”ഒരിടയ്ക്ക് സാജന്‍ ചേട്ടന്‍ എന്നോട് സംസാരിക്കുന്നേയില്ല, ഒഴിവാക്കുംപോലെ തോന്നി”; ഏറെ വേദനിപ്പിച്ച ആ സംഭവം വരദ വിശദീകരിക്കുന്നു | Varada | Sajan Surya


ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി വരദ. ‘അമല’ എന്ന സീരിയലിലൂടെയാണ് വരദ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുന്നത്. സുല്‍ത്താന്‍, വാസ്തവം, മകന്റെ അച്ഛന്‍ തുടങ്ങിയ സിനിമകളിലും വരദ വേഷമിട്ടിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ ഏറെ കേട്ടിട്ടുള്ള പേരാണ് വരദയുടേത്. കൂടെ അഭിനയിക്കുന്ന താരങ്ങളുടെ പേര് ചേര്‍ത്ത് വരുന്ന ഗോസിപ്പുകള്‍ എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് വരദ. മൈല്‍ സ്റ്റോണ്‍മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വരദ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

”ഒരിടയ്ക്ക് സാജന്‍ ചേട്ടന്‍ എന്നോട് സംസാരിക്കുന്നേയില്ല. ബേസിക്കലി എനിക്ക് ഫ്രണ്ട് സര്‍ക്കിളൊന്നും അധികം ഇല്ലാത്തയാളാണ്. ഇന്റസ്ട്രിയിലെ റൂമറുകള്‍ ഏറ്റവും അവസാനം അറിയുന്നയാളാണ് ഞാന്‍. സാജന്‍ ചേട്ടന്‍ കുറച്ചുദിവസമായി എന്നോട് മിണ്ടണില്ല. ഞങ്ങള്‍ നന്നായി സംസാരിക്കുന്ന ആളുകളാണ്. പക്ഷേ സാജന്‍ ചേട്ടന്‍ ഒരിടയ്ക്ക് എന്നെ അവോയ്ഡ് ചെയ്യുംപോലെ തോന്നി. സാജന്‍ ചേട്ടനോട് നേരിട്ട് ഇത് ചോദിച്ചു, ചേട്ടാ ചേട്ടനെന്താ എന്നോട് സംസാരിക്കുകയൊന്നും ചെയ്യാത്തത് എന്തെങ്കിലും ദേഷ്യമുണ്ടോ എന്ന്.

നീയിതൊന്നും അറിഞ്ഞില്ലേ, നമ്മള്‍ തമ്മില്‍ എന്തൊക്കെയോ ഉണ്ട് എന്നാണ് ആളുകള്‍ പറയുന്നതെന്ന് അദ്ദേഹം എന്റടുത്ത് പറഞ്ഞു. കണ്ണില്‍ കണ്ടവര് വായില്‍ തോന്നിയതൊക്കെ പറയുന്നുവെന്ന് കരുതി സാജന്‍ ചേട്ടന്‍ എന്നോട് മിണ്ടുന്നില്ല. പുള്ളി ഞാന്‍ തെറ്റിദ്ധരിക്കുമോയെന്ന് കരുതിയാണ് മിണ്ടാതിരുന്നത്. ആ സമയത്ത് മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കെടുക്കുകയും പുള്ളി എന്നെ എടുത്ത് പൊക്കുകയുമൊക്കെ ചെയ്തിരുന്നു. അതൊക്കെയാവും ഈ റൂമറുകള്‍ വരാന്‍ കാരണം. ഇതൊക്കെ അഭിനയമാണെന്ന് മനസിലാക്കാനുള്ള കോമണ്‍ സെന്‍സ് ഇല്ലാത്ത കുറേയാള്‍ക്കാരുണ്ടല്ലോ. അങ്ങനത്തവരുണ്ടാക്കുന്നതാകും. എന്നോട് മിണ്ടാതിരിക്കരുത്, എനിക്ക് ഭയങ്കര വിഷമമാകുമെന്ന് പറഞ്ഞു.” വരദ പറഞ്ഞു.

വരദ കൊച്ചിയില്‍ സ്വന്തമായി ഫ്‌ളാറ്റ് വാങ്ങിയ സന്തോഷം പങ്കുവെച്ചതിന് പിന്നാലെയും ഗോസിപ്പുകള്‍ എത്തിയിരുന്നു. വരദ കോടികളുടെ ഫ്‌ളാറ്റ് വാങ്ങിയെന്ന തരത്തില്‍ ഇക്കാര്യം പ്രചരിപ്പിച്ചവരോട് ഏറെ ദേഷ്യമുണ്ടെന്നും താരം പറയുന്നു. എവിടുന്നാണ് എനിക്കിത്രയും പണം എന്നൊക്കെയുള്ള കമന്റുകളായിരുന്നു ആ വാര്‍ത്തയ്ക്ക് കീഴെ. തന്നെ മോശക്കാരിയാക്കാനാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നും വരദ പറഞ്ഞു.

അടുത്തിടെയായി ഇന്റസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് താരം. മകനുമൊത്തുള്ള വീഡിയോകള്‍ എല്ലാം യൂട്യൂബില്‍ പങ്കുവെക്കാറുണ്ട്. ഹിമാലയത്തിലേക്ക് സോളോ ട്രിപ്പ് നടത്തിയ അനുഭവങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവെച്ചിരുന്നു.