“ഫ്രണ്ട്സിലെ പൂവാലൻ കഥാപാത്രത്തെ ജയറാമിന് വേണ്ടി മാറ്റിയെഴുതിയത്”; ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു താരത്തെ


തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം കൊളുത്തിയ ചിത്രമായിരുന്നു സിദ്ധിഖ് സംവിധാനം ചെയ്ത് ലാൽ നിർമ്മിച്ച ഫ്രണ്ട്സ്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം 1999ലായിരുന്നു തിയേറ്ററുകളിലെത്തിയത്. സൗഹൃദത്തിന്റെ കലവറ എന്നാണ് സംവിധാകൻ ഫ്രണ്ട്സ് എന്ന ചിത്രത്തെ അഭിസംബോധന ചെയ്യുന്നത് തന്നെ. ചിത്രത്തിൽ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരാണ് തുല്യപ്രാധാന്യമുള്ള ഈ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മീന, ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ബോക്സ് ഓഫിസ് ഹിറ്റ് ആയ ചിത്രം സിദ്ധിക്ക് തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു.

ജയറാമിനും മീനക്കും പകരം ചിത്രത്തിൽ ആദ്യം തീരുമാനിച്ചിരുന്നത് സുരേഷ് ഗോപിയെയും മഞ്ജു വാരിയരെയുമായിരുന്നു. ഇന്നസെന്റിനുവേണ്ടി എഴുതിയ ലാസർ ഇളയപ്പൻ എന്ന കഥാപാത്രത്തിലേയ്ക്ക് ജഗതി ശ്രീകുമാർ എത്തുന്നതും അപ്രതീക്ഷിതമായിട്ടാണ്. മനോരമ ഓൺലൈനിലെ റിവൈൻഡ് റീൽസ് എന്ന പരിപാടിയിലൂടെയാണ് സിദ്ധിഖ് ഈ അറിയാക്കഥകൾ പങ്കുവെച്ചത്.

‘‘ഫ്രണ്ട്സിൽ ആദ്യ കാസ്റ്റിങിൽ മനസ്സിൽ വന്നത് സുരേഷ് ഗോപിയെയായിരുന്നു. ചിത്രത്തിൽ ഇപ്പോൾ കാണുന്ന ജയറാമിന്റെ ആ കഥാപാത്രവും ഇങ്ങനെ അല്ലായിരുന്നു. ചിത്രത്തിൽ ഒരു ജഡ്ജിന്റെ മകനാണ്, അയാൾക്ക് അതിന്റേതായ അഹങ്കാരവും പവറുമുണ്ട്. എന്നാൽ മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ആ കഥാപാത്രത്തിൽ നിന്നും പിൻമാറി- സിദ്ധിഖ് വ്യക്തമാക്കി.

പിന്നീട് കഥ ജയറാമിന് വേണ്ടി മാറ്റിയെഴുതിയപ്പോൾ അൽപ്പസ്വൽപ്പം പൂവാലസ്വഭാവമുള്ള സ്ത്രീവിഷയത്തിൽ താൽപര്യമുള്ള കഥാപാത്രമായി മാറി. ജയറാമത് അസ്സലായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വേറൊരു കഥാപാത്രമായിരുന്നു ഈ സിനിമയ്ക്ക് മുൻപുണ്ടായിരുന്നത് എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ ജയറാം ഗംഭീരമാക്കിയെന്ന സിദ്ധിഖ് പറയുന്നു.

അത്പോലെ മഞ്ജു വാരിയരും, ദിവ്യാ ഉണ്ണിയുമായിരുന്നു ആദ്യത്തെ പ്രധാന സ്ത്രീ കഥാപാത്രങ്ങളയി തീരുമാനിച്ചിരുന്നത്. കഥ കേട്ട് അഭിനയിക്കാമെന്ന് മഞ്ജു സമ്മതിച്ചിരുന്നെങ്കിലും പെട്ടന്നുളള വിവാഹ നിശ്ചയവും കല്യാണവുമെല്ലാം വന്നപ്പോൾ മഞ്ജുവിന് ചിത്രത്തിൽ നിന്നും പിൻമാറേണ്ടി വന്നെന്നും സംവിധായകൻ പറയുന്നു.

ചിത്രത്തിൽ ചിരിയുടെ മുഖ്യ കേന്ദ്രമായിരുന്ന ലാസർ എളേപ്പനുവേണ്ടി ഇന്നസെന്റിനെയായിരുന്നുവത്രേ കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ അതേ സമയത്ത് പ്രിയദർശനും, സത്യൻ അന്തിക്കാടും ‍അവരുടെ ചിത്രങ്ങളിലേയ്ക്കും വിളിച്ചിരുന്നു എറ്റവും പ്രിയപ്പെട്ട മൂന്ന് സംവിധായകരിൽ ഒരാളുടെ മാത്രം ചിത്രത്തിൽ അഭിനയിക്കുന്നത് മാനസികമായ ഒരു ബുദ്ധിമുട്ടുണ്ടാക്കുമെന്നുള്ളത്കൊണ്ട് ആരുടെയും ചിത്രത്തിൽ അഭിനയിക്കാതെ ഇന്നസെന്റ് വീട്ടിൽ ഇരിക്കുകയായിരുന്നു.

ഇന്നസെന്റ് അഭിനയിച്ചിരുന്നുവെങ്കിൽ ലാസർ ഇളയപ്പനെന്ന കഥാപാത്രം വേറോരു രീതിയിലാകുമായിരുന്നു. ജഗതി വന്നപ്പോൾ ആ കഥാപാത്രം വേറൊരു തലത്തിലേയ്ക്ക് മാറി.’’– സിദ്ദിഖ് പറയുന്നു.