‘ആ നിയമം ഞാനായിട്ട് തന്നെ തെറ്റിക്കുന്നത് ശരിയല്ല’; ഇരുപത് വർഷത്തിലേറെ അമേരിക്കയിൽ സ്ഥിരതാമസമായിട്ടും സാരിയും ചുരിദാറും മാത്രം ധരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ദിവ്യ ഉണ്ണി
ആകാശഗംഗ, ഫ്രണ്ട്‌സ്, ഉസ്താദ്, കഥാനായകന്‍, ദി ട്രൂത്ത്, സൂര്യപുത്രന്‍, വര്‍ണ്ണപ്പകിട്ട്, കല്യാണസൗഗന്ധികം, കാരുണ്യം, ഒരു മറവത്തൂര്‍ കനവ്, പ്രണയവര്‍ണ്ണങ്ങള്‍… അതെ, പറഞ്ഞ് വരുന്നത് ദിവ്യ ഉണ്ണിയെ കുറിച്ച് തന്നെയാണ്. മേല്‍പ്പറഞ്ഞ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ദിവ്യ ഉണ്ണി.
ഇപ്പോള്‍ അഭിനയിക്കുന്നില്ല എങ്കിലും അഭിനയിച്ച് അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങള്‍ മാത്രം മതി ഈ തനി മലയാളി സുന്ദരിയെ പ്രേക്ഷകര്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍. ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നില്ലെങ്കില്‍ പോലും ആരാധകര്‍ ദിവ്യ ഉണ്ണിയെ ഇഷ്ടപ്പെടാന്‍ കാരണം കഥാപാത്രങ്ങളെ അവതരിപ്പിച്ചതില്‍ ദിവ്യ പുലര്‍ത്തിയ മികവ് തന്നെയാണ്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ദിവ്യ ഉണ്ണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കല്യാണസൗഗന്ധികമാണ് നായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ദിവ്യ ഉണ്ണിയുടെ ചിത്രം എങ്കിലും അതിന് മുന്നേ തന്നെ ബാലതാരവും സഹതാരവുമായെല്ലാം ദിവ്യ സിനിമയിലുണ്ട്. കേവലം 14 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ദിവ്യ ഉണ്ണി കല്യാണസൗഗന്ധികത്തില്‍ നായികയായി എത്തുന്നത്.
നീയെത്ര ധന്യ എന്ന ചിത്രത്തിലൂടെ 1987 ലാണ് ദിവ്യ ഉണ്ണി എന്ന കുഞ്ഞുതാരം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് പൂക്കാലം വരവായി എന്ന ചിത്രത്തിലെ സ്‌കൂള്‍ കുട്ടിയായും ഓ ഫാബിയിലെ ബാലതാരമായുമെല്ലാമാണ് കുഞ്ഞുദിവ്യ മലയാളികളുടെ മനസില്‍ ഇടം പിടിച്ചത്.
മറ്റ് പല നടിമാരുടെയും കാര്യത്തിലെന്ന പോലെ വിവാഹശേഷമാണ് ദിവ്യ ഉണ്ണിയും സിനിമാജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുന്നത്. 2002 ലായിരുന്നു ദിവ്യയുടെ വിവാഹം. ഡോ. സുധീര്‍ ശേഖരന്‍ മേനോനെ വിവാഹം ചെയ്ത ശേഷം ദിവ്യ ഉണ്ണി അമേരിക്കല്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സിനിമയില്‍ നിന്ന് വിട്ടെങ്കിലും നൃത്താധ്യാപികയായി അവര്‍ തന്റെ കലാജീവിതം യു.എസ്.എയില്‍ തുടര്‍ന്നു.
2017 ല്‍ വിവാഹമോചനം നേടിയ ദിവ്യ ഉണ്ണി 2018 ല്‍ വീണ്ടും വിവാഹിതയായിരുന്നു. അരുണ്‍ കുമാറിനെയാണ് ദിവ്യ രണ്ടാമത് വിവാഹം ചെയ്തത്. ഇപ്പോഴും അവര്‍ യു.എസ്.എയിലാണ്.
ഇരുപത് വര്‍ഷത്തോളമായി അമേരിക്കയിലാണെങ്കിലും ദിവ്യ ഉണ്ണിയുടെ വസ്ത്രധാരണത്തില്‍ ഒരുതരത്തിലുമുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. അമേരിക്കയില്‍ മറ്റൊരു സംസ്‌കാരത്തില്‍ ജീവിച്ചിട്ടും അതൊന്നും ദിവ്യയെ സ്വാധീനിക്കാത്തത് എന്താണെന്ന് ആരാധകര്‍ പലപ്പോഴും ചിന്തിച്ച കാര്യമാണ്. ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ അക്കാര്യം പറഞ്ഞത്.
കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്ക് താമസം മാറിയപ്പോള്‍ അത് ദിനവ്യ ഉണ്ണിയെ മാറ്റിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദിവ്യ ഉണ്ണി. ഒരുപാട് മാറാന്‍ തന്നെ താന്‍ അനുവദിച്ചില്ല എന്നാണ് ദിവ്യ പറയുന്നത്. വസ്ത്രധാരണ രീതിയില്‍ പോലും മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിച്ചില്ല എന്നും ദിവ്യ പറയുന്നു. ഇന്ത്യന്‍ വസ്ത്രങ്ങളാണ് ഇപ്പോഴും ധരിക്കാറ്. സാരിയോ ചുരിദാറോ ആകും മിക്കപ്പോഴും വേഷമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
‘നൃത്തവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ ഇപ്പോഴും നാടുമായി ഒരു കണക്ഷനുണ്ട്. ഡാന്‍സ് സ്‌കൂളില്‍ ചുരിദാര്‍ മാത്രമേ പാടുള്ളൂ എന്നൊരു നിയമം ഞാന്‍ നടപ്പാക്കിയിട്ടുണ്ട്. അത് ഞാന്‍ തന്നെ തെറ്റിക്കുന്നത് ശരിയല്ലല്ലോ.’ -ദിവ്യ ഉണ്ണി പറഞ്ഞു.
‘അതേസമയം എന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണങ്ങളും വിനായക പാലടയുമെല്ലാം എനിക്ക് അമേരിക്കയിലിരിക്കുമ്പോള്‍ ശരിക്ക് മിസ് ചെയ്യുന്നുണ്ട്. അമേരിക്കയില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. ഞാന്‍ അധികസമയവും ആ ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ എവിടെയെങ്കിലും ഉണ്ടാവും. ഇപ്പോള്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നക് ബോധപൂര്‍വ്വമല്ല. എന്നും ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തണം എന്ന ആഗ്രഹമുണ്ട്. സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. മനസില്‍ തട്ടുന്ന കഥാപാത്രം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും.’ -ദിവ്യ ഉണ്ണി പറഞ്ഞു.
English Summary / Content Highlights: Actress Divya Unni reveals why she wear traditional Indian dress even after settled in the USA.