”ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്നറിയാത്ത അവസ്ഥയിലായിരുന്നു അന്ന്, കരച്ചില്‍ രംഗങ്ങള്‍ക്ക് ഗ്ലിസറിന്‍ പോലും വേണ്ടിവന്നില്ല, ഏത് സമയത്തും കരയുമെന്ന അവസ്ഥയിലായിരുന്നു..” ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് വെളിപ്പെടുത്തി നടി ലെന | Lena


മലയാളത്തില്‍ വ്യത്യസ്തമായ ഒരുപിടി വേഷങ്ങള്‍കൊണ്ട് ശ്രദ്ധനേടിയ താരമാണ് നടി ലെന. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സിനിമയിലേക്കെത്തിയ താരം ഇന്നും മികച്ച വേഷങ്ങളിലൂടെ സിനിമാ രംഗത്ത് സജീവമാണ്. സിനിമയില്‍ മാത്രമല്ല സീരിയല്‍ രംഗത്തും ഏറെ തിളങ്ങാന്‍ ലെനയ്ക്ക് കഴിഞ്ഞിരുന്നു.

1998 മുതല്‍ സിനിമാ രംഗത്തുണ്ട് ലെന. നായികാ വേഷങ്ങളടക്കം ചെയ്‌തെങ്കിലും 2009വരെ വലിയ തോതില്‍ ശ്രദ്ധനേടാന്‍ ലെനയ്ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് ഓമനത്തിങ്കള്‍ പക്ഷി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് ലെന കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

തന്റെ ജീവിതത്തില്‍ ദൈവം തന്നെ വലിയ അവസരമായിട്ടാണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിനെ കാണുന്നതെന്ന് വെളിപ്പെടുത്തുകയാണ് ലെന. ഇതില്‍ അഭിനയിക്കുമ്പോള്‍ താന്‍ ക്ലിനിക്കല്‍ ഡിപ്രഷന്‍ പിടിപെട്ട അവസ്ഥയിലായിരുന്നെന്നും അതിനെ മറികടക്കാന്‍ ഈ സീരിയല്‍ വലിയ തോതില്‍ സഹായിച്ചെന്നുമാണ് ലെന വെളിപ്പെടുത്തുന്നത്. മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറയുന്നത്.

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്നറിയാത്ത അവസ്ഥയില്‍ ഇരിക്കുമ്പോഴാണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലേക്ക് അവസരം ലഭിച്ചതെന്നാണ് അവര്‍ പറയുന്നത്. സീരിയലിന്റെ സമയത്ത് താന്‍ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ക്ലിനിക്കല്‍ ഡിപ്രഷന്റെ പിടിയിലായിരുന്നു. കരച്ചില്‍ രംഗങ്ങള്‍ക്ക് തുടക്കത്തില്‍ ഗ്ലിസറിനൊന്നും ഉപയോഗിക്കേണ്ടി വന്നില്ല. ഏത് സമയത്തും കരയുമെന്ന സ്ഥിതിയിലായിരുന്നു താന്‍. അതുകൊണ്ടുതന്നെ ആ സീരിയല്‍ തനിക്ക് ദൈവംതന്ന അവസരമായാണ് കാണുന്നതെന്നും ലെന പറഞ്ഞു.

”ഡിപ്രഷനെ മറികടക്കുന്നത് ഓമനത്തിങ്കള്‍ പക്ഷിയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു. അതിന് ശ്രീവിദ്യാമ്മ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഈ സീരീസ് തന്നെ ഫ്രീയായിട്ട് കരയാനുള്ള സ്‌പേസായിരുന്നു. ദിവസവും രാവിലെ വന്ന് കരഞ്ഞോളൂ, അതിന് ഞങ്ങള് പൈസയും തരാം എന്നു പറഞ്ഞാല്‍, നമ്മുടെ ഡിപ്രഷന്‍ പെട്ടെന്ന് മാറും.” അവര്‍ പറയുന്നു.

സീരിയലിന്റെ സീനൊക്കെ വായിക്കുമ്പോള്‍ തന്നെ കരഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു താന്‍. ആ സമയത്ത് കരയാന്‍ മാത്രമേ പറ്റുമായിരുന്നുള്ളൂ. ഈ സീരിയലാണ് തനിക്ക് സിനിമയിലേക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതെന്നും ലെന പറയുന്നു.