മരണത്തിലും കൂട്ടായി ആ മുപ്പത് പേർ; ഇന്നസെന്റ് അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങൾ കല്ലറയിൽ ആലേഖനം ചെയ്ത് കൊച്ചുമക്കൾ| Innocent | Cemetery
ഒരു നടന്റെ കല്ലറ എങ്ങനെയാവണം എന്നറിയണമെങ്കിൽ ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ദേവാലയത്തിലെ കിഴക്കേ സെമിത്തേരിയിലെ കല്ലറയിൽ പോയി നോക്കണം. ഇവിടെ അദ്ദേഹം അഭിനയിച്ച് മനോഹരമാക്കിയ മുപ്പതോളം കഥാപാത്രങ്ങളെ കൊത്തിവെച്ചിരിക്കുകയാണ് കുടുംബാംഗങ്ങൾ.
ഇന്നസെന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങൾ കല്ലറയിലും കൊത്തിവെച്ചു. ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ദേവാലയത്തിലെ കിഴക്കേ സെമിത്തേരിയിലെ കല്ലറയിൽ അദ്ദേഹം വെള്ളിത്തിരയിൽ അനശ്വരമാക്കിയ 30ൽപരം കഥാപാത്രങ്ങളാണ് പതിപ്പിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റ് ജൂനിയറിന്റെയും അന്നയുടേതുമാണ് ഈ ആശയം.
രണ്ട് ദിസത്തെ അധ്വാനം കൊണ്ടാണ് ഈ ആശയം യാഥാർത്ഥ്യമായത്. അദ്ദേഹം മരിച്ച ഏഴാം ദിവസമായ ഇന്നലെയായിരുന്നു കല്ലറ മനോഹരമാക്കിയത്. ഭാര്യ ആലീസും മറ്റ് കുടുംബാംഗങ്ങളും ഇന്നലെ പള്ളിയിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ മുപ്പത് കഥാപാത്രങ്ങൾക്കൊപ്പം പഴയ സിനിമാ റീലിന്റെ ഒരു മാതൃക കൂടി കല്ലറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാബൂളിവാല, രാവണപ്രഭു, ദേവാസുരം, മിഥുനം, വിയറ്റ്നാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടൻ, കല്യാണരാമൻ, ആറാംതമ്പുരാൻ, ഫാന്റംപൈലി, നമ്പർ 20 മദ്രാസ് മെയിൽ, മണിച്ചിത്രത്താഴ്, വെട്ടം, മനസ്സിനക്കരെ, ഇന്ത്യൻ പ്രണയകഥ, ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്, റാംജിറാവു സ്പീക്കിങ്, മഴവിൽക്കാവടി, സന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, പാപ്പീ അപ്പച്ചാ തുടങ്ങി മുപ്പതോളം കഥാപാത്രങ്ങളാണ് കൊത്തിവെച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട സ്വദേശി രാധാകൃഷ്ണനാണ് ഗ്രാനൈറ്റിൽ ഇത് നിർമിച്ചത് നൽകിയത്. ഇന്നസെന്റിന്റെ ഏഴാം ഓർമദിനമായിരുന്ന ഇന്നലെ അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളും കല്ലറയിലെത്തി പ്രാർഥന നടത്തി. അതേസമയം, ഇന്നസെന്റിന്റെ കല്ലറ കാണാനും പ്രണാമം അർപ്പിക്കാനും നിരവധി ആളുകളാണ് എത്തുന്നത്.
അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇന്നസെന്റ് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. ഹാസ്യ, സ്വഭാവ വേഷങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ മലയാള സിനിമയെ അടക്കി ഭരിച്ച താരമാണ് നമ്മളോട് വിടപറഞ്ഞത്. 18 വർഷം താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റായിരുന്നു. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 2014 മുതൽ 2019 വരെ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.