മലയാളി അവഗണിച്ചിട്ടും തെന്നിന്ത്യയിൽ സ്റ്റാറായ 10 നടിമാർ


മലയാള സിനിമയിൽ വേണ്ടത്ര ശ്രദ്ധനേടാൻ കഴിഞ്ഞില്ലെങ്കിലും ചില താരങ്ങളെ തെന്നിന്ത്യൻ സിനിമാലോകം അങ്ങ് ഏറ്റെടുക്കും. പിന്നീടവർ മലയാളികൾ ആണെന്നോ, ഇവിടെ അരങ്ങേറ്റം കുറിച്ച നടിമാരാണെന്നോ എല്ലാം നമ്മൾ മറന്ന് പോകും. തുടക്കം മാത്രം മലയാളതത്തിൽ ആരംഭിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമാലോകത്തിന്റെ സ്വന്തമായിത്തീരുകയാണിവർ.

അത്തരത്തിലൊരു താരമാണ് സംയുക്ത. മലയാള സിനിമയിലാണ് കരിയർ തുടങ്ങിയതെങ്കിലും തമിഴകത്തിന്റെ സ്വന്തമാണവരിപ്പോൾ. ചുരുങ്ങിയ സമയം കൊണ്ട് തെലുങ്കിലും തമിഴിലുമെല്ലാം തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ മലയാളി പലപ്പോഴും താരത്തിനെ ട്രോളാനുള്ള സമയം കണ്ടെത്താൻ മറക്കാറില്ല. എന്നാൽ തന്നെ വെറുക്കുന്നവരോടും തനിക്ക് സ്നേഹമാണെന്ന നിലപാടിലാണ് സംയുക്ത. തെന്നിന്ത്യൻ വലിയ പ്രൊജക്റ്റുകളുടെ ഭാ​ഗമായി കഴിഞ്ഞ താരം ഇപ്പോൾ തമിഴിലും തെലുങ്കിലും സംസാരിക്കാനും പഠിച്ചു. അവരിലൊരാളായി തോന്നാൻ വേണ്ടിയാണ് പുതിയ ഭാഷകൾ പഠിക്കുന്നത്, ഏറെ കഷ്ടപ്പെട്ടാണ് തെലുങ്ക് പഠിച്ചതെന്നും ഒരു അഭിമഖത്തിൽ സംയുക്ത പറഞ്ഞിട്ടുണ്ടായിരുന്നു.

മലയാളികൾ ചിലപ്പോൾ ഏറ്റവുമധികം ട്രോളിയ നടിമാരിലൊരാളാവും മഞ്ജിമ മോഹൻ. ബാലതാരമായി സിനിമകളിൽ തിളങ്ങിയ മഞ്ജിമ നായികയായി അഭിനയിച്ച ആദ്യ ചിത്രത്തിന് തന്നെ മോശം പ്രതികരണമാണ് ലഭിച്ചത്. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലായിരുന്നു മഞ്ജിമ ആദ്യമായി അഭിനയിച്ചത്. പിന്നീട് നിവിൻ പോളിക്കൊപ്പം മിഖായേലിലും അഭിനയിച്ചു. അന്ന്, മുഖത്ത് ഭാവങ്ങൾ വരുന്നില്ല എന്ന് പറഞ്ഞായിരുന്നു ട്രോളുകൾ അധികവും. സിനിമയിൽ മഞ്ജിമയുടെ കരച്ചിലും ഏറെ വിമർശിക്കപ്പെട്ടു. എന്നാൽ 2017ൽ രണ്ട് തമിഴ് ചിത്രത്തിൽ അഭിനയിച്ചതോടെ മഞ്ജിമയുടെ ഭാവി തെളിഞ്ഞു. തെന്നിന്ത്യയിൽ ധാരാളം സിനിമകളിൽ അവസരം ലഭിച്ചു. അവിടുത്തെ പ്രിയപ്പെട്ട നായികയായി മാറാനും മഞ്ജിമയ്ക്ക് കഴിഞ്ഞു. തെന്നിന്ത്യൻ നടൻ ​ഗൗതം കാർത്തിക്കിനെയാണ് താരം വിവാഹം കഴിച്ചത്.

രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി മേനോൻ തന്റെ സിനിമാ ജീവിതം തുടങ്ങിയത്. എന്നാൽ മലയാളത്തിൽ താരത്തിന് ഒട്ടും ശ്രദ്ധനേടാൻ കഴിഞ്ഞില്ല. പക്ഷേ തമിഴ് ചലച്ചിത്രലോകം ലക്ഷ്മിയെ കാത്തിരിക്കുകയായിരുന്നു. സുന്ദരപാണ്ഡ്യൻ ആയിരുന്നു ആദ്യ ചിത്രം. തന്റെ രണ്ടാമത്തെ സിനിമ കുംകിയിലൂടെ ലക്ഷ്മി മേനോൻ തമിഴ് സിനിമയിലെ നിറസാനിന്ധ്യമായി മാറി. രണ്ട് തവണയാണ് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.

