”ഞാനും ഇടയ്ക്ക് ഇടയ്ക്ക് ലൊക്കേഷനിൽ വരാറുണ്ടായിരുന്നു, നിനക്ക് ഓർമ്മയുണ്ടായിരുന്നോ”; ഭാവന ഷൈനിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചപ്പോൾ സൗബിൻ | Bhavan | Soubin Shahir| Shine Tom Chakko
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്ത ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയാണ് ഭാവനയുടെ ഇപ്പോൾ പുറത്തിറങ്ങിയ ചിത്രം. ബാല്യകാല പ്രണയം, നഷ്ടപ്രണയം എന്നിവ പശ്ചാത്തലമാകുന്ന കുടുംബ ചിത്രത്തിൽ ഷറഫുദ്ദീനാണ് നായകനായെത്തിയത്.
ഇതോടെ ഭാവന വീണ്ടും അഭിമുഖങ്ങളും മറ്റുമായി തെന്നിന്ത്യയുടെ മരുമകളായ ഭാവന ഇപ്പോൾ മലയാളികൾക്ക് കയ്യെത്തും ദൂരത്ത് എത്തി നിൽക്കുകയാണ്. ആഴ്ചകൾക്ക് മുൻപ് താരം ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2022 ഡിസംബറിൽ ഭാവന തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു.
2002ൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ നമ്മൾ എന്ന സിനിമയിലെ ചിത്രീകരണത്തിനിടെ പകർത്തിയ ഒരു പടമായിരുന്നു അത്. സംവിധായകൻ കമലിനും മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പം ഭാവന നിൽക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ ഷൈൻ ടോം ചാക്കോയുമുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം കമലിന്റെ സഹ സംവിധായകൻ ആയിരുന്നു. പിന്നീടാണ് അഭിനേതാവായി മാറുന്നത്.
ഈ ഫോട്ടോ താൻ പോസ്റ്റ് ചെയ്തപ്പോൾ തനിക്ക് സിനിമാ മേഖലയിലുള്ള പലരും മെസേജ് അയയ്ച്ചു എന്നാണ് താരം പറയുന്നത്. നടൻ സൗബിൻ ഷാഹിർ, ഞാനും ഇടയ്ക്ക് ഇടയ്ക്ക് ലൊക്കേഷനിൽ വരാറുണ്ടായിരുന്നു, നിനക്ക് ഓർമ്മയുണ്ടായിരുന്നോ എന്ന് ഭാവനയോട് ചോദിച്ചു. സൗബിനും അക്കാലത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയാണ് പ്രവർത്തിച്ചിരുന്നത്.
”ആ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ കുറെ പേർ എനിക്ക് മെസേജ് അയയ്ച്ചു. സൗബിൻ ചേട്ടൻ എനിക്ക് മെസേജ് അയയ്ച്ചിരുന്നു. ഞാനും ഇടയ്ക്ക് ഇടയ്ക്ക് ലൊക്കേഷനിൽ വരാറുണ്ടായിരുന്നു, നിനക്ക് ഓർമ്മയുണ്ടായിരുന്നോ എന്ന്. ക്രോണിക് ബാച്ച്ലറിൽ സൗബിൻ ചേട്ടൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അതെനിക്ക് ഭയങ്കര ഓർമ്മയുണ്ട്. ഷോട്ട് റെഡിയാണെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നതൊക്കെ അവരാണ്.
അന്ന് ഞാൻ ഷൈൻ ചേട്ടാ എന്നാ വിളിച്ചുകൊണ്ടിരുന്നത്. ഇപ്പോ അങ്ങനെ പറയുമ്പോൾ എന്തോ പോലെ തോന്നും. ആഷിഖ് അബുവിനെ ആഷിക്കാ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ ആഷി എന്നാക്കി. കുറച്ച് കഴിഞ്ഞ് മുതിർന്നപ്പോൾ എന്തോ പോലെ തോന്നും. അന്ന് പിന്നെ കൊച്ചു കുട്ടിയാണ് എന്ന ഒരു തോന്നലിലാണ് എല്ലാവരെയും അങ്ങനെ വിളിച്ചത്”- ഭാവന വ്യക്തമാക്കി.