നടി ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിന് ഇരയായി, നഷ്ടപ്പെട്ടത് 57,636 രൂപ; സത്യാവസ്ഥ വെളിപ്പെടുത്തി താരം| Swetha Menon | Bank Fraud Case


ഓൺലൈൻ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അന്വേഷിക്കുന്ന ശ്വേത താനെല്ലെന്ന് വ്യക്തമാക്കി നടി ശ്വേത മേനോൻ രം​ഗത്ത്. ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിനിരയായതായും 57,636 രൂപ നഷ്ടമായെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെയാണ് നടി വസ്തുത വെളിപ്പെടുത്തിയത്.

വാർത്ത വന്നതിനു പിന്നാലെ ഒട്ടേറെപ്പേർ വിളിച്ചതായും അവരുടെ കരുതലിനു നന്ദി പറയുന്നതായും ശ്വേതാ മേനോൻ അറിയിച്ചു. വാർത്ത നൽകിയ മാധ്യമം ശ്വേതയെ തെറ്റായി ടാഗ് ചെയ്യുകയായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാൽപതോളം ഇടപാടുകാർക്ക് അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ നഷ്ടമായെന്നും അതിൽ നടി ശ്വേത മേനോനും ഉൾപ്പെടുന്നുവെന്നുമാണ് വാർത്ത വന്നത്.

ലഭിച്ച സന്ദേശത്തിലെ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ നഷ്ടമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശ്വേത മേമൻ എന്ന ടിവി താരമാണ് തട്ടിപ്പിനിരയായത്. ഈ വാർത്തയിൽ ശ്വേതാ മേനോൻ തെറ്റായി ടാഗ് ചെയ്യപ്പെടുകയായിരുന്നു. ശ്വേത മേമൻ എന്ന് പേരുള്ള മറ്റൊരു നടിയാണ് തട്ടിപ്പിന് ഇരയായത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കെവൈസി, പാൻ വിവരങ്ങൾ പുതുക്കാത്തതിനാൽ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപാടുകാർക്ക് തട്ടിപ്പുകാർ സന്ദേശം അയയ്ച്ചത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ അവരവരുടെ ബാങ്ക് അക്കൗണ്ടിന് സമാനമായ വ്യാജ വെബ്സൈറ്റിലാണ് എത്തിയത്. ഇവിടെ കസ്റ്റമർ ഐഡി, പാസ് വേർഡ് തുടങ്ങിയ സ്വകാര്യ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. ഇത് നൽകിയതോടെയാണ് നാൽപ്പതോളം ഇടപാടുകാരുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ നഷ്ടപ്പെട്ടത്.