നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ഐ.സി.യുവില്‍
കോട്ടയം: നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തൊള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാവിലെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം നസീര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ കോട്ടയം നസീറിനെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. ഇപ്പോള്‍ കോട്ടയം നസീര്‍ ഐ.സി.യുവില്‍ തുടരുകയാണ്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സിനിമാ നടന്‍, മിമിക്രി താരം, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളില്‍ തിളങ്ങിയ കോട്ടയം നസീര്‍ കോട്ടയം ജില്ലയിലെ കറുകച്ചാല്‍ സ്വദേശിയാണ്. മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ചിത്രരചനയിലും മിമിക്രിയിലുമായി കലാജീവിതം തുടങ്ങിയ കോട്ടയം നസീര്‍ മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചു. ഏഷ്യാനെറ്റില്‍ കോമഡി ടൈം എന്ന പരിപാടിയുടെ അവതാരകനായിരുന്നു. കൈരളി ടി.വിയില്‍ കോട്ടയം നസീര്‍ ഷോ എന്ന ഹാസ്യപരിപാടി അവതരിപ്പിച്ചിരുന്നു.
ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീര്‍ ശ്രദ്ധേയനായത്. മിമിക്‌സ് പരേഡില്‍ മോര്‍ഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റൊഷാര്‍ക്കിലെ വളരെ വ്യത്യസ്തവും ശ്രദ്ധേയവുമായ വേഷം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.
English Summary / Content Highlights: Actor Kottayam Nazeer hospitalized after suffering from chest pain, admitted in ICU.