തുടക്കകാലത്ത് മലയാളികൾ തീരെ ശ്രദ്ധിക്കാതെ പോയ നടിയാണ് അമല പോൾ. പിന്നീട് തമിഴ് സിനിമയുടെ ഭാ​ഗമായി തിരിച്ച് വന്നപ്പോൾ താരത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. 2009ൽ ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയായിരുന്നു അമല പോൾ അഭിനയരം​ഗത്തേക്ക് കാലെടുത്ത് വെച്ചത്. സിനിമയിൽ താരത്തിന്റെ വേഷം തീരെ ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വീരശേഖരൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയുടെ ഭാ​ഗമായി. ഇപ്പോൾ തമിഴിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരത്തിന്റെ ഓരോ വിശേഷങ്ങൾക്ക് വേണ്ടിയും ആരാധകർ കാതോർത്തിരിക്കുന്നു.

​ഗായികയായ മഡോണ സെബാസ്റ്റ്യൻ അൽഫോൻസ് പുത്രന്റെ പ്രേമം സിനിമയിലൂടെയാണ് മലയാള ചലച്ചിത്രലോകത്തിന്റെ ഭാ​ഗമാകുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും താരത്തിന് മലയാളത്തിൽ നിന്ന് പിന്നീട് അവസരങ്ങളൊന്നും കിട്ടിയില്ല. ദിലീപിനൊപ്പം മറ്റൊരു ചിത്രത്തിൽ കൂടി അഭിനയിച്ചെങ്കിലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് മലയാളസിനിമാലോകത്ത് നിന്ന് ​ഗുഡ് ബൈ പറയുകയായിരുന്നു മഡോണ. കാതലും കടന്ത് പോകും എന്ന തന്റെ ആദ്യ ചിത്രത്തിന് തന്നെ മികച്ച അരങ്ങേറ്റ നായികയ്ക്കുള്ള അവാർഡ് സ്വന്തമാക്കി മഡോണ. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലുമായി കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്.

ആദ്യ ചിത്രം തന്നെ പ്രശസ്തി നേടിക്കൊടുത്തെങ്കിലും പിന്നീടങ്ങോട്ട് മലയാളത്തിൽ വേരുറപ്പിക്കാൻ കഴിയാതെ പോയ നടിയാണ് അനുപമ പരമേശ്വരൻ. അൽഫോൻസ് പുത്രത്തിന്റെ പ്രേമത്തിലൂടെ തന്നെയാണ് അനുപമയും ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നത്. 2016ൽ തന്നെ തമിഴ് സിനിമയിൽ അവസരം ലഭിച്ച താരം പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലൂടെ തെലുങ്ക് സിനിമയുടേയും ഭാ​ഗമായി. ഇന്ന് തെന്നിന്ത്യയിൽ നിറയെ ആരാധകരുടെ നടിയാണ് അനുപമ പരമേശ്വരൻ. 2021ൽ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹൃസ്വചിത്രത്തിലൂടെ അനുപമ വീണ്ടുമൊരു തിരിച്ച് വരവ് നടത്തിയിരുന്നു. ഇതിൽ അനുപമയുടെ ചന്ദ്ര എന്ന കഥാപാത്രം ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു.

സിനിമയിൽ അവസരം ലഭിക്കാത്തത് കൊണ്ട് ഉദ്ഘാടന പരിപാടികളുമായി നടക്കുകയാണ് എന്നതായിരുന്നു നടി ഹണി റോസ് നേരിട്ട വലിയ ആരോപണം. താരം ഏത് പരിപാടിക്ക് പോയാലും ട്രോൾ പേജുകളിൽ ആഘോഷമാണ്. എന്നാൽ തന്നെ മലയാള സിനിമയ്ക്ക് വേണ്ടെങ്കിലും തമിഴിലും തെലുങ്കിലും ആരാധകരുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടി. മലയാളത്തിൽ വേഷങ്ങൾ കുറഞ്ഞതോടെയായിരുന്നു ഹണി തെന്നിന്ത്യയിലേക്ക് ചേക്കേറിയത്. തെലുങ്ക് സിനിമ വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ അവസാനം പുറത്തിറങ്ങിയ തെലുങ്ക് ചിത്രം.