”ഭാഷയെക്കുറിച്ച് ടെൻഷനില്ല, എനിക്ക് എല്ലാ നല്ല സിനിമകളും ചെയ്യണം”; മലയാളത്തിൽ വാണിജ്യ സിനിമകൾ കുറവാണെന്ന് സംയുക്ത| samyuktha | boomerang


ബൂമറാങ്ങ് എന്ന ചിത്രത്തിന്റെ പ്രമോഷനിൽ ഷൈൻ ടോം ചാക്കോ നടത്തിയ പ്രസ്ഥാവനയ്ക്ക് പിന്നാലെ നടിയ്‌ക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സൈബറിടങ്ങളിൽ നിന്നുയരുന്നത്. ട്രോളുകൾക്ക് പിന്നാലെ പോകാതെ സിനിമകളിലേയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോൾ.

തെന്നിന്ത്യൻ സിനിമകളിൽ കൂടുതൽ സജീവമാവുകയാണ് സംയുക്ത. തനിക്ക് എല്ലാ നല്ല സിനിമകളും ചെയ്യണം, ഭാഷയെക്കുറിച്ച് യാതൊരുവിധ ടെൻഷനുമില്ലെന്നാണ് താരം പറയുന്നത്. മലയാളം സിനിമയിൽ വാണിജ്യ സിനിമകൾ കുറവാണെന്നും താരം പരാതിപ്പെട്ടു. ബിഹൈൻഡ് വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

മലയാള ഇൻഡസ്ട്രിയിൽ വാണിജ്യ സിനിമകൾ കുറവാണ്. എനിക്ക് എല്ലാ നല്ല സിനിമകളും ചെയ്യണം, ഞാൻ ഭാഷയെക്കുറിച്ച് ടെൻഷനടിക്കുന്നില്ല. എല്ലാ ഭാഷകളും ഞാൻ പഠിച്ചതാണ്, തെലുങ്ക് എല്ലാം വളരെ എഫേർട്ട് എടുത്താണ് പഠിച്ചത്. ഞാൻ അവരുടെ ഇടയിലുള്ള ആളാണെന്ന് അവർക്ക് തോന്നണം- താരം വ്യക്തമാക്കി.

എല്ലാ സിനിമയ്ക്ക് വേണ്ടിയും താൻ എഫേർട്ട് എടുക്കുന്നുണ്ട്, പക്ഷേ റെലവന്റ് ആകണമെന്നാണ് നടി പറയുന്നത്. ഒരു സിനിമ ചെയ്തിട്ട് അതിന്റെ പ്രമോഷന് പോകുമ്പോൾ കഥാപാത്രത്തെക്കുറിച്ച് കാര്യമായി എന്തെങ്കിലും പറയാൻ വേണമെന്നാണ് താരത്തിന്റെ അഭിപ്രായം. ചില സിനിമകളിൽ അഭിനയിക്കുമ്പോൾ യാതൊരു ഫീലും കിട്ടില്ലെന്നും താരം പറയുന്നു.

ബൂമറാങ് എന്ന ചിത്രത്തിന്റെ പ്രമോഷനിൽ സംയുക്ത പങ്കെടുക്കാത്തതിനെ ചൊല്ലി നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിന്റെ നിർമ്മാതാവും താരത്തിനെതിരെ പരസ്യമായി പരാതി പറഞ്ഞത് വാർത്തയായിട്ടുണ്ടായിരുന്നു. താൻ ഇനി ചെറിയ സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കില്ലെന്ന് സംയുക്ത പറഞ്ഞെന്നായിരുന്നു നിർമ്മാതാവ് ആരോപിച്ചിരുന്നത്.

അതേസമയം, മലയാള സിനിമയിലേയ്ക്ക് ഇനി താരം തിരികെ എത്തില്ല എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത്. വിവാദങ്ങളോടോ വിമർശനങ്ങളോടോ പ്രതികരിക്കാൻ സംയുക്ത ഇതുവരെ തയ്യാറായിട്ടില്ല. ഇതുവരെ സിനിമയുടെ നിർമ്മാതാവോ നടനോ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി താരം രംഗത്ത് എത്തിയിട്ടുമില്ല.