”രജനീകാന്ത് കാരണം ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി, അദ്ദേഹത്തിന് ആദ്യം അഭിനയിക്കാൻ അവസരം ലഭിക്കുന്നത് കമൽഹാസൻ വഴിയാണ്”; രഹസ്യങ്ങളുടെ ചുരുളഴിയുന്നു| Rajanikanth| Kamal Haasan


സൗത്ത് ഇന്ത്യയിലെ പ്ര​ഗത്ഭരായ പല താരങ്ങളയും വാർത്തെടുത്ത മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടാൻ കാരണമായ വ്യക്തി പ്രശസ്ത നടൻ രജനീകാന്ത് ആണെന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

താനും നടൻ രജനീകാന്തും മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായിരുന്നുവെന്നും രണ്ട് വർഷത്തെ കോഴ്സിൽ അദ്ദേഹം തന്റെ സീനിയർ ആയിരുന്നുമെന്നുമാണ് അദ്ദേഹം പറയുന്നത്. സൗത്ത് ഇന്ത്യയിലെ നിർമ്മാതാക്കളുടെയും സംവിധായകരുടെയും സംഘടനയായ ഫിലിം ചേംമ്പർ തുടങ്ങിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.

”സൗത്ത് ഇന്ത്യയിൽ നിന്ന് നല്ല നടീ നടൻമാരെല്ലാം ഉണ്ടായിക്കോട്ടെ എന്ന് വിചാരിച്ച് തുടങ്ങിയ സ്ഥാപനമാണത്. കോഴ്സ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ രജനീകാന്ത് ഈ ചേംബറിലുള്ള സംവിധായകരുടെ വീടുകളിലെല്ലാം അവസരത്തിന് വേണ്ടി നടന്ന് നടന്ന് ചെരുപ്പ് വെറുതെ തേഞ്ഞു. ചേംബറിലെ അം​ഗങ്ങളൊന്നും അദ്ദേഹത്തിന് അവസരം നൽകിയില്ല.

ഒടുവിൽ നടൻ കമൽഹാസൻ മുഖാന്തരമാണ് രജനീകാന്ത് ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്. കെ ഭരതൻ സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. അഭിനയിച്ച് ഒരു വർഷം കൊണ്ട് അദ്ദേഹം എവിടെയോ എത്തി. ഭയങ്കര സ്റ്റാർ ആയി. അത് കഴിഞ്ഞ് ഈ ചേംബറിന്റെ ആളുകൾ ഡേറ്റിന് വേണ്ടി പുളളിയുടെ പിന്നാലെ നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്”- ശ്രീനിവാസൻ പറയുന്നു.

അതേസമയം ഫിലിം ചേമ്പറിലെ സംവിധായകർ പിന്നീട് നൽകിയ അവസരങ്ങളെല്ലാം രജനീകാന്ത് തള്ളിക്കളയുകയാണ് ചെയ്തത്. അത് സംവിധായകർക്ക് വലിയ വിരോധമുണ്ടാക്കിയെന്ന് ശ്രീനിവാസൻ പറയുന്നു. നമ്മൾ പഠിപ്പിച്ച് വിട്ട നടൻ, നമുക്ക് ഒരു ​ഗുണവുമില്ല ഇവനെക്കൊണ്ട്, പിന്നെ എന്തിനാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് അവർ ചിന്തിച്ചത്. ഇതേ തുടർന്ന് രജനീകാന്തിനോടുള്ള പ്രതികാരമെന്നോണം മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടിയെന്നാണ് ശ്രീനിവാസൻ പറയുന്നത്.

അതേസമയം, കെഎസ്ആർടിസി ബസിൽ കണ്ടക്ടർ ആയ, സമാന്തരമായി നാടകങ്ങളിൽ അഭിനയിച്ചിരുന്ന ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനീകാന്ത് വെള്ളിത്തിരയിൽ മുഖം കാണിക്കണമെന്ന അടങ്ങാത്ത ആ​ഗ്രഹം കൊണ്ടാണ് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. സ്ഥാപനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പത്ര പരസ്യമായിരുന്നു രജനീകാന്തിനെ മദ്രാസിൽ എത്തിച്ചത്.