“നിന്റെ അച്ഛന്റെ പ്രായമുണ്ടല്ലോ എനിക്ക്, അന്തസ് വേണമെടാ”; പാതിരാത്രി ശല്യപ്പെടുത്തിയവരെ മുകേഷിനും മുന്നേ തെറി പറഞ്ഞോടിച്ച സിനിമാ നടനെ കുറിച്ച് സംവിധായകൻ| Mukesh| Thilakan| Jagathi


നടൻ മുകേഷിന്റെ മാസ്റ്റർ പീസ് ആയ ‘അന്തസ് വേണമെടാ അന്തസ്’ എന്ന പ്രയോ​ഗം ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. നടൻ ജയറാമിൽ നിന്നുമാണ് മുകേഷിന് ഇത് കിട്ടിയത്. സാധാരണ, സിനിമയിൽ നിന്നുള്ള ഡയലോ​ഗുകൾ വ്യക്തിജീവിതത്തിലേക്ക് പകർത്തുന്ന പതിവ് രീതിയ തെറ്റിച്ചുകൊണ്ടായിരുന്നു ഈ ഡയലോ​ഗിന്റെ പിറവി. പാതിരാത്രി തന്നെ വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനോടായിരുന്നു മുകേഷ് ഈ ഡയലോ​ഗടിച്ചത്. എന്നാൽ ജയറാമിനും മുകേഷിനും മുൻപേ ഇതേ ഡയലോ​ഗ് ഹിറ്റാക്കിയ ഒരു നടനുണ്ട്. മറ്റാരുമല്ല, മൺമറഞ്ഞ നടൻ തിലകനായിരുന്നു അത്.

ഒരിക്കലും താൻ അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാത്ത തരത്തിലുള്ള പ്രകടനമാണ് നടൻ തിലകൻ തന്റെ അഭിനയജീവിത്തതിലുടനീളം കാഴ്ച്ചവെച്ചത്. അദ്ദേഹത്തിന്റെ മികച്ച കഥാപാത്രമേതാണെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം നൽകാൻ കഴിയില്ല. അഭിനയത്തിൽ ജീവിക്കുകയും ജീവിതത്തിൽ അഭിനയിക്കുകയും ചെയ്ത നടനാണ് തിലകനെന്നാണ് അദ്ദേഹത്തെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേഷ് പറഞ്ഞത്.

തിലകൻ കാമറക്ക് മുൻപിൽ നിൽക്കുമ്പോൾ അദ്ദേഹം അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നില്ല, അദ്ദേഹം കഥാപാത്രമായി ജീവിക്കയാണെന്നേ തോന്നു, ദിനേഷ് വ്യക്തമാക്കി. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ തിലകനെക്കുറിച്ച് സംസാരിച്ചത്. തിലകന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ വേണ്ടി നടൻ ജ​ഗതി ശ്രീകുമാറും ശ്രീനിവാസനും ചെയ്ത പണികളെക്കുറിച്ച് പറയുകയാണ് സംവിധായകൻ ദിനേഷ്.

സിനിമാ ചിത്രീകരണത്തിന്റെ ഭാ​ഗമായി സംവിധായകനും തിലകനും ജ​ഗതി ശ്രീകുമാറും ചേർന്ന് ഷൊർണ്ണൂരിലെ ഒരു ലോഡ്ജിൽ താമസിക്കുമ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. രാത്രി വളരെ വൈകിയതിന് ശേഷം തിലകന്റെ മുറിയുടെ വാതിലിൽ ഇടിച്ച് വലിയ ശബ്ദമുണ്ടാക്കി ജ​ഗതി ഓടി മറഞ്ഞു. രണ്ട് തവണ ഇങ്ങനെ ചെയ്തപ്പോൾ ദേഷ്യം സഹിക്കാനാവാതെ തിലകൻ റോഡിലേക്ക് നോക്കി മലയാളിയുടെ സദാചാരബോധത്തെക്കുറിച്ച് പ്രസം​ഗിക്കുകയാണ് ചെയ്തത്. ഏകദേശം ഒരു പന്ത്രണ്ട് മിനിറ്റോളം അദ്ദേഹം അങ്ങനെ നിന്ന് സംസാരിച്ചു. തുടർന്ന് മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു. ഇങ്ങനെ കോപിച്ച് സംസാരിക്കുമ്പോഴെല്ലാം ‘അന്തസ് വേണമെടാ’ എന്ന പ്രയോ​ഗം പലതരത്തിൽ തിലകനും പ്രയോ​ഗിക്കുന്നത് പതിവായിരുന്നു.

ജീവിതത്തിൽ ഒരുവിധം പ്രവൃത്തികളിലെല്ലാം തിലകൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായാണ് പെരുമാറുക എന്ന് ഇങ്ങനെ ചില സംഭവങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാം. വളരെ സാധുവായ ആർക്കും പറ്റിക്കാൻ കഴിയുന്ന മനുഷ്യനായിരുന്നു നടൻ തിലകനെന്നാണ് സംവിധായകൻ ദിനേഷ് പറയുന്നത്. പക്ഷേ അദ്ദേഹം എപ്പോഴും മറ്റുള്ളവർക്ക് മുൻപിൽ മുരടനായും ക്ഷിപ്രകോപിയായും അഭിനയിച്ചു. ഒരിക്കലും താൻ എന്താണെന്ന് ആളുകൾക്ക് മുൻപിൽ തുറന്ന് കാണിച്ചില്ല. എന്നാൽ സിനിമയിലാണെങ്കിലോ, അദ്ദേഹം ജീവിച്ചു.

മലയാള സിനിമക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച തിലകൻ നാടകനടനായാണ് തന്റെ കരിയർ ആരംഭിച്ചത്. ആയിരത്തോളം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ടിദ്ദേഹം. 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം “സീൻ ഒന്ന് – നമ്മുടെ വീട്” ആയിരുന്നു. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലയാളത്തിന് മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചതിനെ തുടർന്ന് 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സംഭവത്തിൽ സുകുമാർ അഴീക്കോടിനെപ്പോലെയുള്ള പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-ന് ഹൃദയാഘാതത്തെ തുടർന്ന് തന്റെ 77ാം വയസിൽ ലോകത്തോട് വിട പറഞ്ഞു.

വളരെ സാധുവായ ആർക്കും പറ്റിക്കാൻ കഴിയുന്ന മനുഷ്യനായിരുന്നു നടൻ തിലകനെന്നാണ് സംവിധായകൻ ദിനേഷ് പറയുന്നത്. പക്ഷേ അദ്ദേഹം എപ്പോഴും മറ്റുള്ളവർക്ക് മുൻപിൽ മുരടനായും ക്ഷിപ്രകോപിയായും അഭിനയിച്ചു. ഒരിക്കലും താൻ എന്താണെന്ന് ആളുകൾക്ക് മുൻപിൽ തുറന്ന് കാണിച്ചില്ല. എന്നാൽ സിനിമയിലാണെങ്കിലോ, അദ്ദേഹം ജീവിച്ചു.