”ശ്രീനിവാസന്‍ വിളിച്ചു ചോദിച്ചു, നിങ്ങളെ ഒരു പടത്തില്‍ നിന്നും ഒഴിവാക്കാന്‍ എത്ര ശ്രമിച്ചിട്ടും സത്യന്‍ അന്തിക്കാട് സമ്മതിക്കുന്നില്ല, ഇതിനകത്ത് അഭിനയിക്കുന്നോ എന്ന്” ചെയ്തിട്ട് തൃപ്തി തോന്നാത്ത ആ കഥാപാത്രത്തെക്കുറിച്ച് സിദ്ദിഖ് തുറന്നുപറയുന്നു
നാല്‍പത് വര്‍ഷത്തിലേറെ നീണ്ട കരിയറിനിടയില്‍ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ അതിശയിപ്പിച്ച നടനാണ് സിദ്ദിഖ്. തന്റെ സിനിമാ ജീവിതത്തിനിടെ ഏറെ വേദന തോന്നിയ, ഇന്നും മനസില്‍ നൊമ്പരമായി കൊണ്ടുനടക്കുന്ന ഒരു കാര്യം വെളിപ്പെടുത്തുകയാണ് സിദ്ദിഖ്. സത്യന്‍ അന്തിക്കാടിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘സന്ദേശ’ത്തില്‍ താന്‍ ചെയ്ത ഉദയഭാനു എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താനായിട്ടില്ലയെന്നാണ് സിദ്ദിഖ് പറയുന്നത്.
ഒരുപ്രാവിശ്യംകൂടി അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ കുറച്ചുകൂടി നന്നായി ചെയ്യുമായിരുന്നുവെന്ന് തോന്നിയിട്ടുള്ള ഒരേയൊരു കഥാപാത്രം സന്ദേശത്തിലെ ഉദയഭാനുവെന്ന കഥാപാത്രമാണ്. അഭിനയിച്ചതില്‍വെച്ച് തനിക്ക് തൃപ്തി തോന്നാത്ത കഥാപാത്രമായിരുന്നു അതെന്നും സിദ്ദിഖ് വെളിപ്പെടുത്തുന്നു.
അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സന്ദേശത്തിലെ വേഷവും ചെയ്തത്. രാവിലെ സന്ദേശത്തിന്റെ സെറ്റിലും അവിടെ നിന്ന് നേരെ ഗോഡ്ഫാദറിന്റെ സെറ്റിലുമായിരുന്നു യാത്ര. രണ്ട് സിനിമകളും ഒരേസമയം മാനേജ് ചെയ്തുകൊണ്ടുപോവേണ്ടിവന്നതിന്റെ ടെന്‍ഷന്‍ കാരണം ആ കഥാപാത്രം നല്ല രീതിയില്‍ ചെയ്യാനായില്ലെന്നാണ് തനിക്ക് തോന്നിയതെന്ന് സിദ്ദിഖ് പറയുന്നു.
ഗോഡ്ഫാദറിന് ഡേറ്റ് കൊടുത്ത സമയത്താണ് ശ്രീനിവാസന്‍ സന്ദേശത്തിലേക്ക് അവസരം വാഗ്ദാനം ചെയ്ത് വിളിച്ചത്. ”ശ്രീനിവാസന്‍ വിളിച്ചു ചോദിച്ചു, നിങ്ങളെ ഒരു പടത്തില്‍ നിന്നും ഒഴിവാക്കാന്‍ എത്ര ശ്രമിച്ചിട്ടും സത്യന്‍ അന്തിക്കാട് സമ്മതിക്കുന്നില്ല, ഇതിനകത്ത് അഭിനയിക്കുന്നോ എന്ന്”
‘സത്യന്‍ അന്തിക്കാടിന്റെ പടത്തില്‍ ഒരു റോള്‍ കിട്ടുകയെന്നത് അന്ന് നിധി കിട്ടുന്നത് പോലെയായിരുന്നു. സിദ്ദിഖിനോടും ലാലിനോടും പറഞ്ഞു, നമ്മുടെ ഷൂട്ടിങ്ങിന്റെ അതേസമയത്തുതന്നെ സത്യന്‍ അന്തിക്കാടിന്റെ പടത്തിലേക്കും വിളിച്ചിട്ടുണ്ട് എന്ന്. സിദ്ദിഖ് എന്നോടു പറഞ്ഞു, അത് വേണ്ടെന്ന് വെയ്‌ക്കേണ്ട, നമുക്ക് അഡ്ജസ്റ്റ് ചെയ്യാമെന്ന്”
”അടുത്ത പത്ത് നാല്‍പ്പതുകൊല്ലം ആളുകള്‍ ആഘോഷിക്കാന്‍ പോകുന്ന ഒരു സിനിമയാവും അതെന്നോ അതില്‍ എനിക്ക് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ കിട്ടിയിട്ടുണ്ട്, അത് മികച്ചതാക്കണം എന്ന ചിന്തയൊന്നും അന്ന് മനസിലുണ്ടായിരുന്നില്ല. പറയുന്ന സംഭാഷങ്ങള്‍ അതുപോലെ പറയും, സത്യേട്ടന്‍ ഒ.കെ പറയും, അത്രയേ ഉണ്ടായിരുന്നുള്ളൂ.”
സന്ദേശത്തിന്റെ രണ്ടാം ഭാഗമെന്ന ചര്‍ച്ച വന്നപ്പോള്‍ സത്യന്‍ അന്തിക്കാടിനോട് തന്നെ ഇക്കാര്യം നേരിട്ട് പറഞ്ഞിരുന്നു. ‘ചേട്ടനിത് എടുക്കാതിരിക്കരുത്, എനിക്ക് ഉദയഭാനുവെന്ന കഥാപാത്രത്തെ ഒന്നുകൂടി ചെയ്യാനാഗ്രഹമുണ്ടെന്ന്.” എന്ന് പറഞ്ഞിരുന്നെന്നും സിദ്ദിഖ് പറയുന്നു.