‘അവരെ എന്തിനാണ് ട്രാന്‍സ് വുമന്‍ എന്നും ട്രാന്‍സ് മെന്‍ എന്നും വിളിക്കുന്നത്? ലിംഗം ഉള്ളത് കൊണ്ട് ഒരാള്‍ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാന്‍ കഴിയുമോ?’; പൊതുപരിപാടിയില്‍ ചോദ്യവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ | Actor Shine Tom Chacko Speech | Transwoman Amaya Prasad | Book Release
തനതായ അഭിനയ ശൈലിയിലൂടെയും എക്‌സന്‍ട്രിക് ആയ വാര്‍ത്താ സമ്മേളനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകളുടെ മൈക്കിന് മുന്നില്‍ നിന്ന് രക്ഷപ്പെടാനായി ഓടിയതും ദുബായ് വിമാനത്താവളത്തില്‍ വച്ച് വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ തടഞ്ഞുവച്ചതുമെല്ലാം അടുത്തിടെ ഷൈന്‍ ടോമിന് വാര്‍ത്തകളില്‍ ഇടം നല്‍കിയ സംഭവങ്ങളാണ്.
എന്നാല്‍ ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോ ശ്രദ്ധേയനായിരിക്കുന്നത് ഒരു പൊതു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലൂടെയാണ്. സോഷ്യല്‍ മീഡിയയ്ക്കും മാധ്യമങ്ങള്‍ക്കും പുറമെ ജനങ്ങളും ഷൈന്‍ ടോം ചാക്കോയുടെ പ്രസംഗം ഏറെ ചര്‍ച്ച ചെയ്യുകയാണ്. പതിവിന് വിപരീതമായി വളരെ ശാന്തനായാണ് ഈ പ്രസംഗത്തില്‍ സംസാരിച്ചത് എന്ന പ്രത്യേകതയും ഉണ്ട്.
ട്രാന്‍സ് വുമണ്‍ ആയ അമയ പ്രസാദ് എഴുതിയ ‘പെണ്ണായ ഞാന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ഷൈന്‍ ടോം ചാക്കോ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒട്ടും തമാശയില്ലാതെ ഗൗരവത്തിലുള്ള പ്രസംഗമാണ് ചടങ്ങില്‍ അദ്ദേഹം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഈ പ്രസംഗത്തിന് വലിയ സ്വീകാര്യത ഇതിനകം ലഭിച്ചു.
‘ഇത്രയും അച്ചടക്കത്തോടെ എന്നെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല’ എന്ന ആമുഖത്തോടെയാണ് ഷൈന്‍ ടോം ചാക്കോ തന്റെ പ്രസംഗം ആരംഭിച്ചത്. വളരെ ഗൗരവമാര്‍ന്ന കാര്യങ്ങളാണ് താന്‍ സംസാരിക്കാന്‍ പോകുന്നത് എന്ന സൂചന അദ്ദേഹം ആദ്യവരിയില്‍ തന്നെ നല്‍കുകയായിരുന്നു. തുടര്‍ന്ന്, ജീവിതത്തില്‍ ഒരു ബാലരമ പോലും വായിക്കാത്ത ആളാണ് താനെന്നും തന്റെ അനിയത്തിയാണ് ബാലരമയിലെ ചിത്രകഥകള്‍ തനിക്കായി അടുത്തിരുന്ന് വായിച്ചു തന്നതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. അങ്ങനെയായിരുന്ന താന്‍ ജയിലില്‍ കിടന്നപ്പോള്‍ വായിച്ച പുസ്തകത്തെ പറ്റിയും പ്രസംഗത്തില്‍ പറഞ്ഞു.
’60 ദിവസത്തെ ജയില്‍ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാന്‍ ഇടയായത്. പൗലോ കൊയ്ലോയുടെ ‘ഫിഫ്ത് മൗണ്ടന്‍’ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് ആണ് വായിച്ചത്. അവിടെ കയറുമ്പോള്‍, വേഗം ഇറക്കാം എന്ന രീതിയില്‍ ആണ് കയറ്റി വിടുന്നത്. എന്നാല്‍ ജാമ്യം കിട്ടാതെ സബ് ജയിലില്‍ തുടരുന്ന സമയത്ത്, ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടമായി ഇരിക്കുന്ന സമയത്താണ് ഈ പുസ്തകം എനിക്ക് കിട്ടുന്നത്.’ -ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
‘ചിത്രം നോക്കാന്‍ വേണ്ടി പുസ്തകം തുറന്നപ്പോള്‍ ചിത്രങ്ങള്‍ ഇല്ല. പിന്നെ വായിച്ചു തുടങ്ങി. ഒരു പേജ്, രണ്ടു പേജ് എന്ന രീതിയില്‍ വളരെ സാവധാനത്തില്‍ ആണ് വായന. ജയിലില്‍ ഒമ്പതു മണി ആകുമ്പോഴേ കിടക്കണം അതാണ് രീതി. പിന്നെ വായിക്കാന്‍ കഴിയില്ല. അപ്പോള്‍ പുസ്തകം മടക്കേണ്ടി വരുന്നു. എനിക്ക് കാത്തിരിക്കാന്‍ അടുത്ത പേജിന്റെ ചില പ്രതീക്ഷകള്‍.’ -ഷൈന്‍ ടോം ചാക്കോ തുടര്‍ന്നു.
തുടര്‍ന്ന് അമേയ ഉള്‍പ്പെടുന്ന ട്രാന്‍സ് വിഭാഗത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അദ്ദേഹം പങ്കുവച്ചു. അമേയയെ പോലുള്ളവര്‍ സ്ത്രീ ആകാന്‍ ആഗ്രഹിച്ചവരാണ്. പിന്നെ എന്തിനാണ് നമ്മള്‍ അവരെ ട്രാന്‍സ് വുമന്‍ എന്നും ട്രാന്‍സ് മെന്‍ എന്നും വിളിക്കുന്നത് എന്ന് താരം ചോദിച്ചു. സ്ത്രീ എന്ന് വിളിക്കാനാണ് അമേയയോട് താന്‍ പറഞ്ഞത്. ഈ പുസ്തകത്തിന്റെ പേര് ‘ട്രാന്‍സ് പെണ്ണായ ഞാന്‍’ എന്നല്ലല്ലോ, ‘പെണ്ണായ ഞാന്‍’ എന്നല്ലേ. ലിംഗം ഉള്ളത് കൊണ്ട് ഒരാള്‍ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാന്‍ കഴിയുമോ? താന്‍ ആണ് ആണെന്ന് തനിക്ക് മനസിലായത് സ്‌കൂളിലെ ക്ലാസില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ച് ഇരുത്തിയപ്പോഴാണ് എന്നും താരം പറഞ്ഞു.
ട്രാന്‍സ് വിഭാഗത്തില്‍ പെട്ട വ്യക്തികളോടുള്ള കരുതലും ഐക്യദാര്‍ഢ്യവും പരസ്യമായി പ്രകടിപ്പിച്ച ഷൈന്‍ ടോം ചാക്കോയ്ക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്. ഇന്റര്‍വ്യൂകളുടെയും വാര്‍ത്താ സമ്മേളനങ്ങളുടെയുമെല്ലാം പേരില്‍ മുമ്പ് അധിക്ഷേപിച്ചവര്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.
Summary: Malayalam actor Shine Tom Chacko ask why should we call them as transwoman and transmen at the book releasing event of transwoman actor Amaya Prasad. Video goes viral.