട്ട് സ്റ്റുഡിയോയിൽ നിന്നാണ് മണി സുചിത്ര എന്ന കലാകാരന്റെ തുടക്കം. പേരിനൊപ്പമുള്ള സുചിത്ര അവിടെ നിന്നും കിട്ടിയതാണ്.

സിനിമാ രം​ഗത്ത് ഒട്ടേറെ സൗഹൃദങ്ങൾ ഉണ്ടായിരുന്നതിനാൽ ആകസ്മികമായി ഈ രംഗത്ത് എത്തിപ്പെടുകയായിരുന്നു. ഹരികുമാറിന്റെ ‘ആമ്പൽപ്പൂവ്’ ആയിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. ”അഭിമുഖങ്ങളൊന്നും ഞാൻ നൽകാറില്ല. ഒരുപാട് പേർ സമീപിച്ചിരുന്നു, എനിക്ക് ഒതുങ്ങി ജീവിക്കുന്നതാണ് ഇഷ്ടം. മറ്റുള്ളവരെപ്പോലെ ഒരുപാട് അനുഭവസമ്പത്തുണ്ടെന്നും അറിവുണ്ടെന്നും എനിക്ക് തോന്നുന്നില്ല. ഒപ്പം പ്രവർത്തിച്ച സംവിധായകരിൽ പലരും ഇന്ന് സിനിമയിൽ സജീവമല്ല. ഫാസിൽ ഇല്ല, സിദ്ദിഖും ലാലും വേർപിരിഞ്ഞു”- മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ഇതിൽ അനിയത്തിപ്രാവ് സിനിമയ്ക്ക് വേണ്ടി കലാസംവിധാനം ചെയ്യുന്നതിനിടെയുണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. “കുഞ്ചാക്കോ ബോബന്റെ മുറി ഒരുക്കുമ്പോഴുണ്ടായ രസകരമായ അനുഭവമാണ് മണി സുചിത്ര ഓർത്തെടുത്തത്. ചെറുപ്പക്കാരന്റെ മുറി ആയതിനാൽ ഗിത്താർ, പുസ്തകങ്ങൾ, ചുമരിൽ കായിക താരങ്ങളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങൾ… അങ്ങനെ പലതുമുണ്ടായിരിക്കും. മുറിയൊരുക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കയറിവന്നത് മൈക്കിൾ ജാക്‌സന്റെ ചിത്രമായിരുന്നു.

എന്റെ പക്കൽ നാലടിയോളം ഉയരമുള്ള മൈക്കിൾ ജാക്‌സന്റെ ചിത്രമുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടവുമാണ്. ഞാൻ ആ ചിത്രം ഗംഭീരമായി ഫ്രെയിം ചെയ്ത് കുഞ്ചാക്കോ ബോബന്റെ മുറിയിൽ വച്ചു. അങ്ങനെ ഷൂട്ടിങ് തുടങ്ങി, കുഞ്ചാക്കോ ബോബന്റെയും തിലകന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള ഒരു കോമ്പിനേഷൻ സീനായിരുന്നു അത്. കുറച്ചു നേരത്തിന് ശേഷം ഫാസിൽ കട്ട് പറഞ്ഞ്, എന്നെ വിളിച്ചു. മണി, ഈ ഫോട്ടോ അവിടെ വച്ചാൽ ശരിയാകില്ല, കഥാപാത്രങ്ങളിൽനിന്ന് ശ്രദ്ധമാറി മൈക്കിൾ ജാക്‌സണിലേക്ക് ശ്രദ്ധ പോകുന്നുവെന്ന്. ഞാൻ ആലോചിപ്പോൾ എനിക്കും മനസ്സിലായി അത് ശരിയാണെന്ന് ഒടുവിൽ ആ ചിത്രം എടുത്തുമാറ്റേണ്ടി വന്നു”- അദ്ദേഹം പറഞ്ഞ് നിർത്തി