”പക്ഷേ, ഈ സിനിമ തുടങ്ങിയ അന്ന് മുതല്‍ പ്രശ്‌നങ്ങളായിരുന്നു, തമിഴ്‌നാട്ടില്‍ ചിത്രീകരണത്തിന് വേണ്ടി സെറ്റ് ഇട്ട ദിവസം തന്നെ നടന്‍ തിലകന്‍ ആശുപത്രിയില്‍ അഡ്മിറ്റായി” സുരേഷ് ഗോപി നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്| Suresh Gopi| Thilakan
മലയാളത്തിലെ അനേകം ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച പ്രശസ്ത നിർമ്മാതാവാണ് സെവൻ ആർട്സ് മോഹൻ എന്ന കെ മോഹൻ. പ്രൊഡക്ഷൻ കൺട്രോളറായി തന്റെ കരിയർ തുടങ്ങുകയും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും പിന്നീട് നിർമ്മാതാവായി മാറുകയും ചെയ്തയാളാണ് ഇദ്ദേഹം.
ഇപ്പോൾ തന്റെ ഇത്രയും കാലത്തെ സിനിമാജീവിതത്തിനിടെയിലെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് അദ്ദേഹം. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ മനസ് തുറന്നത്. നിർമ്മാതാവായതിന് ശേഷം തനിക്ക് അൽപം സാമ്പത്തിക ബുദ്ധിമുട്ടുണ്ടായ ഒരു സമയത്ത് ചെയ്ത സിനിമയും അതിനിടെയുണ്ടായ തടസങ്ങളുമാണ് അദ്ദേഹം വിവരിച്ചത്.
ലാൽജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയായിരുന്നു മോഹൻ പ്ലാൻ ചെയ്തത്. എന്നാൽ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയില്ല, തനിക്ക് ഉടൻ തന്നെ ഒരു സിനിമ ചെയ്യേണ്ട ആവശ്യവുമുണ്ടായിരുന്നു. അപ്പോൾ അവൈലബിൾ ആയ നടനെ വെച്ച് സിനിമ ചെയ്യാമെന്ന് മോഹൻ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ നടൻ സുരേഷ് ഗോപിയെ നായകനാക്കി സിനിമ ചെയ്യാമെന്ന് കരുതി.
പക്ഷേ, ആ സമയത്ത് സുരേഷ് ഗോപി ആക്ഷൻ പടങ്ങളായിരുന്നു ചെയ്തിരുന്നത്. ലാൽജോസിന്റെ സംവിധാനരീതിയാണെങ്കിൽ ആക്ഷനുമായി യാതൊരു ബന്ധമില്ലാത്തതും. ഒടുവിൽ ഇരുവരും ചേർന്ന് ആലോചിച്ച് രഞ്ജൻ പ്രമോദിനെ സമീപിച്ചു. അങ്ങനെയാണ് രണ്ടാം ഭാവം എന്ന സിനിമയുണ്ടാകുന്നത്.
രഞ്ജൻ പ്രമോദ് ആദ്യമായി തിരക്കഥയെഴുതിയ ചിത്രമായിരുന്നു ഇത്. മാത്രമല്ല, സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തുന്ന ആദ്യചിത്രവും രണ്ടാം ഭാവം ആയിരുന്നു. ചിത്രത്തിനെ ഗാനങ്ങളെല്ലാം ഇന്നും ആളുകൾക്ക് പ്രിയപ്പെട്ടതാണ്. തിലകൻ, ലെന, പൂർണ്ണിമ ഇന്ദ്രജിത്ത്, ബിജു മേനോൻ, ജനാർദ്ദനൻ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പക്ഷേ, ഈ സിനിമ തുടങ്ങിയ അന്ന് മുതൽ പ്രശ്നങ്ങളായിരുന്നു എന്നാണ് മോഹൻ പറയുന്നത്. തമിഴ്നാട്ടിൽ ചിത്രീകരണത്തിന് വേണ്ടി സെറ്റ് ഇട്ട ദിവസം തന്നെ നടൻ തിലകൻ ആശുപത്രിയിൽ അഡ്മിറ്റായി. ചിത്രീകരണത്തിനിടെ സുരേഷ് ഗോപിയുടെ അച്ഛൻ മരിച്ചു, അങ്ങനെ പലവിധ തടസങ്ങൾ തരണം ചെയ്താണ് ഇത് പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
തിലകന്റെ കാലിൽ അൽപം നീരുവെച്ചത് കണ്ടത് മോഹൻ തന്നെയായിരുന്നു നിർബന്ധിച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. പക്ഷേ, അദ്ദേഹത്തെ അവിടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീട് തിലകൻ ഇല്ലാത്ത സീനുകൾ എല്ലാം ആദ്യം ചിത്രീകരിച്ച് താരത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്നാൽ തിലകൻ ചേട്ടൻ ഇടയ്ക്കിടക്ക് പറയുമായിരുന്നു തന്റെ പടം ചെയ്തിട്ടേ ഞാൻ ചാവുകയുള്ളൂ എന്ന്- മോഹൻ ഓർത്തെടുത്തു.