”ദീപികയെ എനിക്ക് കാണേണ്ട അവളെന്നെ വഞ്ചിച്ചു”; ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മുകേഷും മോഹൻലാലും ഇതിന്റെ പേരിൽ തർക്കമായി


നടനായും അവതാരകനായും രാഷ്ട്രീയപ്രവർത്തകനുമായെല്ലാം സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുത്ത മലയാള നടനാണ് മുകേഷ്. ഇപ്പോൾ താൻ മികച്ചൊരു വ്ലോ​ഗർ ആണെന്ന് കൂടി തെളിയിക്കുകയാണ് അദ്ദേഹം. മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അഭിനയജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്യുമ്പോഴേക്കും വ്യൂവേഴ്സിന്റെ തള്ളിക്കയറ്റമാണതിൽ.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി ചെന്നൈയിൽ പോയപ്പോൾ താമസിച്ച ഹോട്ടലിൽ വെച്ചുണ്ടായ സംഭവങ്ങളാണ് മുകേഷിന്റെ ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നത്. ചെന്നൈയിൽ എത്തിയപ്പോൾ തന്നെ മുകേഷ് ​ഹോട്ടൽ ജീവനക്കാരിയും മലയാളിയുമായ ദീപിക എന്നൊരു ഒരു പെൺകുട്ടിയെ പരിചയപ്പെടുകയുണ്ടായി. പിന്നീട് ദീപികയുടെ കൂടെ താമസിക്കുന്ന പെൺകുട്ടി മുകേഷിന്റെ നാട്ടുകാരിയാണെന്ന് മനസിലാവുന്നതെന്ന് താരം പറയുന്നു.

തുടർന്ന് മുകേഷ് അവരുടെ ഫ്ലാറ്റിൽ പോയി ആഹാരം കഴിക്കുകയും തിരിച്ച് ടാക്സിയൊന്നും കിട്ടാതെ ദീപികയുടെ കൂടെ സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച് ആരും അറിയാതെ തിരിച്ച് വരികയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് നടൻ മോഹൻലാൽ അതേ ഹോട്ടലിൽ എത്തുന്നത്. മോഹൻലാലും അതേ സിനിമയിലെ അഭിനയിക്കാനാണ് എത്തിയത്. പക്ഷേ ലാൽ എത്തിയപ്പോഴേക്കും മുകേഷിന് കോടീശ്വരൻ ഷോയുടെ പരസ്യത്തിന് വേണ്ടി രണ്ട് ദിവസത്തേക്ക് മാറി നിൽക്കേണ്ടി വന്നു.

ഇതോടെയാണ് കഥ മാറിമറിയുന്നത്. ദീപിക മോഹൻലാലിനോടും അടുപ്പമായി, താരത്തെയും ഫ്ലാറ്റിലേക്ക് വിളിച്ച് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു. തിരിച്ച് ടാക്സി കിട്ടാതെയായപ്പോൾ ഹോട്ടൽ ജീവനക്കാരിയായ ദീപിക തന്നെ ലാലിനെയും സ്കൂട്ടറിൽ കൊണ്ടു ചെന്നാക്കി. അപ്പോഴേക്കും മുകേഷ് തിരിച്ചെത്തിയിരുന്നു. ഹെൽമെറ്റ് വെച്ച് മോഹൻലാലിന്റെ നെറ്റിയുടെ ഒരു വശം മുറിഞ്ഞത് കണ്ടപ്പോഴേ മുകേഷിന് ചെറിയ സംശയം തോന്നി. മാത്രമല്ല, ദീപികയെ തന്റെ ബന്ധുവാണെന്ന് പറഞ്ഞാണ് മോഹൻലാൽ മുകേഷിന് പരിചയപ്പെടുത്തിക്കൊടുത്ത്.

ഇതോടെ മുകേഷിന് ആകെ പ്രശ്നമാവുകയും തുടർന്ന് ദീപികയോട് മിണ്ടാതാവുകയുമാണ് ചെയ്തതെന്ന് താരം വെളിപ്പെടുത്തുന്നു. ഇതേ കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ, ദീപികയെ തനിക്ക് കാണേണ്ട. അവൾ എന്നെ വഞ്ചിച്ചു, ഞാൻ ദുഖിതനാണ് എന്നെല്ലാമായിരുന്നു മുകേഷ് പറഞ്ഞത്. വഞ്ചിക്കാൻ ഇത് പ്രണയമൊന്നുമല്ലല്ലോ, സൗഹൃദമല്ലേയെന്നുള്ള ലാലിന്റെ വാദത്തോടെല്ലാം മുകേഷ് മുഖം തിരിച്ച് തന്നെ നിന്നു.

ഒടുവിൽ, മോഹൻലാൽ, ദീപികയ്ക്ക് വാക്കുകൊടുത്തു, മുകേഷിനെക്കൊണ്ട് മിണ്ടിപ്പിക്കാമെന്ന്. പക്ഷേ മുകേഷ് തന്റെ വാശിയിൽ ഉറച്ച് തന്നെ നിന്നു. ഷൂട്ടിങ് അവസാനിക്കാറായപ്പോഴേക്കും ഇതൊരു ത്രികോണ സൗഹൃദമായി മാറിയെന്നാണ് മുകേഷ് പറയുന്നത്. അതേസമയം, ഇതെല്ലാം വെറും തമാശയാണെന്നും, എവിടെ വരെ പോകും അതിൽ നിന്ന് എത്രമാത്രം രസകരമായ സംഭവങ്ങൾ ഉണ്ടാകും എന്നേ താൻ ഓർത്തുള്ളൂയെന്നും താരം വ്യക്തമാക്കി.

ഇതിനിടെ ഷൂട്ടിങ് എല്ലാം കഴിഞ്ഞ് മുകേഷും മോഹൻലാലും തിരിച്ച് പോകും മുൻപ് തന്നെ മുകേഷ് ദീപികയോട് സംസാരിച്ചു, എല്ലാം തമാശയായിരുന്നെന്ന് പറയുകയും ചെയ്തു. അപ്പോൾ ദീപിക മുകേഷിന് ഒരു കാർഡ് കൈമാറി. എയർപോർട്ടിലേക്കുള്ള വഴിയിൽ വെച്ചാണ് മുകേഷ് അത് തുറന്ന് വായിച്ചത്.

‘നമ്മൾ കണ്ടു, ഫ്രണ്ട്സായി, വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നു, നല്ല ഭക്ഷണമാണെന്ന് പറഞ്ഞു. പിന്നീട് എവിടെയോ ഒരു തെറ്റിദ്ധാരണ. പക്ഷേ അവസാനം ഒന്നായി, നമ്മുടെ സൗഹൃദം വളർന്ന് വലുതാകണം. നന്ദി’- ഇതായിരുന്നു കാർഡിലെ വാക്കുകൾ.

‘ആദ്യം എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വേറൊരു സുഹൃത്ത് വന്നു. ആ സുഹൃത്ത് വന്നത് പഴയ സുഹൃത്തിന് എന്തോ പ്രയാസം. രണ്ട് പേർ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ രണ്ടു പേരും ചേർന്ന് ഒരു കുടക്കീഴിൽ ആയി’- ഇത്രയുമായിരുന്നു മോഹൻലാലിന്റെ കാർഡിൽ. മാത്രമല്ല, ഇതെനിക്ക് വേറെയെവിടെയും പറയാനില്ല, അതാണ് ഈ അവസരത്തിൽ നിങ്ങളോട് പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.