‘വെൽകം ഭാവന, നിൻ കൂടെ’..; ഭാവനയ്ക്ക് ആശംസകളുമായി ജാക്കി ഷ്റോഫ് മുതൽ കുഞ്ചാക്കോ ബോബൻ വരെ| Bhavana| tovino thomas| parvathy thiruvothu


നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് പ്രിയ നടി ഭാവന. താരത്തിന്റെ തിരിച്ച് വരവ് ആഘോഷമാക്കി ആശംസകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മറ്റ് താരങ്ങൾ.

നടൻ മാധവൻ മുതൽ മഞ്ജു വാര്യർ വരെ ഭാവനയെ സിനിമയിലേക്ക് രണ്ടാം ഇന്നിംഗ്‌സ് നടത്തുമ്പോൾ ആശംസകളോടെ സ്വീകരിക്കുകയാണ്. നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, പാർവതി, ജാക്കി ഷ്‌റോഫ്, ജിതേഷ് പിള്ള, പ്രിയാമണി എന്നിവരാണ് ഭാവനക്ക് ആശംസകൾ നേരുന്നത്. ഇതിന്റെ വീഡിയോ ഭാവന തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഈ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവരോടും, ഞാൻ മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി. നാളെ മുതൽ മറ്റൊരു ഇന്നിങ്സ് ആരംഭിക്കുകയാണ്- വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാവന കുറിച്ചത് ഇങ്ങനെയാണ്. ഭാവനയുടെ ഈ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് പ്രേക്ഷകരുടെ ഇടയിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ നാളെ (ഫെബ്രുവരി 24) തിയേറ്ററുകളിലെത്തും. ഭാവനക്കൊപ്പം നടൻ ഷറഫുദ്ധീനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലണ്ടൻ ടാക്കീസ്, ബോൺഹോമി എന്റർടൈൻമെന്റ്‌സും ചേർന്ന് രാജേഷ് കൃഷ്‌ണ, റെനീഷ് അബ്‌ദുൾ ഖാദർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ റഷ്‌ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. അനാർക്കലി നാസർ, അഫ്‌സാ‌ന ലക്ഷ്‌മി‌, ഷെബിൻ ബെൻസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

2017ലായിരുന്നു അവസാനമായി ഭാവന മലയാളത്തിൽ അഭിനയിച്ചത്. ജീവിതത്തിലെ വലിയ പ്രതിസന്ധികൾ തരണം ചെയ്ത് കാലങ്ങൾക്ക് ശേഷം മലയാള സിനിമയിലെത്തുന്ന താരത്തെ അഭിനന്ദിച്ച് സിനിമാ താരങ്ങൾക്ക് പുറമേ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു. ഭാവന, മലയാളത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നില്ലെങ്കിലും ഇക്കാലയളവിൽ കന്നട, തമിഴ് , തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടാണ് ഭാവനയുടെ നിലവിൽ ചിത്രീകണം നടക്കുന്ന മലയാള സിനിമ.

2002ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, പാഠം ഒന്ന് ഒരു വിലാപം, സ്വപ്‌നക്കൂട്, ഇവർ, ചതിക്കാത്ത ചന്തു, റൺവേ, ദൈവ നാമത്തിൽ, നരൻ, ഉദയനാണ് താരം, ചിന്താമണി കൊലക്കേസ്, ചോട്ടാ മുംബൈ, സാഗർ എലിയാസ് ജാക്കി, ഇവിടെ, ഹണി ബീ, ആദം ജോൺ എന്നിങ്ങനെ തൊണ്ണൂറിൽപരം സിനിമകളിൽ അഭിനയിച്ചു.