‘വാപ്പ അമ്മയെ ഇഷ്ടപ്പട്ടത് റഷ്യന്‍ കാമുകിയെ ഉപേക്ഷിച്ച്, നായന്മാരും മുസ്ലിങ്ങളും തമ്മില്‍ വെട്ടും കുത്തും നടക്കുന്ന കാലത്താണ് അവര്‍ കല്‍ക്കത്തയിലേക്ക് ഒളിച്ചോടി വിവാഹം ചെയ്തത്’; മാതാപിതാക്കളുടെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും മനോഹരമായ കഥ പറഞ്ഞ് നടന്‍ റഹ്മാന്‍ | Rahman | Love Story


സൂപ്പര്‍താരങ്ങള്‍ക്ക് തുല്യമായ തുടക്കം മലയാള സിനിമയില്‍ ലഭിച്ച നടനാണ് റഹ്മാന്‍. തൊണ്ണൂറുകളായിരുന്നു റഹ്മാന്റെ സുവര്‍ണ്ണകാലഘട്ടം. എന്നാല്‍ പിന്നീട് ഇങ്ങോട്ട് സിനിമയെ ഗൗരവത്തോടെ കാണാതിരുന്നതാണ് സൂപ്പര്‍ താരമായി റഹ്മാന്‍ മാറാതിരിക്കാന്‍ കാരണം. റഹ്മാന്‍ തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്.

1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ വെള്ളിത്തിരയില്‍ ആദ്യമായി എത്തുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെതായ ഇടം റഹ്മാന്‍ ഉറപ്പിച്ചിരുന്നു. ആ വര്‍ഷത്തെ മികച്ച സഹനടനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത് തന്നെ ഇതിന് തെളിവാണ്.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മുന്നേ തന്നെ സൂപ്പര്‍താരമാകാന്‍ സാധ്യതയുള്ള നടന്‍ എന്ന് റഹ്മാനെ കുറിച്ച് അന്ന് മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകര്‍ക്കൊപ്പവും റഹ്മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളിലും റഹ്മാന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

1997 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തില്‍ വെറും ഒരു സിനിമയാണ് റഹ്മാന്‍ ചെയ്തത്. ഈ വലിയ ഇടവേളയ്ക്ക് ശേഷം 2006 ല്‍ ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് റഹ്മാന്‍ തിരിച്ചുവരുന്നത്. തൊട്ടുത്ത വര്‍ഷം ഇറങ്ങിയ രാജമാണിക്യത്തിലും ശക്തമായ വേഷം ചെയ്ത് കൊണ്ട് താന്‍ ഇവിടെ തന്നെയുണ്ട് എന്ന് വിളിച്ച് പറഞ്ഞു റഹ്മാന്‍.

തന്റെ വ്യക്തിപരമായ വിശേങ്ങള്‍ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ് റഹ്മാന്‍. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരാണ് റഹ്മാന്റെ മാതാപിതാക്കള്‍. വിപ്ലവകരമായ പ്രണയവും വിവാഹവുമായിരുന്നു തന്റെ മാതാപിതാക്കളുടെത് എന്ന് റഹ്മാന്‍ പറയുന്നു. മുസ്ലിമായ തന്റെ വാപ്പ മമ്മിയെ മതം മാറാന്‍ നിര്‍ബന്ധിക്കുകയോ നിസ്‌കരിക്കാന്‍ പഠിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്നും റഹ്മാന്‍ പറഞ്ഞു.

‘സാവിത്രി നായര്‍ എന്നാണ് അമ്മയുടെ പേര്. വാപ്പ കെ.എം.എ.റഹ്മാന്‍. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇരുവരും രണ്ട് മതത്തില്‍ പെട്ടവരായതിന്റെ പേരില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷേ ഈ രണ്ട് മതങ്ങളും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. നായന്മാരും മുസ്ലിങ്ങളും തമ്മില്‍ വെട്ടുംകുത്തുമൊക്കെ നടത്തുന്ന കാലത്തായിരുന്നു വാപ്പയും മമ്മിയും വിവാഹം ചെയ്തത്.’ -റഹ്മാന്‍ പറഞ്ഞു.

‘ഡാഡി മര്‍ച്ചന്റ് നേവിയില്‍ ആയിരുന്നു. അക്കാലത്ത് വാപ്പയ്ക്ക് ഒരു റഷ്യന്‍ കാമുകി ഉണ്ടായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അവരുടെ ഫോട്ടോ ഉണ്ടായിരുന്നു. മമ്മി കോഴിക്കോട്ടുകാരിയാണ്. നിലമ്പൂരില്‍ ട്രെയിനിങ്ങിനോ മറ്റോ വന്നതാണ്. അന്ന് വലിയ പ്രളയം വന്നു. എല്ലായിടത്തും വെള്ളം കയറി. അതോടെ ഡാഡിയുടെ വീട്ടിലാണ് എല്ലാവരും താമസിക്കാനായി എത്തിയത്. വല്യുപ്പ വനംവകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ഉയര്‍ന്ന സ്ഥലത്താണ് തറവാട് വീട്. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പഞ്ചായത്ത് പോലെ എല്ലാവരും ഓടി വരുന്നത് ആ വീട്ടിലേക്കാണ്.’ -റഹ്മാന്‍ പറഞ്ഞു.

‘അവിടുന്നാണ് അമ്മ വാപ്പയെ കണ്ടുമുട്ടുന്നതും ഇഷ്ടത്തിലാവുന്നതും. അന്ന് അദ്ദാഹത്തിന് റഷ്യന്‍ കാമുകി ഉണ്ടായിരുന്നു. അവരെ ഉപേക്ഷിച്ചാണ് മമ്മിയുമായി വാപ്പ ഇഷ്ടത്തിലാവുന്നതും കല്യാണം കഴിക്കുന്നതും. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ വെട്ടുംകുത്തും നടത്തുന്നകാലത്തായിരുന്നു അവരുടെ വിവാഹം. ഒളിച്ചോടി കല്‍ക്കത്തയില്‍ വച്ചാണ് രണ്ടാളും വിവാഹം ചെയ്യുന്നത്. അതൊക്കെ വിപ്ലവകരമായ കാര്യമാണ്. കാരണം ആ കാലഘട്ടത്തിലാണ് കല്യാണം നടന്നത്.’

‘അവരുടെ പ്രണയം ജീവിതാവസാനം വരെ നിലനിന്നിരുന്നു. മമ്മിയുടെ പേര് മാറ്റാനൊന്നും വാപ്പ ശ്രമിച്ചിട്ടില്ല. സാവി എന്നാണ് അവസാനകാലം വരെ വിളിച്ചത്. മമ്മിയെ നിസ്‌കരിക്കാന്‍ പഠിപ്പിക്കുകയോ മതം മാറാന്‍ പറയുകയോ ഒന്നും ചെയ്തിട്ടില്ല.’ -റഹ്മാന്‍ പറഞ്ഞുനിര്‍ത്തി.

Content Highlights / English Summary: Malayalam actor Rahman says the story of interfaith love marriage of his father and mother.