ആ ചിരി മാഞ്ഞു; നടൻ ഇന്നസെന്റ് ഇനി ഓർമ്മ| Innocent | Passed Away


നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10:45 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സയിലായിരുന്നു അദ്ദേഹം.

മാര്‍ച്ച് മൂന്നിനായിരുന്നു ശാരീരിക അസ്വസ്ഥതകള്‍ കാരണം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്യാന്‍സറിന് നേരത്തെയും ചികിത്സതേടിയ അദ്ദേഹം രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു.

1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റ് ജനിച്ചത്. നിര്‍മ്മാതാവ് എന്ന നിലയിലാണ് സിനിമാ രംഗത്ത് തുടങ്ങിയത്.

ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുന്‍പെ, ഓര്‍മ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. പിന്നീട് അഭിനയരംഗത്തേക്കുവന്ന അദ്ദേഹം ഹാസ്യ വേഷങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധേയനായിരുന്നു.

2014 മെയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജനപ്രതിനിധിയെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിരുന്നു.