‘സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം അഭിപ്രായം ചോദിക്കുന്നത് ആ വ്യക്തിയോട്, അദ്ദേഹത്തോട് ചോദിക്കാതെ ചില സിനിമകള്‍ ചെയ്തപ്പോള്‍ ബുദ്ധിമുട്ടി’; സിനിമയിലെ തന്റെ ‘ഗോഡ്‍ഫാദറി’നെ കുറിച്ച് ഹണി റോസ് | Actor Honey Rose
മലയാളത്തിലെ മാത്രമല്ല, സൗത്ത് ഇന്ത്യയിലെ തന്നെ വിലയേറിയ താരമാണ് ഇപ്പോള്‍ ഹണി റോസ്. തെലുങ്കിലെ സൂപ്പര്‍ താരം ബാലയ്യയോടൊത്തുള്ള ഹണിയുടെ പുതിയ ചിത്രം വീരസിംഹ റെഡ്ഡി തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഹണി റോസിനൊപ്പം ശ്രുതി ഹാസനും ചിത്രത്തിലുണ്ട്.
അതിന് മുമ്പായി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലും ശക്തവും വ്യത്യസ്തവുമായ കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്. ഹണി റോസ് പ്രതിനായികാ വേഷത്തിലെത്തിയ മോണ്‍സ്റ്ററിനെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹണിയുടെ വീടിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന അഭിമുഖങ്ങളും വീഡിയോകളുമാണ് യൂട്യൂബില്‍ ട്രെന്റിങ്ങായിരിക്കുന്നത്. ബിഹൈന്റ്‍വുഡ്‌സ് മലയാളത്തിലാണ് ഹണിയുടെ വീട്ടുവിശേഷങ്ങള്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. ഹണി റോസ് സിനിമയിലെത്തിയതിനെ കുറിച്ചും താരത്തിന്റെ വീട്ടിലെ കുസൃതികളെ കുറിച്ചുമെല്ലാം മാതാപിതാക്കള്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.
തമിഴ് സിനിമകളില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവങ്ങള്‍ ഹണി റോസ് മറ്റൊരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. തമിഴിലെ ഈ സിനിമ ഭയങ്കര സംഭവമാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അവിടെയുള്ള മാനേജര്‍മാര്‍ സിനിമയിലേക്ക് ക്ഷണിക്കുന്നതെന്ന് ഹണി പറയുന്നു. എന്നാല്‍ അഭിനയിച്ച് തുടങ്ങുമ്പോഴായിരിക്കും ഒരു തരത്തിലും ഗുണം ചെയ്യാത്ത സിനിമയാണ് ഇതെന്ന് മനസിലാകുന്നത്. ചിലര്‍ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കും. അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴല്ലേ ഓരോ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയൂ. ഇപ്പോഴാണെങ്കില്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്നും താരം അഭിമാനപൂര്‍വ്വം പറയുന്നു.
സിനിമയിലെ തന്റെ ഗുരുതുല്യനായ വ്യക്തിയെ കുറിച്ചും ഹണി റോസ് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. സംവിധായകന്‍ വിനയനാണ് തന്റെ ‘ഗോഡ്ഫാദര്‍’ എന്ന് ഹണി റോസ് പറയുന്നു.
‘ഒരു സിനിമ ഞാന്‍ ചെയ്യുമ്പോള്‍ ആദ്യം അറിയിക്കുന്നത് വിനയന്‍ സാറിനെയാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ അനുസരിക്കാറുണ്ട്. എ ന്നാല്‍ അദ്ദേഹത്തോട് അന്വേഷിക്കാതെയാണ് തുടക്കകാലത്ത് ചില തമിഴ് സിനിമകളില്‍ അഭിനയിക്കാന്‍ പോയത്. അതിന്റെ ബുദ്ധിമുട്ട് അവിടെ അനുഭവിക്കേണ്ടിയും വന്നു.’ -ഹണി റോസ് പറഞ്ഞു.
‘നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുക എന്നത് ഭാഗ്യമാണ്. യഥാസമയത്ത് അത്തരം സിനിമകള്‍ നമ്മളിലേക്ക് വന്നുചേരണം. കഠിനാധ്വാനം ചെയ്യുക എന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. ഒരു സിനിമയായിരിക്കും നമ്മുടെ തലവര മാറ്റുന്നത്. സിനിമാ ലോകത്ത് എന്തും ഏത് സമയത്തും സംഭവിക്കാം.’ -ഹണി പറഞ്ഞു.
English Summary / Content Highlights: Actress Honey Rose talks about her mentor in cinema.