നിങ്ങൾ തമ്മിൽ ലവ് ആണോ? യുവനടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി മനസ് തുറക്കുന്നു


ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. അഭിനയ രം​ഗത്തെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിലൊരാളായി മാറാൻ ഐശ്വര്യക്ക് കഴിഞ്ഞു. മലയാളത്തിന് പുറമേ മറ്റ് ഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനവും കാഴ്ചവെച്ചു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിൽ അഭിനയിച്ചതിലൂടെയാണ് താരം തെന്നിന്ത്യൻ സിനിമാലോകത്ത് സുപരിചിതയാകുന്നത്. ഈ കാലയളവിൽ​ ​ഗോസിപ്പുകൾക്കൊന്നും ഐശ്വര്യ ലക്ഷ്മി പിടികൊടുത്തിരുന്നില്ല. എന്നാൽ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഏറെ ചർച്ചയായിരുന്നു.

തമിഴ് യുവനടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ചിത്രത്തിനൊപ്പം ഒരു ഹാര്‍ട്ട് ഇമോജി ക്യാപ്ഷനായി നല്‍കിയതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകളും ആരംഭിച്ചു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള കമന്റുകളാണ് എല്ലായിടത്തും പ്രത്യക്ഷപ്പെട്ടത്. നടിയുടെ അടുത്ത സുഹൃത്തുക്കള്‍ ഇരുവരെയും അഭിനന്ദിച്ച് രംഗത്തു വന്നതും ആരാധകരില്‍ ആശയക്കുഴപ്പമുണ്ടാക്കി. പുതിയ സിനിമയുടെ പ്രഖ്യാപനമായിരിക്കും, സസ്‌പെന്‍സ് വയ്ക്കാതെ കാര്യം പറയൂ എന്നിങ്ങനെയൊക്കെയാണ് ചില കമന്റുകള്‍. എന്നാൽ ആരാധകരുടെ കമന്റുകൾക്ക് മറുപടിയുമായി രം​ഗത്തുവന്നിരിക്കുകയാണ് ഐശ്വര്യ.

എന്റെ തൊട്ടു മുൻപത്തെ പോസ്റ്റിനെക്കുറിച്ച്… ഇത് ഇത്രയും വലിയ ചർച്ചയാകുമെന്ന് വിചാരിച്ചില്ല. ഞങ്ങൾ കണ്ടുമുട്ടി. ഒരു ചിത്രം പകർത്തി. അത് പോസ്റ്റ് ചെയ്‌തു അത്രമാത്രം. ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്, മറ്റൊന്നുമില്ല. കഴിഞ്ഞ ദിവസം മുതലേ എനിക്ക് സന്ദേശമയക്കുന്ന അർജുൻ ദാസ് ആരാധകരോട്, അദ്ദേഹം നിങ്ങളുടേത് മാത്രമാണ്,’ ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.


‘കൈതി’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ ദാസ് സുപരിചിതനാകുന്നത്. മാസ്റ്ററിലും മികച്ച വേഷമായിരുന്നു താരത്തിന്റേത്. പുത്തം പുതു കാലൈ വിടിയാത എന്ന തമിഴ് ആന്തോളജിയിൽ ഐശ്വര്യയും അർജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകൾ ഉണ്ടായിരുന്ന സീരിസിൽ ലോണേഴ്സ് എന്ന കഥയിലാണ് അർജുൻ എത്തിയത്. നിഴൽ തരും ഇദം എന്ന കഥയിലായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായെത്തിയത്.

Summary: Actress Aishwarya Lakshmi opens up about the photo with young actor Arjun Das