”എന്റെ കഥ കേട്ടാണ് പ്രിയദർശൻ മിഥുനം സിനിമയിലെ ഹണിമൂൺ സീൻ എടുത്തത്, ഞാൻ കമിഴ്ന്ന് കെടന്ന് വരെ അഭിനയിച്ച് കാണിച്ചു കൊടുത്തു”; മനസ് തുറന്ന് മേനക സുരേഷ്| Menaka Suresh| Suresh Kumar| Priyadarsan
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ഉർവശിയും പ്രധാനവേഷങ്ങളിലെത്തിയ മിഥുനം എന്നും മലയാളികൾ ഓർത്തിരിക്കുന്ന സിനിമയാണ്. സിനിമയിലെ പല സന്ദർഭങ്ങളും ജീവിതഗന്ധിയായിട്ടാണ് പ്രേക്ഷകർക്ക് തോന്നിയത്. അതുതന്നെയായിരുന്നു സിനിമയുടെ വിജയവും. മിഥുനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു രംഗമായിരുന്നു മോഹൻലാലിന്റെയും ഉർവ്വളിയുടെയും ഹണിമൂൺ.
വീട്ടിലുള്ള എല്ലാവരെയും വണ്ടിയിൽ കുത്തിനിറച്ച് ട്രിപ്പ് പോകുന്നതും ഉർവ്വശിയുടെ മുഖം കടന്നൽ കുത്തിയത് പോലെയാകുന്നതുമെല്ലാം വളരെ രസകരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് തങ്ങളുടെ കഥയാണെന്നാണ് നടി മേനക സുരേഷ് പറയുന്നത്. നിർമ്മാതാവായ സുരേഷ് കുമാറിനെയാണ് മേനക വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.
വിവാഹം കഴിഞ്ഞുള്ള ഇവരുടെ ഹണിമൂൺ മിഥുനം സിനിമയിലേത് പോലെ തന്നെയായിരുന്നു. യാത്ര കഴിഞ്ഞ് മേനക സംവിധായകനും തന്റെ സുഹൃത്തുമായ പ്രിയദർശനോട് ഈ കഥ പറഞ്ഞിരുന്നു. വെറുതെ പറയുകയല്ല ചെയ്തത്, സംഭവിച്ച ഓരോ കാര്യങ്ങളും അഭിനയിച്ച് കാണിച്ചാണ് പറഞ്ഞത്. ഇതെടുത്ത് പ്രിയദർശൻ തന്റെ സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു.
”കല്യാണം കഴിഞ്ഞ് എല്ലാവരും കൂടെ എവിടെയെങ്കിലും പോവാമെന്ന് കരുതി. അപ്പോൾ സുരേഷേട്ടനും അളിയനും കൂടെ വിദേശത്ത് പോവാമെന്ന് പറഞ്ഞു. ഒരുപാട് സ്ഥലങ്ങൾ നോക്കി, ഒടുവിൽ ഇന്ത്യയിൽ എവിടെയെങ്കിലും പോകാമെന്നായി. പക്ഷെ അവസാനം കന്യാകുമാരിയെന്ന് പറഞ്ഞു. ശരി, കന്യാകുമാരി എങ്കിൽ കന്യാകുമാരി എന്ന് പറഞ്ഞു.
ഞാനും ചേച്ചിയും കുഞ്ഞും റെഡി ആയി നിന്നു. രാത്രിയായിട്ടും ഇവർ വന്നില്ല. ഇത്ര വൈകി എങ്ങനെ യാത്ര പോകും എന്ന് പറഞ്ഞ് അച്ഛൻ നിരുത്സാഹപ്പെടുത്തി. ഞങ്ങൾ ബാഗെടുത്ത് റൂമിലേക്ക് പോയി, അന്ന് യാത്ര നടന്നില്ല. പിറ്റേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് പോവാമെന്ന് പറഞ്ഞു. അന്നും ഇവർ വരാൻ വൈകി. ഒടുവിൽ രാത്രി പത്ത് മണിക്കാണ് പോയത്.
പോകുമ്പോൾ ഞങ്ങൾ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു. എന്നാൽ വഴിയിൽ വെച്ച് നിരവധി സുഹൃത്തുക്കളെ കയറ്റി. ഒരു അംബാസിഡർ കാറിൽ കയറാവുന്ന പരമാവധി ആളുകൾ കയറി. ഞങ്ങളെല്ലാം തിങ്ങി ഞെരുങ്ങിയാണ് ഇരുന്നത്. മാത്രമല്ല ഇവർ റൂമൊന്നും ബുക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. പല ലോഡ്ജിലും കയറി ഇറങ്ങി, റൂം കിട്ടിയില്ല. അവസാനം ഒരു ഡോർമെറ്റ്റിയിൽ എല്ലാവരും കിടന്നു.
അടുത്ത ദിവസം എല്ലാവരും കൂടെ ഫ്രെഷ് ആകാനെല്ലാം ഒരുപാട് സമയം എടുത്തു. എല്ലാം കഴിഞ്ഞ് ഇനി എന്താ പരിപാടി എന്ന് ചേച്ചിയുടെ ഭർത്താവ് ചോദിച്ചപ്പോൾ, അവർക്ക് ദേഷ്യം വന്നു. മതി തിരിച്ച് വീട്ടിൽ പോകാം എന്ന് ചേച്ചി പറഞ്ഞത് മാത്രം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഇത് ഞാൻ പങ്കജ് ഹോട്ടലിൽ ഇരിക്കുന്ന സമയത്ത് വിശദമായി പ്രിയേട്ടനോട് പറഞ്ഞ് കൊടുത്തു. അത് തന്നെയാണ് മിഥുനം പടത്തിൽ വന്ന സീനിന് കാരണമായതെന്ന് പിന്നെയാണ് ഞാനറിഞ്ഞത്”- മേനക വ്യക്തമാക്കി.