”വായയും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചു, പുറത്ത് കയറിയിരുന്ന് മർദ്ദിച്ചു”; മുൻ കാമുകന്റെ അതിക്രമം തുറന്ന് കാട്ടി നടി അനിഖ വിക്രമൻ| anicka vikhraman| Abusive relationship


മുൻ കാമുകൻ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി നടി അനിഖ വിക്രമൻ രംഗത്ത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ദുരനുഭവം തുറന്ന് പറഞ്ഞത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. മുൻ കാമുകൻ അനൂപ് പിള്ളയാണ് തന്നെ മർദ്ദിച്ചത് എന്നാണ് അനിഖ വിക്രമൻ ആരോപിക്കുന്നത്. ഇയാൾക്കെതിരെ നടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. ഇപ്പോഴും തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് എഴുതുന്നതെന്നും അനിഖ വിക്രമൻ പോസ്റ്റിൽ പറയുന്നുണ്ട്.

അനിഖയുടെ കുറിപ്പ്

ഏതാനും വർഷങ്ങളായി അനൂപ് പിള്ള തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. അയാൾ രണ്ടാം തവണയും ഉപദ്രവിച്ചപ്പോൾ ഞാൻ ബാംഗ്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യം അയാൾ ചെന്നൈയിൽ വെച്ചായിരുന്നു എന്നെ മർദ്ദിച്ചത്. അന്ന് അയാൾ കരഞ്ഞ് അപേക്ഷിച്ചതിനാൽ ഞാൻ സംഭവം വിട്ടുകളഞ്ഞു. ഞാൻ വിഡ്ഢിയായി. രണ്ടാം തവണയും ആവർത്തിച്ചപ്പോൾ ഞാൻ പരാതി നൽകിയെങ്കിലും പൊലീസുകാർക്ക് പണം നൽകി അയാൾ വലയിലാക്കി. തനിക്കൊപ്പം പൊലീസ് ഉണ്ടെന്ന ധാർഷ്‍ട്യത്തിൽ അയാൾ മർദ്ദനം തുടർന്നു.

ഷൂട്ടിംഗിന് പോകാതിരിക്കാൻ വേണ്ടി അയാൾ എന്റെ ഫോൺ എറിഞ്ഞുതകർക്കുക വരെ ചെയ്‍തു. ഹൈദരാബാദിലേക്ക് മാറുന്നതിന് മുമ്പ് അയാൾ എന്റെ ഫോൺ ലോക്ക് ചെയ്‍തതിന് ശേഷം ശാരീരികമായി ആക്രമിച്ചു. അയാൾ എന്റെ മുകളിൽ കയറിയിരുന്നു. വായും മൂക്കും പൊത്തിപ്പിടിച്ചു. ഞാൻ ബോധം കെടുമെന്ന് തോന്നിയപ്പോഴാണ് അയാൾ കൈ മാറ്റിയത്. മർദ്ദനത്തിൽ പരുക്കേറ്റ മുഖം വെച്ച് എങ്ങനെ നീ അഭിനയിക്കുമെന്ന് കാണാമെന്ന് പറഞ്ഞാണ് മർദ്ദിച്ചിരുന്നത്. ശാരീരികമായും മാനസികമായും ശരിയാകാൻ കുറേ ദിവസം കഴിയേണ്ടി വന്നു.

അയാളുടെ ക്രൂരത എനിക്ക് ക്ഷമിക്കാനാകില്ല. ഇപ്പോൾ ന്യൂയോർക്കിൽ ഒളിവിലാണ് അയാൾ. എനിക്ക് ഭീഷണി വരുന്ന സാഹചര്യത്തിലാണ് ഞാൻ ഇതെല്ലാം തുറന്ന് എഴുതുന്നത്. ഇങ്ങനെ ഒരാൾക്ക് ഒപ്പം കഴിഞ്ഞതിന് ഞാൻ എന്നോട് തന്നെ സ്വയം ക്ഷമിക്കാൻ ഒരു മാസം എടുത്തായിരുന്നു ആ ഓർമകളിൽ നിന്ന് മോചിതയായത് എന്നും കർമയിൽ വിശ്വസിക്കുന്ന ആളാണ് താൻ- അനിഖ വ്യക്തമാക്കി.