”ഒൻപത് മാസത്തോളം ഒരു റൂമിനകത്ത് കഴിയേണ്ടി വന്നു, സിനിമ വിടേണ്ടി വരുമെന്ന് കരുതി”; സിനിമാ പ്രമോഷനിടെ കരച്ചിൽ നിയന്ത്രിക്കാനാകാതെ അനുശ്രീ| Anusree| Kallanum Bagavathiyum


ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത് കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയ കള്ളനും ഭ​ഗവതിയുമാണ് അനുശ്രീയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം. സിനിമയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങളിലും മറ്റും സജീവമായിരുന്നു താരം. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കെടുത്ത പരിപാടിയിൽ കരച്ചിലടക്കാനാകാതെ ഇരിക്കുന്ന അനുശ്രീയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നാളുകൾക്ക് മുൻപ് അനുശ്രീയുടെ ഒരു കൈ പാരലൈസ്ഡ് ആയിട്ടുണ്ടായിരുന്നു. ഇതേ തുടർന്ന് ഏകദേശം ഒരു വർഷത്തോളം നടി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു. താരം തന്നെയാണ് ഇക്കാര്യം തന്റെ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ വീണ്ടും അതേക്കുറിച്ച് പറഞ്ഞ് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് നടി. കരയുന്നതിനിടെ ഈ ഭാ​ഗം സംപ്രേക്ഷണം ചെയ്യണ്ടായെന്നും നടി പറയുന്നുണ്ട്.

എടയ്ക്ക് നടന്ന് പോകുന്നതിനിടയ്ക്ക് കൈ തളർന്ന് പോകുന്നപോലെ തോന്നി, ഇതായിരുന്നു തുടക്കം. മൂന്ന് മാസത്തിന് ശേഷമാണ് രോ​ഗം കണ്ടുപിടിച്ചത്. ഷോൾഡറിന്റെ ഭാ​ഗത്ത് ഒരു എല്ല് വളർന്ന് വരികയായിരുന്നു. സർജറി ചെയ്യേണ്ട സമയം അതിക്രമിച്ചതിന് ശേഷമായിരുന്നു രോ​ഗം ഡയ​ഗ്നോസ് ചെയ്തത്. അനുശ്രീ അഭിനയിച്ച ഇതിഹാസ റിലീസ് ചെയ്യുന്ന സമയം ആയിട്ടുണ്ടായിരുന്നു അപ്പോൾ.

”സർജറി ചെയ്ത് എട്ട്, ഒൻപത് മാസത്തോളം എന്റെ കയ്യ് പാരലൈസ്ഡ് ആയിരുന്നു. സിനിമയെല്ലാം കെട്ടിപൂട്ടി വെക്കേണ്ട അവസ്ഥയിലേക്കെത്തി. ഒൻപത് മാസത്തോളം ഒരു റൂമിനുളളിൽ കഴിയേണ്ടി വന്നു”- അനുശ്രീ പറഞ്ഞു. ഇത്രയും പറഞ്ഞിട്ട് താരം കരയുകയായിരുന്നു. തുടർന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണനും അവതാരകനും ചേർന്ന് ആശ്വസിപ്പിച്ചതിന് ശേഷമാണ് അനുശ്രീ പൂർവ്വസ്ഥിതിയിലേക്ക് എത്തിയത്.

കള്ളനും ഭ​ഗവതിയും എന്ന സിനിമയിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ. സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല , ജയകുമാർ, മാലാ പാർവ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.