”മുപ്പത് വർഷം പിന്നാലെ നടന്ന് ചോദിച്ചിട്ടാണ് പ്രിയദർശൻ എനിക്കൊരു വേഷം തന്നത്”; ഇത്രയും കാത്തിരിക്കേണ്ടി വന്നതിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ പ്രിയൻ പറഞ്ഞ മറുപടിയാണ് രസകരമെന്ന് നടൻ സിദ്ധിഖ്| Siddique| Priyadarshan


പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സ് തിയേറ്ററുകളിലെത്തിയത്. പ്രിയദർശന്റെ പതിവ് തമാശകളിൽ നിന്ന് തികച്ചും വേറിട്ട് നിൽക്കുന്ന ചിത്രം ഒരു മികച്ച ത്രില്ലർ ആണെന്നാണ് പൊതുവെ അഭിപ്രായം. യുവ താരങ്ങൾക്കൊപ്പം നടൻ സിദ്ധിക്കും സിനിമയിൽ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ നീണ്ട മുപ്പത് കൊല്ലം ചാൻസ് ചോദിച്ചിട്ടാണ് പ്രിയദർശൻ തനിക്ക് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം തന്നത് എന്ന് പറയുകയാണ് സിദ്ധിഖ്. സിനിമാ ഡാഡി എന്ന ചാനലിൽ ഓൺ എയർ വിത്ത് മഞ്ജു എന്ന പരിപാടിയിലാണ് അദ്ദേഹം മനസ് തുറന്നത്. ഇത്രയും കാലത്തെ ഇടവേള വരാൻ കാരണമെന്താണെന്ന് മഞ്ജു സിദ്ധിഖിനോട് ചോദിക്കുന്നുണ്ട്.

ഇതേക്കുറിച്ച് താൻ പ്രിയദർശനോട് ചോദിച്ചപ്പോൾ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നായിരുന്നു മറുപടി എന്നാണ് സിദ്ധിഖ് പറയുന്നത്. ഇത്രയും കാലത്തെ കാത്തിരിപ്പിന് ശേഷം തന്ന വേഷങ്ങളെല്ലാം വളരെ നല്ലതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

”തന്നപ്പോൾ ഏറ്റവും നല്ല റോളുകളല്ലേ എനിക്ക് കിട്ടിയത്. മരയ്ക്കാറിലാണെങ്കിലും കൊറോണ പേപ്പേഴ്സിലാണെങ്കിലും എനിക്ക് അതുവരെ കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല വേഷങ്ങളല്ലേ തന്നത്. അതാണേറ്റവും വലിയ കാര്യം. അല്ലാതെയിപ്പോൾ അതിന് മുൻപുള്ള പടങ്ങളിലേതെങ്കിലും ചെറിയൊരു റോളിൽ വിളിച്ചാലും ഞാൻ പോയി ചെയ്യുമായിരിക്കും. കാരണം പ്രിയദർശന്റെ പടത്തിലല്ലേ വിളിക്കുന്നത്. അങ്ങനെ ചെയ്തില്ലല്ലോ.

പേരെടുത്ത് പറയുകയാണെങ്കിൽ തീരില്ല, ഒരുവിധം എല്ലാ സംവിധായകരുടെ പടത്തിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. ബ്ലസിയുടെ പടത്തിൽ ഞാൻ അഭിനയിച്ചിട്ടില്ല. ബ്ലസിയുമായിട്ട് ഞാൻ വളരെ അടുപ്പമുണ്ട്. ബ്ലസി അസോസിയേറ്റ് ആയിരിക്കുമ്പോൾ തന്നെ അഭിനയം തുടങ്ങിയ ആളാണ് ഞാൻ. ഭ്രമരം കണ്ടുകഴിഞ്ഞപ്പോൾ ഞാൻ ബ്ലസിയോട് ചോദിച്ചു,, എന്താണ് ബ്ലസി ആ രണ്ട് കൂട്ടുകാരിലൊരാളായിട്ട് എന്നെ ഇട്ടാൽ എന്താ കുഴപ്പം എന്ന്.

ബ്ലസി പറഞ്ഞ മറുപടി കേട്ടപ്പോൾ ആ പടത്തിൽ എനിക്ക് റോൾ തരാതിരുന്നത് നന്നായി എന്ന്. ബ്ലസി പറഞ്ഞത്, അവരൊക്കെ മോഹൻലാലിന്റെ മുന്നിൽ പകച്ച് നിൽക്കുന്ന റോളുകളാണ്. ഒപ്പം നിന്ന് ഇടിക്കുന്ന അത്രയും പവർഫുൾ ആയിട്ടുള്ള കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. സിദ്ധിഖ് അങ്ങനെ ചെയ്യുമ്പോൾ, ഇയാൾ അങ്ങനെ പേടിക്കോ എന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് ബ്ലസി പറഞ്ഞത്. അതുകോണ്ടാണ് ആ റോളിൽ അവരെയിട്ടത്”- സിദ്ധിഖ് വ്യക്തമാക്കി.