”നരേന്ദ്രപ്രസാദും മുരളിയും മരിച്ചത് മദ്യപാനം കൊണ്ടല്ല”; വർഷങ്ങൾക്ക് ശേഷം തുറന്ന് പറച്ചിലുമായി ഡബ്ബിങ് കലാകാരനും അഭിനേതാവുമായ പ്രഫസർ അലിയാർ| Murali| Narendra Prasad | V Aliyar Kunju


മലയാളസിനിമയ്ക്ക് തീരാനഷ്ടം എന്ന് പലരും പറഞ്ഞ് തഴകിയ പ്രയോ​ഗം തികച്ചും അന്വർത്ഥമാക്കുന്ന പ്രതിഭകളായിരുന്നു അന്തരിച്ച നടൻമാരായ നരേന്ദ്രപ്രസാദും മുരളിയും. ഇരുവരുടെയും വിയോ​ഗം സിനിമാപ്രേമികൾക്ക് ഉൾക്കൊള്ളാൻ പോലും പ്രയാസം നേരിട്ടു. നരേന്ദപ്രസാദ് നമ്മെ വിട്ട് പോയിട്ട് പതിനെട്ട് വർഷങ്ങൾ കഴിഞ്ഞു. മുരളി പോയിട്ട് 14 വർഷങ്ങളും കഴിഞ്ഞു.

ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്കിടയിലും മറ്റും പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. അമിതമദ്യപാനമാണ് താരങ്ങളെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു അത്. എന്നാൽ വർഷങ്ങൾക്ക് ശേഷം നടനും അദ്ധ്യാപകനുമായ വി അലിയാർകുഞ്ഞ് എന്ന അലിയാർ താരങ്ങളുടെ യഥാർത്ഥ മരണ കാരണം തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ്.

നരേന്ദ്രപ്രസാദുമായും മുരളിയുമായും വളരെ അടുത്ത സൗഹൃദമുണ്ടായിരുന്ന ആളായിരുന്നു അലിയാർ. നാടകങ്ങളിലൂടെയാണ് ഇവരുടെ സൗഹൃദം ദൃഢപ്പെടുന്നത്. അതേസമയം അലിയാർ സിനിമയിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും വേണ്ടത്ര തിളങ്ങങ്ങാൻ കഴിഞ്ഞിരുന്നില്ല. നാടകം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മേഖല.

അമ്പത്തിനാലാമത്തെ വയസിലാണ് മുരളിയും നരേന്ദ്രപ്രസാദും മരിക്കുന്നത്. ഒരിക്കലും ഇത് അവരുടെ പാളിച്ചകൊണ്ട് ഉണ്ടായ മരണമാണെന്ന് താൻ പറയില്ല എന്നാണ് അലിയാർ പറയുന്നത്. മരിക്കുന്നതിന് രണ്ട് മാസം മുൻപും മുരളി ഫുൾ ബോഡി ചെക്ക്അപ്പ് നടത്തിയതായിരുന്നു. അതിൽ ഹൃദയത്തിന് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. ഡയബറ്റിക്സ് പേഷ്യന്റ് ആയ മുരളി പ്രഭതനടത്തം മുതൽ ആരോ​ഗ്യശ്രദ്ധയുള്ള ആളായിരുന്നു എന്നാണ് അലിയാർ പറയുന്നത്.

മരിക്കുന്ന സമയത്ത് കേരള സം​ഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്നു മുരളി. അലിയാർ ആ സമയത്ത് അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു. ഇക്കാലയളവിൽ ഇരുവരും അടുത്തടുത്തായിരുന്നു താമസിച്ചത്. എല്ലാ ദിവസവും രാവിലെ ഒന്നിച്ച് നടക്കാൻ പോയിരുന്നതും അലിയാർ ഓർക്കുന്നു. ”തൃശൂരിൽ വെച്ച് മുരളിക്ക് ഷു​ഗർ കൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. അപ്പോൾ എല്ലാവിധ ചെക്കപ്പും നടത്തിയതാണ്. ഒന്നിനും ഒരു കുഴപ്പവുമില്ലായിരുന്നു.

യഥാർത്ഥത്തിൽ ഹൃദയം തകർന്നാണ് മുരളി മരിക്കുന്നത്. മരിക്കുന്ന ദിവസം രാവിലെ മുതൽ അദ്ദേഹത്തിന് നെഞ്ച് വേദയുണ്ടായിരുന്നു. നെഞ്ചെരിച്ചിൽ ആകുമെന്ന് കരുതി കട്ടൻ ചായയും ജെലൂസിലുമെല്ലാം കഴിച്ച് ദിവസം തള്ളി നീക്കി. രാത്രി തീരെ വയ്യാതെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഹൃദയം ആകെ തകർന്നിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. ചിന്നഭിന്നമായ ഹൃദയവുമായിട്ടാണ് മുരളി ആശുപത്രിയിൽ എത്തുന്നത്. നേരത്തെ കാണിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു”- അലിയാർ കൂട്ടിച്ചേർത്തു.

ശ്വാസകോശവുമായി ബന്ധപ്പെട്ട രോ​ഗം മൂലമാണ് നരേന്ദ്രപ്രസാദ് മരിച്ചത്. ”ഈ രോ​ഗം വന്നാൽ ശ്വാസകോശം പ്രവർത്തിക്കാതെയാകും. ശ്വാസം എടുക്കാൻ കഴിയില്ല പിന്നെ. അന്തരിച്ച നടൻ സൈനുദ്ധീനും ഇതേ അസുഖമായിരുന്നു. ഇരുവരുടെയും ജീവിതത്തിൽ മദ്യം ഒരു വില്ലനേ അല്ലായിരുന്നു”- അദ്ദേഹം വ്യക്തമാക്കി.