”മൊത്തം സിസ്റ്റത്തിലും ഒരു പാളിച്ച സംഭവിക്കുകയാണ്. ഞാനതിന്റെ ഇരയാണ്”; കണ്ട് മനസിലാക്കണമെന്ന് ദർശന രാജേന്ദ്രൻ| Darshana Rajendran| Purusha Pretham


മലയാളസിനിമാ ചരിത്രത്തിലെ നായികാ സങ്കൽപ്പങ്ങളെ പൊളിച്ച് പണിയുന്ന താരങ്ങളിലൊരാളാണ് യുവനടി ദർശന രാജേന്ദ്രൻ. ചെറിയ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച് ഇപ്പോൾ മലയാളത്തിലെ മുൻനിര നടിമാരിലൊരാളായി മാറിയിരിക്കുകയാണ് താരം. ദർശന നായികയായെത്തിയ ബേസിൽ ജോസഫിന്റെ ജയ് ജയ് ഹേ എന്ന സിനിമയുടെ വിജയത്തിന് ശേഷം അഭിനയിച്ച പുരുഷ പ്രേതവും മികച്ച പ്രതികരണമാണ് നേടുന്നത്.

താരം ഇതുവരെ ചെയ്ത സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് പുരുഷപ്രേതത്തിലെ സൂസൻ. മൊത്തം സിസ്റ്റത്തിലും ഒരു പാളിച്ച സംഭവിക്കുകയാണ്. ഞാനതിന്റെ ഇരയാണ്. ഇത്തരം സിനിമകളേക്കുറിച്ച് അധികം സംസാരിക്കരുത്, കണ്ട് മനസിലാക്കണമെന്നാണ് തോന്നുന്നത് എന്നാണ് പുരുഷ പ്രേതത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്.

ആവാസവ്യൂഹം റിലീസ് ചെയ്യുന്നതിനും മുൻപാണ് കൃഷാന്ദ് ദർശനയോട് കഥ പറയുന്നത്. ഫോണിലൂടെ കഥ കേൾക്കുമ്പോൾ തന്നെ താൻ ഇതിന്റെ ഭാ​ഗമാകാൻ പോവുകയാണെന്ന് മനസിലുറപ്പിച്ചിരുന്നു എന്നാണ് താരം പറയുന്നത്. തനിക്ക് ഇതിൽ നിന്ന് ഒരുപാട് പഠിക്കാൻ സാധിച്ചു എന്നും ദർശന വ്യക്തമാക്കി.

”ഒരുപാട് പരീക്ഷണങ്ങൾ നടത്തിയാണ് അദ്ദേഹം സിനിമയെടുക്കുന്നത്. അത് ശരിയാകാം തെറ്റാകാം, എന്നാൽ ആ പ്രക്രിയയിൽ കൃഷാന്ദ് വിശ്വസിക്കുന്നു. അങ്ങനെയുള്ള ഇടങ്ങൾ എനിക്കും ഇഷ്ടമുള്ളതാണ്. നാടകങ്ങളിലും ഇത്തരം പരീക്ഷണങ്ങൾ ഉണ്ട്. പുരുഷ പ്രേതം എനിക്ക് തൃപ്തി നൽകിയ അനുഭവമാണ്”- താരം പറയുന്നു.

പുരുഷപ്രേതത്തിൽ അഭിനയിച്ച എല്ലാ താരങ്ങളെയും കൃഷാന്ദ് ഇതുവരെ കാണാത്ത രീതിയിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. ഒരുപാട് കാലം കൊണ്ട് കണ്ടുവരുന്ന അഭിനേതാക്കളെ തീർത്തും വ്യത്യസ്തമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. കാലങ്ങൾ കൊണ്ട് സിനിമ നമ്മളെ ഒരിടത്ത് ‘പ്ലേസ്’ ചെയ്യും. അതിൽ നിന്ന് പുറത്തുവന്ന് കാണുക എനിക്ക് വലിയ സന്തോഷം നൽകുന്നുണ്ടെന്നും ദർശന പറയുന്നു.

”സ്ഥിരമായി കണ്ടുവരുന്ന രീതികളിൽ നിന്ന് മാറി, ദൃശ്യ ഭാഷയിൽ മാറ്റമുള്ളത് വ്യക്തമാണ്. ഒരു കൊറിയോഗ്രഫിയുണ്ട് ആ സീനുകൾക്ക്. ഉദാഹരണം പറഞ്ഞാൽ, ശവശരീരം ഒഴുകിവരുന്നത് കാണുന്ന സീനിൽ അവർ ഒരേപോലെ ശരീരം ചലിപ്പിക്കുന്നത് ഒരു ‘കൊറിയോഗ്രഫിക് മൂവ്മെന്റ്’ ആണ്. ശരിക്കും അങ്ങനെ സംഭവിക്കില്ലല്ലോ. അത്തരമൊരു ദൃശ്യ ഭാഷ സിനിമയിൽ ഉടനീളമുണ്ട്”- ദർശന വ്യക്തമാക്കി.