”സിനിമാക്കാർക്ക് സീരിയലിനോട് ഒരു ചിറ്റമ്മനയം ഉണ്ട്, കുറച്ച് നാൾ സീരിയലിൽ നിന്ന് വിട്ട് നിന്നു എന്നിട്ടും വിളിച്ചില്ല”; പരാതിയുമായ മലയാളത്തിലെ പഴയകാല നടനും സംവിധായകനുമായ മഹേഷ്| Mahesh| TV Serial
സംവിധായകൻ, നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച നടനാണ് മഹേഷ്. എൺപതുകളുടെ അവസാനത്തിൽ സിനിമയിലെത്തി. ജെ ശശികുമാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് മഹേഷിന്റെ സിനിമയിലെ തുടക്കം. വിവിധ സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടറായി പതിനാറോളം സിനിമകളിൽ പ്രവർത്തിച്ച മഹേഷ് 1989-ൽ മുദ്ര എന്ന സിനിമയിലൂടെ അഭിനയത്തിലേയ്ക്ക് തിരിഞ്ഞു.
എൺപതോളം സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച തന്നെ മലയാള സിനിമ അർഹിക്കുന്ന രീതിയിൽ ഇപ്പോൾ പരിഗണിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. താൻ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയതാണ് ഇതിന് കാരണമായി മഹേഷ് പറയുന്നത്. സിനിമാക്കാർക്ക് സീരിയലിനോട് ഒരു തരത്തിലുള്ള ചിറ്റമ്മ നയം ഉണ്ടെന്നും അദ്ദേഹം പറയുന്നു.
”ഞാൻ അർഹിക്കുന്ന വേഷങ്ങൾ എനിക്ക് കിട്ടുന്നില്ല എന്നാണ് എന്റെ വിശ്വാസം. സീരിയലുകാർക്ക് അധികം വേഷങ്ങൾ തരാനും പറ്റില്ല. കാരണം നമ്മൾ സിനിമയിൽ നിന്നും വന്നതല്ലേ. സിനിമയിലെ ഒരു സാമ്പത്തിക സുഖമൊന്നും സീരിയലിൽ നിന്ന് കിട്ടില്ല. രണ്ടാമത് സീരിയലിനോട് സിനിമയ്ക്ക് ഒരു ചിറ്റമ്മ നയമുണ്ട്.
സീരിയലിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ സിനിമയിലേക്ക് അധികം വിളിക്കാൻ ബുദ്ധിമുട്ട് ഉള്ളവരുണ്ട്. അതുകൊണ്ട് ഞാൻ രണ്ട് വർഷത്തോളം സീരിയലിൽ നിന്ന് വിട്ട് നിന്നു. അങ്ങനെയെങ്കിലും ഏതെങ്കിലും സിനിമാക്കാർ വിളിക്കാൻ വേണ്ടി ആയിരുന്നു അത്. അതും ഉണ്ടായില്ല”- അദ്ദേഹം പറയുന്നു.
മഹേഷ് രണ്ടാമത് തിരിച്ച് വരവ് നടത്തിയപ്പോൾ അഭിനയിച്ച സിനിമയായിരുന്നു ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമ കഥ. ബിബി നൗഫൽ സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ദുൽഖറുമായുള്ള ഒരു കോമ്പിനേഷൻ സീനിൽ ആയിരുന്നു മഹേഷ് അഭിനയിച്ചത്. ഇതിലെ അഭിനയം കണ്ട്, തനിക്ക് ഒരുപാട് പ്രശംസകൾ ലഭിച്ചുവെന്നും ഇനിയും ധാരാളം വേഷങ്ങൾ ലഭിക്കുമെന്നും പലരും പറഞ്ഞു. പക്ഷേ ഒന്നും ഉണ്ടായില്ല എന്നാണ് അദ്ദേഹം പറയുന്നത്.
മൃഗയ, സദയം, വ്യൂഹം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള മഹേഷ് തൊണ്ണൂറുകളിൽ അഭിനയം നിർത്തി അമേരിക്കയിലേക്ക് പോയി. വർഷങ്ങളോളം അവിടെ ജോലി ചെയ്ത് തിരിച്ച് വന്ന അദ്ദേഹം 2008-ൽ പൃഥ്വിരാജിനെ നായകനാക്കി കലണ്ടർ എന്ന സിനിമ സംവിധാനം ചെയ്തു. പിന്നീട് ജയരാജ് സംവിധാനം ചെയ്ത അശ്വാരൂഡൻ എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. ഇപ്പോൾ സീരിയലുകളിൽ സജീവമാണ് മഹേഷ്.