നടിയും അവതാരികയുമായ സുബി സുരേഷ് അന്തരിച്ചു| Subi Suresh | Passed Away


കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു. മുപ്പത്തിനാല് വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച നില ഗുരുതരമായി. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്ന മരണം സംഭവിച്ചത്.

സ്ത്രീകളുടെ സാന്നിധ്യം പൊതുവെ കുറവായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടമുണ്ടാക്കാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സുബി സുരേഷിന് കഴിഞ്ഞിരുന്നു. കൊച്ചില്‍ കലാഭവനിലൂടെയാണ് സുബി മുഖ്യധാരയിലേക്ക് വരുന്നത്. കുട്ടിപ്പട്ടാളം, സിനിമാല എന്ന പരിപാടിയുടെ അവതാരകയെന്ന നിലയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. സ്‌റ്റേജ് ഷോകളിലും നിറ സാന്നിധ്യമായിരുന്നു.

കനകസിംഹാസനം, 101 വെഡ്ഡിങ്, ഡ്രാമ, പഞ്ചവര്‍ണതത്ത, കില്ലാഡി രാമന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലക്കി ജോക്കേഴ്‌സ്, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.