”ഇനി ഡയറ്റൊന്നും ചെയ്യണ്ടല്ലോ എന്ത് വേണമെങ്കിലും തിന്നാലോ എന്ന് കരുതിയാണ് പലരും കല്യാണം കഴിക്കുന്നത് തന്നെ”; വിവാഹത്തെക്കുറിച്ച് സുജ കാർത്തിക| Suja Karthika


2002ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് നടി സുജ കാർത്തിക മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ചിത്രത്തിലെ ജയറാമിന്റെ നായികാ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം പാഠം ഒന്ന് ഒരു വിലാപം, ഞാൻ സൽപ്പേര് രാമൻകുട്ടി, റൺവേ, നാട്ട്‌രാജാവ്, മാമ്പഴക്കാലം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാ​ഗമായി. എട്ട് വർഷത്തെ തന്റെ സിനിമാ ജീവിതത്തിന് ശേഷം 2010ലായിരുന്നു സുജയുടെ വിവാഹം.

വിവാഹത്തോടെ താരം സിനിമയിൽ നിന്നും പൂർണ്ണമായി വിട്ട് നിൽക്കുകയാണ്. ഇത്രയും വർഷത്തിന് ശേഷം ഒന്ന് മുഖം കാണിക്കാൻ പോലും സുജ കാർത്തിക തയാറായിട്ടില്ല. അതേസമയം മലയാള സിനിമാ മേഖലയിൽ നടിമാരുടെ കാര്യത്തിലുള്ള ആറ്റിറ്റ്യൂഡ് മാറിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തിന് ശേഷം പല നടിമാരും തിരിച്ച് വന്നു. അഭിനയത്തിൽ സജീവമാവുകയും ചെയ്തു.

എന്നാൽ താൻ അഭിനയിക്കുന്ന സമയത്തും അഭിനയം നിർത്തിയപ്പോഴും ഇതായിരുന്നില്ല അവസ്ഥ എന്നാണ് സുജ കാർത്തിക പറയുന്നത്. ആ സമയത്ത് വിവാഹം കഴിഞ്ഞ, കുട്ടികൾ ഉള്ള സ്ത്രീകൾക്ക് ഇപ്പോഴുള്ള സ്വീകാര്യത ഇല്ലായിരുന്നു എന്നും താരം പറയുന്നു. ബിഹൈൻഡ് വുഡ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

”പണ്ടത്തെ കാലത്ത്, ഞാൻ അഭിനയിക്കുന്ന സമയത്ത് ഇങ്ങനെയൊരു സ്വീകാര്യത ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് കുട്ടികളുള്ള നടിയെ ആരും വിളിക്കില്ല. പിന്നെ ഇത്ര ​ഗ്ലാമറും ഉണ്ടായിരുന്നില്ല ആ കാലത്ത്. ഇപ്പോഴത്തെ ചെറുപ്പക്കാര അമ്മമാരെ പോലെ ആരും ശരീരം ശ്രദ്ധിക്കില്ലായിരുന്നു. കല്യാണം കഴിഞ്ഞ് പോയാൽ ഇനി ഡയറ്റൊന്നും ചെയ്യണ്ടാലോ, ഇഷ്ടമുള്ളതൊക്കെ തിന്നാലോ എന്നുള്ളൊരു സന്തോഷത്തിലാണ് മിക്ക നടിമാരും കല്യാണം കഴിക്കുന്നത്”- സുജ കാർത്തിക പറയുന്നു.

അതേസമയം അഭിനയം വിട്ടെന്ന് കരുതി വീട്ടിൽ വെറുതെയിരിക്കുന്ന ആളല്ല സുജ. എംകോം ഫസ്റ്റ് ക്ലാസോടെ പാസായ താരം കോളേജ് അധ്യാപികയായി ജോലി ചെയ്തു. ജെആർഎഫ് ലഭിച്ചു. 2009-ൽ പിജിഡിഎം കോഴ്സിന് ഒന്നാം റാങ്കായിരുന്നു. കുസാറ്റിൽ നിന്ന് പിഎച്ച്ഡിയും ലഭിച്ചു. അതിനുശേഷം ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് റിസർച്ച് സർട്ടിഫിക്കറ്റും നേടി. ഇപ്പോൾ കാക്കനാടുള്ള ‘എക്സല്ലർ’ എന്ന പരിശീലന സ്ഥാപനം നടത്തുകയാണ് സുജ.

രണ്ട് വർഷം മുൻപ് സുജ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഏതാനും പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. താരത്തിന്റെ മകൾ ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. സുജയ്ക്ക് അതിൽ ചെറിയൊരു സൈഡ് റോൾ ആയിരുന്നു. സുജ കാർത്തികയുടെ ഭർത്താവ് രാകേഷ് കൃഷ്ണൻ മെർച്ചന്റ് നേവിയിൽ ടെക്നിക്കൽ സൂപ്രണ്ടാണ്. ഒരു മോളും മോനുമാണിവർക്കുള്ളത്.