”ഭാരത് ജോഡോ യാത്രയല്ല, ഏത് യാത്രയാണെങ്കിലും ശരി, രാഷ്ട്രീയപാർട്ടികളുമായുള്ള എന്റെ എല്ലാ ബന്ധവും ഞാൻ വിച്ഛേദിച്ചതാണ്”; നിലപാട് വ്യക്തമാക്കി ജ​ഗദീഷ്| Jagadish| Politics


ഹാസ്യകഥാപാത്രങ്ങളിലൂടെയായിരുന്നു നടൻ ജ​ഗദീഷ് മലയാളികൾക്ക് പ്രിയപ്പെട്ട താരമാവുന്നത്. നായകനായും സഹനടനായുമെല്ലാം കഴിവ് തെളിയിച്ച ഇദ്ദേഹം ഒരിടയ്ക്ക് ടെലിവിഷൻ ഷോകളിലേക്ക് ചുവടു മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും ചലച്ചിത്രമേഖലയിലേക്ക് കടന്ന് വന്നിരിക്കുകയാണ് അദ്ദേഹം. വളരെ ശക്തമായതും ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായതുമായ കഥാപാത്രങ്ങളെയാണ് ജ​ഗദീഷ് ഇപ്പോൾ അവിസ്മരണീയമാക്കുന്നത്.

അദ്ദേഹത്തിന്റെ റോഷാക് എന്ന സിനിമയിലെ പൊലീസ് വേഷവും കാപ്പയിലെ ​ഗുണ്ടാ വേഷവുമെല്ലാം പ്രേക്ഷകർക്ക് വേറിട്ട അനുഭവമാണ് നൽകിയത്. കൃഷാന്ത് സംവിധാനം ചെയ്യുന്ന പുരുഷ പ്രേതമാണ് ജ​ഗദീഷിന്റെ ഏറ്റവും പുതിയ സിനിമ. പുതിയ സിനിമയുടെ ഭാ​ഗമായി താരം നൽകുന്ന അഭിമുഖങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് തുറന്ന് കാണിക്കുകയാണ് അദ്ദേഹം. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

രാഷ്ട്രീയ പാർട്ടികളുമായുള്ള എല്ലാ ബന്ധവും നേരത്തേ വിച്ഛേദിച്ചതാണ് താൻ എന്നാണ് ജ​ഗദീഷ് പറയുന്നത്. കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ഇന്ത്യയിലുടനീളം നടത്തിയ ഭാരത് ജോഡോ യാത്രയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്.

”രാഷ്ട്രീയ പാർട്ടികളുമായുള്ള എന്റെ എല്ലാ ബന്ധവും ഞാൻ വിച്ഛേദിച്ചതാണ്. ഭാരത് ജോഡോ യാത്രയെന്നല്ല, ഏത് യാത്രയാണെങ്കിലും ശരി, ആത്യന്തികമായി മനുഷ്യന് ഇന്നത്തെ ജീവിതത്തെക്കാളും ബെറ്റർ ആയിട്ടുള്ളൊരു ലൈഫ് ആർക്ക് കൊടുക്കാൻ കഴിയുന്നോ അവരായിക്കും ഭരിക്കുക. അത് വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തിൽ ആയിക്കോട്ടേ, എംപ്ലോയ്മെന്റിന്റെ കാര്യത്തിൽ ആയിക്കോട്ടെ, ഇൻ‍ഡസ്ട്രീസിന്റെ കാര്യത്തിൽ ആയിക്കോട്ടേ..

നല്ല നാളെയ്ക്കായി ആര് പ്രവർത്തിക്കും എന്ന ചോദ്യത്തിന് ഉത്തരം തരാൻ കഴിയുന്നവർ പവറിൽ വരും. അവർ യാത്ര നടത്തിയിട്ടോ, അത് എങ്ങനെയാണെങ്കിലും ജനങ്ങൾ കൺവിൻസ്ഡ് ആയി കഴിഞ്ഞിരുന്നാൽ ജനങ്ങൾ വോട്ട് ചെയ്യും. വോട്ട് ചെയ്ത് കഴിഞ്ഞാൽ അതാണ് ഫൈനൽ വിധി”- ജ​ഗദീഷ് വ്യക്തമാക്കി.

2016ൽ ജ​ഗദീഷ് കേരള നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കെബി ഗണേഷ് കുമാറിന്റെ എതിർ സ്ഥാനാർത്ഥിയായി നിന്ന അദ്ദേഹം പരാജയപ്പെടുകയായിരുന്നു. അതേസമയം കൊമേഴ്സിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ജ​ഗദീഷ് കോളജ് ലക്ചർ ആയിട്ടായിരുന്നു തന്റെ കരിയർ തുടങ്ങിയത്.

തിരുവന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് പ്രഫസറായിരുന്ന ഡോക്ടർ രമ ആയിരുന്നു ജ​ഗദീഷിന്റെ ഭാര്യ. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലായിരുന്നു രമ ലോകത്തോട് വിട പറഞ്ഞത്. ഭാര്യയുടെ മരണം തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലുമപ്പുറമായിരുന്നു എന്ന് അദ്ദേഹം ആ സമയത്ത് പറഞ്ഞിട്ടുണ്ട്. ജ​ഗദീഷിന്റെ മക്കളായ രമ്യയും സൗമ്യയും ഡോക്ടർമാരാണ്.