”യോദ്ധയിൽ നായികയായി വരേണ്ടത് ഞാനായിരുന്നു, പക്ഷേ അന്ന് നേപ്പാൾ വരെ പോകാൻ കഴിഞ്ഞില്ല”; ഒടുവിൽ അപ്പുക്കുട്ടന്റെ ദമയന്തി ആയ കഥ പറഞ്ഞ് ഉർവശി| Urvashi | Yodha
ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് യോദ്ധ. നേപ്പാളിലും കേരളത്തിലുമായി ചിത്രീകരിച്ച് 1992ൽ പുറത്തിറങ്ങിയ ഈ സിനിമ കഥയുടെ വ്യത്യസ്തത കൊണ്ട് അക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും വേറിട്ട് നിന്നു. മോഹൻലാൽ, മധു, ജഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
അതേസമയം ഗസ്റ്റ് റോൾ ആണെങ്കിലും ചിത്രത്തിൽ ഉർവശി അഭിനയിച്ച ദമയന്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ഉർവശി അഭിനയിച്ച യോദ്ധയിലെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ റീൽസ് ആയും മറ്റും പ്രചരിക്കാറുണ്ട്. യൂട്യൂബിൽ ആളുകൾ സ്ഥിരമായി കാണുന്ന തമാശ രംഗങ്ങളിൽ ഇതും പെടും.
അതേസമയം ഈ സിനിമയിൽ അശ്വതി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കാനാണ് തനിക്ക് അവസരം ലഭിച്ചത് എന്ന് പറയുകയാണ് നടി ഉർവ്വശി. എന്നാൽ ആ സമയത്ത് മറ്റ് സിനിമകളുടെ തിരക്കുകൾ കാരണവും മറ്റും നേപ്പാൾ വരെ പോയി അഭിനയിക്കാൻ പറ്റിയ സാഹചര്യമല്ലാത്തതിനാൽ താൻ അവസരം നിഷേധിച്ചു എന്നാണ് ഉർവ്വശി പറഞ്ഞു.
”ഇക്കാര്യം നേരിട്ട് സംഗീത് ശിവനോട് പറയാനായി കോഴിക്കോട് നിന്ന് എറണാകുളം പോകുന്ന വഴി താരം ചിത്രീകരണം നടക്കുന്ന ലൊക്കേഷനായ ഷൊർണൂരിൽ ഇറങ്ങി. എന്നാൽ തന്നെ നിർബന്ധിച്ച് ദമയന്തിയുടെ കഥാപാത്രം ചെയ്യിപ്പിക്കുകയായിരുന്നു എന്ന് ഉർവ്വശി പറയുന്നു. ഒരു ദിവസം കൊണ്ടാണ് ആ രംഗങ്ങളെല്ലാം ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ ഇത്രയ്ക്ക് ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താരം പറയുന്നു.
യോദ്ധയുടെ സംവിധായകൻ സംഗീത് ശിവന്റെ ആദ്യ ചിത്രമായ വ്യൂഹത്തിൽ ഞാൻ ആണ് നായികയായി അഭിനയിച്ചിരുന്നത്. പക്ഷേ ആ സമയത്ത് ഞാൻ ഒരുപാട് തിരക്കായത് കൊണ്ട് നേപ്പാൾ വരെ പോയി വർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാ. ഞാൻ അതിൽ നിന്ന് പിൻമാറി, പക്ഷേ അവർ അത് ഒരു പരിഭവമായി കൊണ്ട് നടന്നോണ്ട് ഞാൻ കോഴിക്കോട്ന്ന് എറണാകുളം പോകുന്ന വഴിക്ക് ഷൊർണൂർ ഇറങ്ങി സത്യാവസ്ഥ പറഞ്ഞു.
അപ്പോൾ ഇതിലൊരു ഗസ്റ്റ് റോൾ ഉണ്ട്, അത് അഭിനയിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു. അന്ന് അവിടെ നിന്നു, രാത്രി വരെ വർക്ക് ചെയ്തു. പിറ്റേന്ന് എറണാകുളത്തേക്ക് പോയി. സത്യത്തിൽ ആ കഥാപാത്രം അത്രേം നന്നാവുമെന്നൊന്നും എനിക്ക് അറിയത്തേയില്ലായിരുന്നു. ഇപ്പോഴും ഞാൻ അതോർക്കും. ഇതൊരു വലിയ സംഭവമാകുമെന്ന് എനിക്ക് അന്നൊന്നും തോന്നിയിട്ടേയില്ല”- ഉർവ്വശി വ്യക്തമാക്കി.