”കീമോ എങ്ങനെയാണ് വേദനിപ്പിക്കുമോ എന്ന് ഇന്നസെന്റിനോട് ഞാൻ ചോദിച്ചു, അദ്ദേഹത്തിന്റെ മറുപടി കേട്ട് ശരിക്കും ഞെട്ടിപ്പോയി”; അനുഭവം പങ്കുവെച്ച് നടൻ മുകേഷ്| Mukesh | Innocent


പ്രശസ്ത നടൻ ഇന്നസെന്റ് നമ്മെ വിട്ട് പോയിട്ട് ദിവസങ്ങൾ കഴിയുന്നേയുള്ളു. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സുഹൃത്തുക്കൾ. ഇന്നസെന്റ് രോ​ഗബാധിതനായ സമയത്ത് നടൻ മുകേഷ് അദ്ദേഹത്തോട് കീമോ ചികിത്സ വേദനിക്കുമോ എന്ന് ചോദിച്ചു, ഇതിന് അദ്ദേഹം നൽകിയ മറുപടി കേട്ട് താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നാണ് മുകേഷ് പറയുന്നത്.

പിന്നെ വേദനിക്കാതെ ഇരിക്കുമോ എന്ന് ചോദിച്ച ഇന്നസെന്റ് ഉദാഹരണസഹിതം മുകേഷിന് തന്റെ അവസ്ഥ വിവരിച്ച് കൊടുക്കുകയായിരുന്നു. ഒരു ഉദാഹരണം ഞാൻ പറയാം. കീമോ എടുത്ത് കഴിഞ്ഞ് ഞാൻ പുറത്തോട്ട് ഇറങ്ങുന്നു. അപ്പോൾ ഉമ്മൻ ചാണ്ടി വരുന്നു എന്നെ കാണാൻ. ഞാൻ ഉമ്മൻ ചാണ്ടിയെ നോക്കിയിട്ട് ചോദിക്കും, ഹാ അച്ചുദാനന്ദൻ എപ്പോൾ വന്നു എന്ന്. അത്ര വ്യത്യാസമേയുള്ളു, വേറെ ഒരു പ്രശ്നവുമില്ല- ഇങ്ങനെയായിരുന്നു ഇന്നസെന്റിന്റെ വാക്കുകൾ.

കീമോ എത്രമാത്രം വേദനാജനകമാണെന്ന് ആ ഒരു ഉദാഹരണത്തിൽ നിന്ന് തന്നെ നമുക്ക് മനസിലാവും. ആളെപ്പോലും മനസിലാകാതെ നമ്മൾ മറ്റൊരു ലോകത്തിലേക്ക് എത്തുകയല്ലേ എന്ന് മുകേഷ് പറയുന്നു. അതുപോലും വളരെ രസകരമായാണ് അദ്ദേഹം പറയുന്നത്. എല്ലാത്തിലും നർമ്മം കണ്ടെത്താൻ കഴിയുന്ന അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചും മുകേഷ് പ്രശംസിക്കുന്നു.

തന്റെ കാൻസർ വാർഡിൽ സംഭവിച്ച മറ്റൊരു രസകരമായ കാര്യവും ഇന്നസെന്റ് മുകേഷിനോട് പങ്കുവെച്ചിരുന്നു. കാൻസർ രോ​ഗബാധിതരായ ആളുകളെ കൗൺസിൽ ചെയ്യുന്ന ഒരു ലേഡി ഡോക്ടറെ കുറിച്ചായിരുന്നു അത്. ”കാൻസറിനെ വളരെ ലളിതവൽക്കരിച്ച് അവർ ഇന്നസെന്റിനോട് സംസാരിക്കുമായിരുന്നു. ഇത് പനി പോലെയൊരു അസുഖമാണ്. എന്തായാലും റിക്കവർ ആകും, ടെക്നോളജി ഇത്രയെല്ലാം വികസിച്ചില്ലേ എന്നെല്ലാം ഇന്നസെന്റിനോട് ആ ഡോക്ടർ പറയുമായിരുന്നു.

പെട്ടെന്നൊരു ദിവസം ആ ഡോക്ടർ വരാതെയായി. ഇന്നസെന്റ് എല്ലാവരോടും അവരെക്കുറിച്ച് അന്വേഷിച്ചു. ഡോക്ടർ ലീവ് ആണ് എന്നായിരുന്നു അദ്ദേഹത്തിന് ലഭിച്ച മറുപടി. രണ്ട് ദിവസം കഴിഞ്ഞ് ആശുപത്രിയുടെ ലിഫ്റ്റിൽ വെച്ച് ഇന്നസെന്റ് വളരെ അവിചാരിതമായി ഡോക്ടറെ കണ്ടു. എന്തുപറ്റി രണ്ട് ദിവസം കണ്ടില്ലല്ലോ, ഞാൻ എല്ലാവരോടും അന്വേഷിച്ചു. കല്യാണം വല്ലതും ആയിരുന്നോ എന്നെല്ലാം ഇന്നസെന്റ് ചോദിച്ചു.

ഇന്നസെന്റിന്റെ ചോദ്യം കേട്ട് ഒരു സെക്കന്റ് മിണ്ടാതെ നിന്ന ഡോക്ടർ പെട്ടെന്ന് പൊട്ടിക്കരയാൻ തുടങ്ങി. എന്നിട്ട് എനിക്ക് കാൻസർ ആണ് ഇന്നസെന്റ്, ഇപ്പോൾ ഡയ​ഗ്നോസ് ചെയ്തേയുള്ളു എന്ന് പറഞ്ഞു. ഇന്നസെന്റ് ലിഫ്റ്റിന് മുന്നിൽ നിന്ന് അവർ തന്നോട് പറഞ്ഞ കാര്യങ്ങൾ ഉദാഹരിച്ച് ഡോക്ടറെ ആശ്വസിപ്പിച്ചു. ആ സമയത്ത് അവർക്ക് കരയണോ ചിരിക്കണോ എന്ന് അറിയാത്ത അവസ്ഥയായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു- മുകേഷ് വ്യക്തമാക്കി. ജീവിതത്തിലെ എല്ലാ വിഷമകരമായ സംഭവങ്ങളിലും എന്തെങ്കിലും നർമ്മം കണ്ടുപിടിക്കുന്ന പ്രതിഭയായിരുന്നു ഇന്നസെന്റ് എന്നാണ് അദ്ദേഹം പറയുന്നത്.