“എന്റെ ഗന്ധർവൻ ഇങ്ങനെയല്ല, എന്നാലും ഇതെനിക്ക് ഇഷ്ടപ്പെട്ടു”; ആരാധകരോട് സംവദിച്ച് ഉണ്ണി മുകുന്ദൻ|Gandharva| Unni Mukundan
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഉണ്ണി മുകുന്ദൻ പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. താരം നായകനായി എത്തിയ മാളികപ്പുറം വൻ വിജയമായിരുന്നു. അതിനു പിന്നാലെ ഗന്ധർവ ജൂനിയർ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച സിനിമയുടെ ഒരു ഫാൻ മേഡ് ചിത്രമാണ്.
കിരീടം ചൂടി ഗന്ധർവന്റെ രൂപത്തിലുള്ള ഉണ്ണിയുടെ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്. എഡിറ്റ് തനിക്ക് ഇഷ്ടമായെന്നും എന്നാൽ തന്റെ ഗന്ധർവൻ വ്യത്യസ്തനാണെന്നുമാണ് ഉണ്ണി മുകുന്ദൻ കുറിക്കുന്നത്. ഈ എഡിറ്റ് എനിക്ക് ഇഷ്ടമായി പക്ഷേ എന്റെ ഗന്ധർവ വ്യത്യസ്തമാണ്. നിങ്ങൾ ഗന്ധർവ ജൂനിയർ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു’- ഉണ്ണി മുകന്ദൻ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കിലെഴുതി.
അതിനു പിന്നാലെ പോസ്റ്ററിനു താഴെ കമന്റുകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. പത്മരാജന്റെ ഞാൻ ഗന്ധർവന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഈ ക്ലാസിക് ചിത്രത്തിന്റെ മേലെ ഈ ഗന്ധർവൻ പോകുമോ എന്നാണ് ഒരാൾ ചോദിച്ചത്. അതിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി ഇങ്ങനെ; അറിയില്ല ബ്രോ, എല്ലാ ഓഡിയൻസിനും പറ്റിയ വളരെ നല്ല സിനിമയായിരിക്കും ഇത്. അതിനാണ് ഞാൻ ശ്രമിക്കുന്നത്.
ക്ലീൻ ഷേവ് ചെയ്താൽ അതേ ഗന്ധർവനെ പോലെ ഇരിക്കും എന്നും പറഞ്ഞുകൊണ്ടുള്ള കമന്റിന് അതേ ഗന്ധർവ്വൻ വേണ്ടെന്നും ഞാൻ വ്യത്യസ്തനായ മറ്റൊരു ഗന്ധർവ്വനെയാണ് കൊണ്ടുവരുന്നത് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഗന്ധർവയ്ക്കു വേണ്ടി ക്ലീൻ ഷേവ് ചെയ്യണമെന്നും താടിയുള്ള ഗന്ധർവനെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകളും ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു. എന്നാൽ തിരക്കില്ലെന്നും പതിയെ ശീലമായിക്കോളും എന്നായിരുന്നു താരത്തിന്റെ മറുപടി.
‘വരും തലമുറയുടെ ഗന്ധർവൻ, ഇനിയങ്ങോട്ട് തലമുറകൾ ഗന്ധർവ്വനായി കാണുന്നത് താങ്കളുടെ മുഖമായിരിക്കും, മാളികപ്പുറം കണ്ടു അത് പോലെ ഇതും വിജയം ഉണ്ടാവട്ടെ, ന്റെ സ്വപ്നത്തിലെ ഗന്ധർവൻ, നെഗറ്റീവ് പറയാൻ ഒരുപാട് പേര് കാണും, ധൈര്യമായിട്ട് മുൻപോട്ടു പോകുക, ഉണ്ണിയെ സ്നേഹിക്കുന്ന ഒരുപാടു പേര് ഉണ്ട്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ആരാധകരെ നിരാശപ്പെടുത്താതെ ഒരുവിധം എല്ലാ കമന്റുകൾക്കും മറുപടി നൽകാൻ ഉണ്ണി ശ്രദ്ധിച്ചിട്ടുണ്ട്.
അതേസമയം, ഫെബ്രുവരി 10ന് ‘ഗന്ധർവ്വ ജൂനിയർ’ ചിത്രീകരണം ആരംഭിച്ചിരുന്നു. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. 40 കോടി ബജറ്റിൽ ആണ് സിനിമ ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഫാന്റസി കോമഡി സിനിമയാകും ഗന്ധർവ്വ ജൂനിയർ.