Mammootty Speech at Yesudas Birthday Celebration Event Viral | ‘ദാസേട്ടന്‍ എന്നെക്കാള്‍ ഇളയതാണ്’; ഗായകന്‍ യേശുദാസിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയുടെ പ്രസംഗം


മലയാളികളുടെ പ്രിയഗായകന്‍ യേശുദാസിന്റെ പിറന്നാള്‍ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ജനുവരി പത്തിനാണ് അദ്ദേഹത്തിന് 83 വയസ് തികഞ്ഞത്. യേശുദാസ് കേരളത്തില്‍ ഇല്ലെങ്കിലും ഗംഭീര ആഘോഷമാണ് മലയാളി മണ്ണില്‍ അദ്ദേഹത്തിനായി ഒരുക്കിയത്. അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ചടങ്ങില്‍ പങ്കെടുത്തത്.

കൊച്ചിയിലാണ് യേശുദാസിന്റെ 83-ാം പിറന്നാള്‍ ആഘോഷത്തിനായുള്ള സ്‌നേഹസംഗമം ഒരുക്കിയത്. യേശുദാസ് അക്കാദമിയുടെ നേതൃത്വത്തില്‍ എറണാകുളത്തെ പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ആഘോഷം. അമേരിക്കയിലെ ഡാലസിലുള്ള യേശുദാസും പ്രിയപത്‌നി പ്രഭയും ഓണ്‍ലൈനായി മലയാളികളുടെ പിറന്നാള്‍ സ്‌നേഹം കണ്‍നിറയെ കണ്ടു.

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയായിരുന്നു പിറന്നാളാഘോഷ വേദിയിലെ മുഖ്യ ആകര്‍ഷണം. പതിവ് പോലെ സദസ്സിനെ കയ്യിലെടുക്കുന്ന അടിപൊളി പ്രസംഗമാണ് മമ്മൂട്ടി ചടങ്ങില്‍ നടത്തിയത്. യേശുദാസിന് ജന്മദിമനാശംസകളും അദ്ദേഹം നേര്‍ന്നു.

‘അമേരിക്കയിലുള്ളവര്‍ക്ക് കാണാന്‍ കഴിയുന്ന ക്യാമറ ഏതാണ്?’ എന്ന് ചോദിച്ച മമ്മൂട്ടി ആ ക്യാമറയിലേക്ക് നോക്കിയാണ് ഗാനഗന്ധര്‍വ്വന് ജന്മദിനാശംസ നേര്‍ന്നത്. ‘ദാസേട്ടാ, ഹാപ്പി ബര്‍ത്ത് ഡേ.’ എന്ന മമ്മൂട്ടിയുടെ ആശംസയ്ക്ക് ഭൂമിയുടെ മറുവശത്തുനിന്ന് പ്രിയഗായകന്റെ മറുപടിയും ഉടനെത്തി. ‘ജഗദീശ്വരന് പ്രണാമം’ എന്നായിരുന്നു പുഞ്ചിരി തൂകി കൈകൂപ്പിക്കൊണ്ട് തന്റെ സ്വതസിദ്ധമായ തൂവെള്ള വേഷത്തിലായിരുന്ന യേശുദാസിന്റെ മറുപടി. ഇത്ര ദൂരെയാണെങ്കിലും ഓണ്‍ലൈനിലൂടെ തന്റെ പ്രിയപ്പെട്ട മലയാളികളോട് സംസാരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും യേശുദാസ് മറച്ച് വച്ചില്ല.

തുടര്‍ന്നാണ് സദസ്സിനെ ഏറെ രസിപ്പിച്ച മമ്മൂട്ടിയുടെ പ്രസംഗം അരങ്ങേറിയത്. തന്നെക്കാള്‍ ഇളയ ആളാണ് യേശുദാസ് എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ തെല്ലൊരു അമ്പരപ്പോടെയാണെങ്കിലും പൊട്ടിച്ചിരിച്ചും കയ്യടിച്ചുമാണ് സദസ്സ് ആ വാക്കുകളെ കേട്ടത്.

‘ഒന്ന് രണ്ട് കാര്യങ്ങള്‍ അവതാരക പറഞ്ഞു. ബാക്കിയുള്ള കാര്യങ്ങള്‍ സിദ്ദിഖും മനോജ് കെ. ജയനും കാണാതെ പഠിച്ച് വന്നിട്ടുണ്ട്. എനിക്കാണെങ്കില്‍ ഒന്നും ഓര്‍മ്മയും വരുന്നില്ല.’ എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങിയ മമ്മൂട്ടി തുടക്കത്തില്‍ തന്നെ സദസ്സിനെ കയ്യിലെടുത്തു.

‘ദാസേട്ടനും ഞാനും തമ്മില്‍ ഒന്ന് രണ്ട് വയസിന്റെ വ്യത്യാസമേ ഉള്ളൂ. പുള്ളി എന്നെക്കാള്‍ രണ്ട് മൂന്ന് വയസിന് ഇളയതാണ്. ബഹുമാനം കൊണ്ടാണ് ദാസേട്ടാ എന്ന് വിളിക്കുന്നത്. എന്നെ പലരും മമ്മൂക്കാ എന്ന് വിളിക്കുന്നില്ലേ.’ -മമ്മൂട്ടി പറഞ്ഞു.

‘ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മള്‍ ആഘോഷിക്കുന്നത്. നമ്മള്‍ സിനിമാ സംഗീതത്തിന്റെയും സംഗീതത്തിന്റെയും പിറന്നാള്‍ കൂടെയാണ് നമ്മളാഘോഷിക്കുന്നത്. ദാസേട്ടനെ വിട്ട് നമുക്കൊരു പാട്ടില്ല, സംഗീതമില്ല, നമ്മുടെ ഒരു ദിവസം പോലും ആരംഭിക്കുന്നില്ല. ദാസേട്ടനില്ലാതെ നമുക്കൊരു യാത്ര പോകാന്‍ പറ്റില്ല, ഒന്നും ചെയ്യാന്‍ പറ്റില്ല. എവിടെ പോയാലും പുള്ളി എന്തെങ്കിലും മൂളിക്കൊണ്ടിരിക്കുന്നുണ്ടാകും. ദാസേട്ടന്റെ പാട്ട് കേള്‍ക്കാതെ ഒരു നിമിഷം പോലും നമുക്ക് പോകാന്‍ കഴിയില്ല.’ -മമ്മൂട്ടി തുടര്‍ന്നു.

യേശുദാസിന്റെ ഏറ്റവും പുതിയ പ്രണയ യുഗ്മഗാനമായ ‘തനിച്ചൊന്നുകാണാന്‍’ എന്ന ആല്‍ബം ചടങ്ങില്‍ മമ്മൂട്ടി പുറത്തിറക്കി. സിനിമാ-സംഗീത-സാഹിത്യ ലോകത്തെ പ്രമുഖര്‍ അണിനിരന്ന വേദിയില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പിറന്നാള്‍ കേക്ക് മുറിച്ചു.


Summary: Actor Mammootty’s speech at singer Yesudas birthday celebration event goes viral.