”മുകേഷ് മരിച്ചെന്ന് വരെ അവിടെയുള്ളവര്‍ കരുതി, ആ രീതിയിലായിരുന്നു ഓരോരുത്തരുടെയും പെരുമാറ്റം”; ആ ദിവസം ഓർത്തെടുത്ത് നടൻ മുകേഷ്| mukesh | mohanlal| lakshmi rai


സിനിമയിൽ മാത്രമല്ല സ്വന്തം ജീവിതത്തിലും ഏറെ നർമ്മമുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന താരമാണ് മുകേഷ്. 2016 മുതൽ കൊല്ലത്ത് നിന്നുള്ള നിയമസഭാം​ഗമായി തുടരുന്ന താരം ഇപ്പോഴും ടെലിവിഷൻ പരിപാടികളിൽ സജീവ സാന്നിധ്യമാണ്. ഇതുകൂടാതെ താരത്തിന് മുകേഷ് സ്പീക്കിങ് എന്നൊരു യൂട്യൂബ് ചാനലുണ്ട്.

തന്റെ ചാനലിലൂടെ വ്യക്തി ജീവിതത്തിലേയും സിനിമാ ജീവിതത്തിലേയും നിരവധി അനുഭവങ്ങൾ നർമ്മത്തിൽ ചാലിച്ചും അല്ലാതെയുമൊക്കെ മുകേഷ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം തന്റെ ചാനലിലൂടെ പങ്കുവെച്ച ചില അനുഭവങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അബുദാബിയിൽ വെച്ച് അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന ചില സംഭവങ്ങളാണ് മുകേഷ് തുറന്ന് പറഞ്ഞത്. അബുദാബിയിലെ ഒരു ദ്വീപിൽ ചിത്രീകരിച്ച സിനിമയുടെ സെറ്റ് വളരെ രസകരമായിരുന്നെന്ന് മുകേഷ് വീഡിയോയിൽ പറയുന്നുണ്ട്.

ഒരു ദിവസം രാവിലെ മുകേഷ് ജിമ്മിൽ പോയിരുന്നു, തിരിച്ച് വരുമ്പോഴേക്കും അവിടെയുണ്ടായ കോലാഹലങ്ങൾ താരം പങ്കുവയ്ക്കുകയാണ്. അൽപ സമയത്തിന് ശേഷം തന്റെ പ്രൊഡക്ഷൻ കൺട്രോളർ തിരഞ്ഞു വന്നപ്പോൾ തന്നെ കാണാതെ ലക്ഷ്മി റായിയുടെ മുറിയിൽ അടക്കം കേറി പരിശോധിച്ചു എന്നാണ് മുകേഷ് തന്റെ ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

മുകേഷിന്റെ അസിസ്റ്റന്റും മേക്കപ്പ്മാനുമായ രാജൻ എന്നയാൾ വന്ന് ഒരുപാട് തവണ കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല. ഇത്രയും കോളിംഗ് ബെല്ലടിച്ചിട്ടും ഒരിക്കലും തുറക്കാതിരുന്നിട്ടില്ല. എന്തോ സീരിയസാണെന്ന് കരുതി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനോട് പറഞ്ഞു. അവർ നേരെ മോഹൻലാലിന്റെ മുറിയിൽ ചെന്നു. മുകേഷുണ്ടോ ഇവിടെയെന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു.

ലക്ഷ്മി റായുടെ റൂമിൽ ചെന്നു. ലക്ഷ്മി റായോട് ചോദിക്കുന്നതിന് മുമ്പ് മുറിയിൽ എത്തി നോക്കി. മുകേഷേട്ടൻ ഇവിടെ വന്നോ എന്ന് ചോദിച്ചു. മുകേഷ് സാറെന്തിനാണ് ഇവിടെ വരുന്നത് ലൊക്കേഷനില്ലേയെന്നാണ് ലക്ഷ്മി റായ് അപ്പോൾ ചോദിച്ചത്. ഭാവനയുടെ റൂമിൽ ചെന്നു. അവിടെയില്ല. എല്ലാവരുടെയും റൂമിൽ ചെന്നു. എവിടെയും കാണാതായപ്പോൾ എല്ലാവരും പരിഭ്രമിച്ചു പോയെന്നാണ് മുകേഷ് പറഞ്ഞത്.

മുകേഷ് മരിച്ചെന്ന് വരെ അവിടെയുള്ളവർ കരുതി. ഒടുവിൽ ഹോട്ടൽ മാനേജരുടെ നേതൃത്വത്തിൽ വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജിമ്മെല്ലാം കഴിഞ്ഞ്, അവിടെ എന്താണ് നടക്കുന്നതെന്ന് പോലും മനസിലാക്കാനാകാതെ മുകേഷ് കയറിവരുന്നത്. മുകേഷ് മരിച്ചെന്ന് കരുതി ഭാക്കിയുള്ള ഓരോരുത്തരുടെയും പെരുമാറ്റങ്ങളെക്കുറിച്ച് ഏറെ രസകരമായാണ് താരം അവതരിപ്പിക്കുന്നത്.