”ആളുകൾ നല്ലതും മോശവുമെല്ലാം പറയും, എപ്പോഴും നല്ലത് മാത്രം കേൾക്കണമെന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോയെന്ന് മോഹൻലാൽ പറഞ്ഞു”; മനസ് തുറന്ന് സിദ്ധിഖ്| Siddique| Mohanlal | Social Media degrading


സമൂഹമാധ്യമങ്ങളിലൂടെ സിനിമാതാരങ്ങളെ ഡി​ഗ്രേഡ് ചെയ്യുന്ന പ്രവണത കൂടി വരികയാണ്. മലയാളത്തിൽ അതിനേറ്റവും കൂടുതൽ ഇരയാകുന്നത് സൂപ്പർസ്റ്റാർ മോഹൻലാലാണ്. ഈയടുത്തായി ഇറങ്ങുന്ന അദ്ദേഹത്തിന്റെ പടങ്ങളെല്ലാം പരാജയമാകുന്നതും ഒരു കാരണമാണ്. അതേസമയം അദ്ദേഹത്തിന്റെ സിനികൾ തിയേറ്റർ വിജയം കാണാത്തതിന് സോഷ്യൽമീഡിയ ഡീ​ഗ്രേഡിങ്ങും ഒരു കാരണമാണെന്ന് അഭിപ്രായമുണ്ട്.

തന്നെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് മോഹൻലാൽ നടനും അടുത്ത സുഹൃത്തുമായ സിദ്ധിഖിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചാനൽ കേരള ബോക്സ് ഓഫിസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്ന്. തന്റെ ഏറ്റവും പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സിന്റെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിലാണ് സിദ്ധിഖ് സംസാരിക്കുന്നത്.

ഇത്തരം ഡീ​ഗ്രേഡിങ്ങിലൊന്നും തളർന്ന് പോകുന്ന മനസല്ല ലാലിന്റേത് എന്ന് സിദ്ധിഖ് പറയുന്നു. അതിനൊന്നും മറുപടി പറയാതിരിക്കുന്നത് തന്നെയാണ് നല്ലത്. താൻ നേരത്തെ ലാലിനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ആളുകൾ നല്ലതും മോശവുമെല്ലാം പറയും, എപ്പോഴും നല്ലത് മാത്രം കേൾക്കണമെന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോയെന്നാണെന്ന് സിദ്ധിഖ് പറയുന്നു.

”ഒരിക്കൽ ഞാൻ ലാലിനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ നോക്കാം, ഇപ്പോൾ ആളുകൾ ഇങ്ങനെ കുഞ്ഞാലി മരയ്ക്കാറിനെ കുറിച്ചും എലോണിനെക്കുറിച്ചും എല്ലാം ഇങ്ങനെ മോശം പറയുന്നുണ്ട്. അത് കുഴപ്പമില്ല, നമുക്ക് ഇനി ബറോസ് വരാനുണ്ട് റാം വരാനുണ്ട് അത് കഴിയുമ്പോൾ എമ്പുരാൻ ഇറങ്ങാനുണ്ട് ഇതൊക്കെ വരുമ്പോൾ അഭിപ്രായങ്ങൾ മാറി വരും.

നല്ലതും ചീത്തയുമൊക്കെ ആളുകൾ പറയും. നമ്മൾ എപ്പോഴും ആളുകൾ നല്ലത് മാത്രം പറയണമെന്ന് ആ​ഗ്രഹിക്കാൻ പറ്റില്ലല്ലോ. മോശവും പറയട്ടേ, അതിനെന്താ എന്ന് പറയുന്ന ആളാണ് മോഹൻലാൽ. ഞാൻ അത്കൊണ്ട് അദ്ദേഹത്തോട് ഇങ്ങനെ പറയുന്നുണ്ടല്ലോ എന്നൊന്നും ഇതുവരെ സംസാരിച്ചിട്ടില്ല.

പക്ഷേ എങ്കിൽപോലും നിരന്തരം ആളുകൾ ഇങ്ങനെ പറയുമ്പോൾ അദ്ദേഹത്തിനും വേദനിക്കുന്നുണ്ടാകും, വിഷമം തോന്നിയിട്ടുണ്ടാകും. പക്ഷേ ആ വിഷമം മാറാനുള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം പുറകെ വരാൻ കിടക്കുന്നല്ലേയുള്ളു. ഇപ്പോൾ അദ്ദേഹത്തെ ഡി​ഗ്രേഡ് ചെയ്യുന്നപോലെത്തന്നെ അപ്പോൾ അപ്​ഗ്രേഡ് ചെയ്യാനും തുടങ്ങും”- സിദ്ധിഖ് വ്യക്തമാക്കി.

അതേസമയം മോഹൻലാലിനെതിരെയുള്ള സോഷ്യൽ മീഡിയ ഡീ​ഗ്രേഡിങ്ങിനും ബുള്ളീയിങ്ങിനും കാരണം അദ്ദേഹത്തിന്റെ മൗനം ആണെന്ന് ബി​ഗ് ബോസ് മത്സരാർത്ഥിയും സംവിധായകനുമായ അഖിൽ മാരാർ പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് തീർത്തും വിയോജിക്കുകയാണ് സിദ്ധിഖ് ചെയ്തത്. ഒരിക്കലും മറുപടിയർഹിക്കാത്ത പ്രസ്താവനകളോട് മൗനം പാലിക്കുക തന്നെയാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.