”മമ്മൂട്ടി ഒരു ശുദ്ധനായ മനുഷ്യനാണ്, ചിലർ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയും”; അയാളെപ്പറ്റി പലരും പലതും പറയുമെന്ന് നടൻ വിജയരാഘവൻ| Vijayaraghavan| Mammootty
മമ്മൂട്ടിയെക്കുറിച്ച് പലരും പലതും പറയും, പക്ഷേ അദ്ദേഹം ഒരു ശുദ്ധനായ മനുഷ്യനാണെന്ന് നടൻ വിജയരാഘവൻ. അതേസമയം ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. വിജയരാഘവന്റെ ഏറ്റവും പുതിയ സിനിമയായ പൂക്കാലം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് പ്രതിപാദിച്ചത്.
”എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് മമ്മൂട്ടി. അയാളെക്കുറിച്ച് പലരും പലതും പറയും. സാധാരണ ഒരു ശുദ്ധനായ മനുഷ്യനാണ് അദ്ദേഹം. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് ചിലർ പറയില്ലേ. എന്ന് വെച്ചാൽ പുള്ളിക്ക് തോന്നുന്നത് പുള്ളി പറയും. ചിലപ്പോൾ ഒരാവശ്യവും ഇല്ലാത്ത കാര്യമായിരിക്കും. പറയണ്ട കാര്യമില്ല അത്. അതേസമയും പറഞ്ഞത് കൊണ്ട് വലിയ അപകടവുമില്ല.
എന്നാൽ മമ്മൂട്ടി അങ്ങനെ പറയാമോ എന്നൊക്കെ ചിലർ പറയും. മമ്മൂട്ടി വളരെ നല്ല ഒരു സാധാരണ മനുഷ്യനാണ്. അയാൾ ഇന്നും പുതിയ പുതിയ റോളുകളിൽ അഭിനയിക്കണം പുതിയ സിനിമയുണ്ടാകണം സിനിമയിൽ എന്തെല്ലാം ചെയ്യാൻ പറ്റും എന്നെല്ലാം നോക്കി നടക്കുകയാണ്. ഞാൻ അദ്ദേഹത്തിൽ കണ്ട ക്വാളിറ്റി ഇതാണ്. ഇന്നലെ സിനിമയിലേക്ക് അഭിനയിക്കാൻ വന്ന ഒരു നടനെപ്പോലെയാണ് പുള്ളി.
ഒരു കൊച്ചു കുട്ടിയെ പോലെ മനസിൽ സിനിമയെ താലോലിക്കുന്ന സിനിമയെ ഇഷ്ടപ്പെടുന്ന ഒരാളാണ്. പുള്ളിക്ക് ഒരാഴ്ച പോലും വീട്ടിൽ വെറുതെയിരിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങേർക്ക് അഭിനയിക്കണം. അത്രമാത്രം സിനിമയെ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ട് തന്നെയാണ് എനിക്ക് അയാളെ ഇഷ്ടമാവുന്നത്. ചെയ്യുന്ന പ്രവൃത്തിയോട് അത്രമാത്രം ആത്മാർത്ഥതയുള്ള ആളുകളെ എനിക്ക് ഇഷ്ടമാണ്”- വിജയരാഘവൻ പറഞ്ഞ് നിർത്തി.
അന്തരിച്ച നടനും നാടാകാചാര്യനുമായ എൻഎൻ പിള്ളയുടെ മകനായ വിജയരാഘവൻ 1973ൽ കാപാലിക എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1983-ൽ ഇറങ്ങിയ “സുറുമയിട്ട കണ്ണുകൾ എന്ന സിനിമയിലാണ് വിജയരാഘവൻ നായകനാവുന്നത്. ഈ സമയത്തെല്ലാം അദ്ദേഹം നാടകത്തിലും സജീവമായിരുന്നു. ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി ആണ് വിജയരാഘവന് കരിയർ ബ്രേക്ക് നൽകിയ ചിത്രം. ഇതോടെ മലയാള സിനിമയിലെ തിരക്കുള്ള നടനായി അദ്ദേഹം മാറുകയായിരുന്നു.
1989-ൽ ഇറങ്ങിയ റംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായ റാംജിറാവുവിനെ അവതരിപ്പിച്ച് അദ്ദേഹം പ്രേക്ഷക പ്രീതി നേടി. തുടർന്നങ്ങോട്ട് വില്ലനായും സഹനായകനായും നായകനായുമെല്ലാം വിജയരാഘവൻ അഭിനയിച്ചു. തൊണ്ണൂറുകളിൽ ലോ ബജറ്റ് സിനിമകളിലെ നായകനായി വിജയരാഘവൻ നിറഞ്ഞു നിന്നു. മലയാളം കൂടാതെ ചില തമിഴ് സിനിമകളിലും വിജയരാഘവൻ അഭിനയിച്ചിട്ടുണ്ട്.