”വലിയ നടന്റെ പ്രാധാന്യമില്ലാത്ത നായികയാണെങ്കിൽ ഷോർട്സ് ധരിക്കില്ല, കഥാപാത്രം മികച്ചതാണെങ്കിൽ വസ്ത്രത്തിന്റെ കാര്യത്തിൽ ഒഴിവാക്കില്ല”; നിലപാട് വ്യക്തമാക്കി സ്വാസിക| Swasika Vijay| Chathuram


അറിയപ്പെടുന്ന നടൻമാരുടെ പ്രാധാന്യമില്ലാത്ത നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചാൽ അതിൽ ഷോർട്സ് പോലെയുള്ള മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ തയ്യാറല്ലെന്ന് നടി സ്വാസിക. ചിലപ്പോൾ ഒരു ​ഗാനരം​ഗത്തിൽ മാത്രമായിരിക്കും എസ്പോസ് ചെയ്ത് അഭിനയിക്കേണ്ടി വരിക, അതിന്റെ ആവശ്യമില്ലെന്നും തനിക്ക് അതിന് താൽപര്യമില്ലെന്നും നടി വ്യക്തമാക്കി.

”അങ്ങനെ ചുമ്മാ ഞാൻ ഷോർട്സൊന്നും ഇടാൻ പോകുന്നില്ല, ക്യാരക്ടർ എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നുണ്ടെങ്കിൽ, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഈ ചലഞ്ച് എനിക്ക് ഏറ്റെടുക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ നിർബന്ധമായും ഞാനത് തെരഞ്ഞെടുക്കും. ഞാൻ ഒരു വലിയ ഹീറോയുടെ ഹീറോയിനായി സിനിമ ചെയ്യുകയാണ് എന്ന് വിചാരിക്കുക, പക്ഷേ ഹീറോയിന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യമൊന്നുമില്ല, എന്നാൽ പാട്ട് സീനിൽ ​ഗ്ലാമർ ഡ്രസ് ഇടണമെന്ന് പറഞ്ഞാൽ ഞാൻ ഇടില്ല”- സ്വാസിക വ്യക്തമാക്കി.

ആ ​ഗാനരം​ഗം അഭിനയിക്കുമ്പോൾ മാത്രമായി അത്തരത്തിലുള്ള വസ്ത്രം ഇട്ടില്ലെങ്കിലും കുഴപ്പമില്ല, കഥാപാത്രത്തിന് അത് അനിവാര്യമല്ല എന്നാണ് താരം പറയുന്നത്. അങ്ങനെ ചെയ്യാത്ത നടിമാരും ഉണ്ട്, ഉദാഹരണത്തിന് തെലുങ്ക് പോലൊരു ഇൻഡസ്ട്രിയിൽ പോയി അഭിനയിക്കുമ്പോഴും സായ്പല്ലവി ഹാഫ് സാരിയാണ് ഉടുക്കുന്നത്. അതേസമയം, സായ്പല്ലവിക്ക് വളരെയധികം ആരാധകരുണ്ടെന്നും സ്വാസിക പറയുന്നു.

”ഞാനെന്റെ ഷെല്ലിൽ നിന്ന് പുറത്ത് വന്നു, അതുകൊണ്ട് ഞാനിനി ഫുൾടൈം ഷോർട്സ് ആയിരിക്കും, ഭയങ്കര മോഡേൺ ആകും എന്നൊന്നും പറയാൻ പറ്റില്ല. കാരണം എനിക്ക് ഒന്നാമത് അത്തരം വസ്ത്രങ്ങൾ ഇഷ്ടമല്ല, മെയ്ൻ പ്രശ്നം അതാണ്. എനിക്ക് ജീൻസ് ഇട്ട് ഒരു അഞ്ച് മിനിറ്റ് ഇരിക്കാൻ പറ്റില്ല, സ്ലീവ്ലെസ് ഇട്ട ഇരിക്കാൻ പറ്റില്ല, എനിക്കാ വസ്ത്രങ്ങളോട് വലിയ താൽപര്യമില്ലാത്തത് കൊണ്ട് ഞാൻ മാക്സിമം അത് ഒഴിവാക്കാൻ ശ്രമിക്കും. പിന്നെ നമുക്ക് കിട്ടുന്ന കഥാപാത്രം അത്രയും നല്ലത് ആണെങ്കിൽ ഇതിന്റെ പേരിൽ അതൊഴിവാക്കുന്നത് തെറ്റല്ലേ”?- സ്വാസിക ചോദിക്കുന്നു.

സ്വാസിക പ്രധാനവേഷത്തിലെത്തുന്ന ചതുരം എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്വാസികയുടെ പ്രകടനവും മികച്ചതായിരുന്നു എന്നാണ് അഭിപ്രായം. താരത്തിന്റെ കരിയറിലെ ബ്രേക്കിങ് പോയിന്റാകും ഇതെന്നാണ് പ്രതീക്ഷ.

തമിഴ് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച് മലയാള ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധനേടിയ നടിയാണ് സ്വാസിക വിജയ്. താരത്തിന്റെ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിലെ അഭിനയം കണ്ടിട്ടാണ് സിദ്ധാർത്ഥ് നടിയെ ചതുരത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്ന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.