‘ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ… ആ തിരക്കഥ ഒന്ന് വായിക്കാന്‍ തരുമോ? ഇല്ലല്ലേ…’; പ്രിയദര്‍ശന്‍ തിരക്കഥ വായിക്കാന്‍ തരാറില്ലെന്ന ‘പരാതി’യുമായി മോഹന്‍ലാല്‍, വായിക്കാന്‍ തന്നത് ഈ ഒരു ചിത്രത്തിന്റെ തിരക്കഥ മാത്രം | Mohanlal | Priyadarshan | Thenmavin Kombath
സിനിമയില്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കോംബോയാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്. പൊട്ടിച്ചിരിപ്പിക്കുകയും കണ്ണ നിറയ്ക്കുകയും ചെയ്ത ഒട്ടേറെ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ചപ്പോള്‍ മലയാള സിനിമാ ലോകത്തിന് കിട്ടിയത്. അവസാനം ഇറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം പോലും വൈകാരികമായ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു.
പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് പിറവിയെടുക്കുന്നത്. തുടര്‍ന്ന് മലയാളത്തിലെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് പുറത്ത് വന്നത്. തേന്മാവിന്‍ കൊമ്പത്ത്, കിലുക്കം, അഭിമന്യു, ആര്യന്‍, താളവട്ടം, ചിത്രം, ചന്ദ്രലേഖ, കാക്കക്കുയില്‍, കാലാപാനി, വന്ദനം, അക്കരെ അക്കരെ, അക്കരെ, കിളിച്ചുണ്ടന്‍ മാമ്പഴം, ഗീതാഞ്ജലി, അറബിയും ഒട്ടകവും പി.മാധവന്‍ നായരും: ഒരു മരുഭൂമിക്കഥ തുടങ്ങി ആ പട്ടിക ഒപ്പത്തിലും മരക്കാറിലും എത്തി നില്‍ക്കുന്നു.
എന്നാല്‍ പ്രിയനെ കുറിച്ച് മോഹന്‍ലാലിന് വലിയൊരു പരാതിയുണ്ട്. അഭിനയിച്ച ഒരു ചിത്രത്തിന്റെ പോലും തിരക്കഥ തനിക്ക് വായിക്കാനായി പ്രിയന്‍ തന്നിട്ടില്ല എന്നാണ് ലാല്‍ പറയുന്നത്. ചിത്രീകരണത്തിന് തൊട്ടുമുന്‍പ് പോലും പ്രിയന്‍ മോഹന്‍ലാലിന് തിരക്കഥ കൊടുക്കാറില്ലത്രെ.
‘ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ പ്രിയാ, സിനിമ തുടങ്ങുന്നതിന് മുമ്പ് ആ തിരക്കഥയൊന്ന് വായിക്കാന്‍ തരുമോ? നാളെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാനുള്ള താല്‍പ്പര്യം കൊണ്ടാ…’ പല സിനിമകള്‍ക്കിടയിലും മോഹന്‍ലാല്‍ പ്രിയനോട് ഇതുപോലെ കെഞ്ചി ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഷൂട്ടിന് മുമ്പ് തിരക്കഥ വായിക്കാനുള്ള ഭാഗ്യം ലാലേട്ടന് ഉണ്ടായില്ല.
എന്തുകൊണ്ടാണ് ഇത് എന്നതിന് പ്രിയന് വ്യക്തമായ മറുപടിയുണ്ട്. പലപ്പോഴും സംസാരത്തിന് ഇടയില്‍ പങ്കുവയ്ക്കുന്ന ആശയമാണ് സിനിമയായി മാറുക. എഴുതി പൂര്‍ത്തിയാക്കാതെയാണ് പണ്ടത്തെ പല സിനിമകളും ചെയ്തത്. അതുകൊണ്ടാണ് മോഹന്‍ലാലിന് തിരക്കഥ വായിക്കാന്‍ കൊടുക്കാന്‍ പറ്റാത്തതെന്നും പ്രിയന്‍ പറഞ്ഞു.
എന്നാല്‍ മോഹന്‍ലാലിന്റെ ഈ പരാതി പ്രിയന്‍ ഒരിക്കല്‍ പരിഹരിച്ചു. ആ കഥയും മോഹന്‍ലാല്‍ പങ്കുവച്ചു. അതോടെ മോഹന്‍ലാലിന് വലിയ സന്തോഷമായി. ഒരു സിനിമയുടെ സെറ്റില്‍ മോഹന്‍ലാല്‍ എത്തിയപ്പോഴായിരുന്നു സംഭവം. സെറ്റിലെത്തിയ മോഹന്‍ലാലിന്റെ മുന്നിലേക്ക് പ്രിയന്‍ ഗര്‍വ്വോടെ ഒരു പുസ്തകം നീട്ടി. വര്‍ഷങ്ങളായി താന്‍ ചോദിച്ചിട്ടും കിട്ടാത്തതും ഏറെ ആഗ്രഹിച്ചതുമായ കാര്യം. അടുത്തതായി ചെയ്യുന്ന സിനിമയുടെ തിരക്കഥയായിരുന്നു അത്.
എന്നാല്‍ മോഹന്‍ലാലിന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. പൂര്‍ത്തിയായ തിരക്കഥ കണ്ട് മോഹന്‍ലാല്‍ പ്രിയന് മുന്നില്‍ കൈകൂപ്പി നിന്നു. വേണ്ട, എനിക്ക് ഇത് വായിക്കേണ്ട എന്നായിരുന്നു ലാല്‍ പ്രിയനോട് പറഞ്ഞത്. തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ തിരക്കഥയായിരുന്നു ആ പുസ്തകമെന്നും മോഹന്‍ലാല്‍ ഓര്‍ക്കുന്നു.
1994 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്. കോമഡിയും വൈകാരിക രംഗങ്ങളും ദൃശ്യഭംഗിയും എല്ലാം കൊണ്ട് സമ്പന്നമായ ചിത്രത്തിന് മികച്ച ഛായാഗ്രഹണത്തിനും പ്രൊഡക്ഷന്‍ ഡിസൈനിനും ഉള്ള ദേശീയപുരസ്‌കാരങ്ങളും നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു, കെ.പി.എ.സി ലളിത, സുകുമാരി, ശങ്കരാടി, ശ്രീനിവാസന്‍, കുതിരവട്ടം പപ്പു, നന്ദു തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പില്‍ക്കാലത്ത് തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായി അകാലത്തില്‍ നമ്മെ വിട്ട് പിരിഞ്ഞ കെ.വി.ആനന്ദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
English Summary / Content Highlights: Actor mohanlal says director priyadarshan never allowed him to read script before shooting except one movie Thenmavin Kombath.