‘റൂമേഴ്‌സിന്റെയും മ്ലേച്ഛതയുടെയും ലോകം, ഓണ്‍ലൈന്‍ ചാനലുകളുടെ ഇന്റര്‍വ്യൂ ഇഷ്ടമല്ല’; ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞ് നടന്‍ സാബുമോന്‍ | Actor Sabumon says in an online interview that he doesn’t like online interviews


നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടനാണ് സാബുമോന്‍. സാബുമോന്‍ എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് തരികിട സാബു എന്ന പേര് പറഞ്ഞാല്‍ പെട്ടെന്ന് ആളെ മനസിലാകും. പണ്ട് സൂര്യ ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത തരികിട എന്ന പ്രാങ്ക് ഷോയുടെ അവതാരകനായിരുന്നതിനാലാണ് സാബുവിന് തരികിട സാബു എന്ന പേര് ലഭിച്ചത്.

തരികിടയ്ക്ക് പുറമെ വേറെയും നിരവധി ടി.വി ഷോകളില്‍ സാബു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസിലെ അട്ടഹാസം, അമൃത ടി.വിയിലെ ജസ്റ്റ് ഫണ്‍ ചുമ്മാ, മഴവില്‍ മനോരമയിലെ മിടുക്കി, ടേക്ക് ഇറ്റ് ഈസി, ഒരുചിരി ഇരുചിരി ബമ്പര്‍ ചിരി, ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ്, സെല്‍ മീ ദി ആന്‍സര്‍ എന്നീ ഷോകളിലൂടെയും സാബു മലയാളികളുടെ സ്വീകരണമുറിയിലെത്തി. എന്നാല്‍സാബുവിന് വലിയ പ്രശസ്തി ലഭിക്കുന്നത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തതോടെയാണ്.


Also Read: ‘രാഷ്ട്രീയത്തിലെ പെരുങ്കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലിട്ട് മൂടുന്നത് വരെ അഴിമതി നടത്താനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം, നമ്മള്‍ ജീവിക്കുന്നത് നരകത്തില്‍’; ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍


സാബുവിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ജിന്ന്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം സാബുമോനും ചിത്രത്തിലുണ്ട്. പോള്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ജിന്നില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തില്‍ സാബു തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തനിക്ക് ഓണ്‍ലൈന്‍ ചാനലുകള്‍ ഇഷ്ടമല്ലെന്നും ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കാറില്ലെന്നുമാണ് സാബുമോന്‍ പറഞ്ഞിരിക്കുന്നത്. കൗമുദി മൂവീസ് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാബുമോന്‍ ഇക്കാര്യം പറഞ്ഞത് എന്ന കൗതുകവുമുണ്ട്.


Must Read: ‘അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് രശ്മിക മന്ദാനയെ പുറത്താക്കി’; പ്രതികരണവുമായി നടി


തരികിടയിലെ പോലുള്ള പ്രാങ്കുകള്‍ ഇപ്പോള്‍ ചെയ്യാന്‍ കഴിയുമോ എന്ന അവതാരക അപര്‍ണ്ണ പ്രേംരാജിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് സാബു ഓണ്‍ലൈന്‍ ചാനലുകളെ കുറിച്ചുള്ള നിലപാടും അഭിപ്രായവും വെട്ടിത്തുറന്ന് പറഞ്ഞത്. ഇതേ ചോദ്യം മറ്റൊരു ഇന്റര്‍വ്യൂവിലും ചോദിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് സാബു ഓണ്‍ലൈന്‍ ചാനലുകളെ നിശിതമായി വിമര്‍ശിച്ചത്.

‘ഇതേ ചോദ്യം വേറൊരു ഇന്റര്‍വ്യൂവിലും ചോദിച്ചു. ഒന്നാമത് ഞാന്‍ ഓണ്‍ലൈനില് ഇന്റര്‍വ്യൂ കൊടുക്കാറില്ല. ഈ സിനിമ സംവിധാനം ചെയ്യുന്ന സിദ്ദു (സിദ്ധാര്‍ത്ഥ് ഭരതന്‍) എന്റെ സുഹൃത്ത് ആയതുകൊണ്ട് മാത്രമാണ് ഞാന്‍ ഓണ്‍ലൈനിലെ ഇന്റര്‍വ്യൂവിന് വന്നിരിക്കുന്നത്. അല്ലാതെ നിങ്ങള്‍ എന്നെ യൂട്യൂബിലൊന്നും സെര്‍ച്ച് ചെയ്താല്‍ കിട്ടില്ല. ബിഗ് ബോസിന്റെ സമയത്ത് പോലും ഏഷ്യാനെറ്റിന്റെ ഓണ്‍ലൈനില്‍ ഇന്റര്‍വ്യൂ കൊടുത്തതല്ലാതെ വേറെ ഇന്റര്‍വ്യൂ കൊടുത്തിട്ടില്ല.’ -സാബു പറഞ്ഞു.


Also Read: ‘അവരെ എന്തിനാണ് ട്രാന്‍സ് വുമന്‍ എന്നും ട്രാന്‍സ് മെന്‍ എന്നും വിളിക്കുന്നത്? ലിംഗം ഉള്ളത് കൊണ്ട് ഒരാള്‍ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാന്‍ കഴിയുമോ?’; പൊതുപരിപാടിയില്‍ ചോദ്യവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ


ഈ പാരലല്‍ വേള്‍ഡിനോട് ഒരു താല്‍പ്പര്യവും ഇല്ലാത്ത ആളാണ് താന്‍. റൂമേഴ്‌സിന്റെയും മ്ലേച്ഛതയുടെയും ലോകമാണ് ഇത്. ഫ്രീക്‌നെസ്, ക്രീപ്പിനെസ്, ക്രേസിനസ് മാത്രമാണ് ഇവിടെ. ഒരു താല്‍പ്പര്യവുമില്ലാത്ത ഏരിയയാണ് ഇവിടെ. താന്‍ ഇതൊന്നും കാണാറോ വായിക്കാറോ ഇല്ല എന്നും സാബു പറഞ്ഞു. ഇങ്ങനെ പറയുന്നതിന് വ്യക്തിപരമായ കാരണങ്ങളുണ്ടെന്നും സാബു കൂട്ടിച്ചേര്‍ത്തു.

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ നേരത്തേ സാബുവിനെതിരെ ഉയര്‍ന്നിരുന്നു. കലാഭവന്‍ മണിയെ അവശനിലയില്‍ കണ്ടെത്തിയ ഔട്ട്ഹൗസില്‍ സാബുവും ഉണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സാബുവിനെ ചോദ്യം ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ വ്യാജപ്രചരണമാണ് നടക്കുന്നതെന്നും സാബു അന്ന് പ്രതികരിച്ചിരുന്നു. ഈ കാലയളവില്‍ പ്രചരിച്ച വാര്‍ത്തകളാകും സാബു അഭിമുഖത്തില്‍ പറഞ്ഞ വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് പലരും വിലയിരുത്തുന്നത്.

English Summary: Actor Sabumon says in an online interview that he doesn’t like online interviews. The interview was a part of promotion of the movie Djinn directed by Sidharth Bharathan and starring Soubin Shahir, Sharaf U Dheen, Shine Tom Chacko, Santhy Balachandran, Leona Lishoy, Sabumon Abdusamad and Jaffar Idukki.